തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാത 2025ല്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും പദ്ധതിക്കു സ്ഥലമേറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചു വിശദീകരിക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള സംശയങ്ങള്‍ക്കു വ്യക്തത വരുത്തുന്നതിനുമായാണു ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടി സംഘടിപ്പിച്ചത്. പദ്ധതിക്കെതിരേ ഉയര്‍ന്നിട്ടുള്ള എതിര്‍വാദങ്ങള്‍ കഴമ്പില്ലാത്തതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പിലും പുനരധിവാസത്തിലും യാതൊരു ആശങ്കയും വേണ്ട. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രകാരം 9300ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരുമ്പോള്‍ മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നല്‍കും. പട്ടണങ്ങളില്‍ രണ്ടിരട്ടിയും നല്‍കും. 13,265 കോടി രൂപ നഷ്ടപരിഹാരത്തിനു മാത്രമായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ പുനരധിവാസത്തിന് 1,730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4,460 കോടിയും നല്‍കും. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈന്മെന്റ് നിശ്ചയിച്ച് അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന്റ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്നതരത്തില്‍ പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
63,941 കോടി രൂപയാണു സില്‍വര്‍ലൈനിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ 56,881 കോടി രൂപ അഞ്ചു വര്‍ഷംകൊണ്ടാണു ചെലവാക്കുന്നത്. പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചു കുറഞ്ഞ പലിശയ്ക്കു വായ്പ സ്വീകരിക്കും. കേന്ദ്ര, സംസ്ഥാന വിഹിതവുമുണ്ടാകും. 2025ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി അഞ്ചു പാക്കേജുകളിലായി ഒരേ സമയം നിര്‍മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും പ്രവൃത്തി നടക്കും. രണ്ടു വര്‍ഷംകൊണ്ടു ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകണം. തുടര്‍ന്നുള്ള മൂന്നു വര്‍ഷംകൊണ്ടു പദ്ധതിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കണം.
സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്കു വലിയ ദോഷമുണ്ടാക്കുമെന്ന ചിലരുടെ പ്രചാരണം തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ മറുന്നുള്ള വികസനമല്ല സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്ന ഗതാഗതം റെയില്‍ ആണ്. ഇതുമാത്രമല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യമൃഗ സങ്കേതങ്ങളിലൂടെയും കെറെയില്‍ കടന്നുപോകുന്നില്ല. ഒരു ജലസ്രോതസിന്റെയും സ്വാഭാവിക ഒഴുക്കിനു തടസമുണ്ടാക്കുന്നില്ല. നെല്‍പ്പാടങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും 88 കിലോമീറ്റര്‍ തൂണുകളിലൂടെയാണു പാത കടന്നുപോകുന്നത്. ഇവിടെയും യാതൊരു പരിസ്ഥിതി പ്രശ്നവുമുണ്ടാകില്ല. സില്‍വര്‍ ലൈന്‍ വരുന്നതോടെ 2,80,000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാനാകും. ചരക്കു വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ റോ റോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതു ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ വലിയ കുറവുണ്ടാക്കും. 500 കോടി രൂപയുടെ ഫോസില്‍ ഇന്ധനങ്ങളുടെ കുറവുണ്ടാകുമെന്നാണു പ്രതീക്ഷ.
സില്‍വര്‍ ലൈനില്‍ നിര്‍മിക്കുന്ന എംബാങ്ക്മെന്റ് പ്രളയമുണ്ടാക്കുമെന്ന വാദം യുക്തിക്കു നിരക്കാത്തതാണ്. നിവലിലുള്ള എല്ലാ റെയില്‍വേ ലൈനും ഇങ്ങനെയാണു നിര്‍മിച്ചിട്ടുള്ളത്. അവിടെയില്ലാത്ത പ്രളയം സില്‍വര്‍ ലൈന്‍ ഉണ്ടാക്കുമെന്ന വാദത്തിന് യാതൊരു കഴമ്പുമില്ല. കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. പാതയുടെ ഓരോ 500 മീറ്ററിലും ഓവര്‍ ബ്രിഡ്ജുകളോ അടിപ്പാതകളോ ഉണ്ടാകും. ആകെ ദൂരത്തിന്റെ 25 ശതമാനത്തിലേറെ തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതാണ്.
സംസ്ഥാനത്തു നിലവിലുള്ള റെയില്‍വേ വികസിപ്പിച്ചു പുതിയ റെയിലിനു സമാന നേട്ടമുണ്ടാക്കാമെന്ന പ്രചാരണവും നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മംഗലാപുരം സെക്ഷനില്‍ 19 കിലോമീറ്റര്‍ പാത മാത്രമാണ് ഇനി ഇരട്ടിപ്പിക്കാനുള്ളത്. എന്നാല്‍ റെയില്‍ ഗതാഗതത്തിന്റെ വേഗത പഴയ നിലയില്‍ത്തന്നെയാണ്. തിരുവനന്തപുരത്തുനിന്നു കാസര്‍കോഡ് വരെയുള്ള പാതയില്‍ 626 വളവുകള്‍ ഉണ്ട്. ഇതു നിവര്‍ത്തിയെടുത്തുള്ള വികസനം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രായോഗികമല്ല. റെയില്‍വേ വികസനത്തിനു സില്‍വര്‍ ലൈനിനു വേണ്ടതിനേക്കാള്‍ ഭൂമിയും ആവശ്യമായിവരും. സാധാരണ റെയില്‍വേ ലൈനുകള്‍ക്ക് ഇരു വശവും 30 മീറ്റര്‍ ബഫര്‍ സോണാണെങ്കില്‍ സില്‍വര്‍ ലൈനില്‍ ഇത് അഞ്ചു മീറ്റര്‍ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: