ജൊഹന്നസ്ബര്‍ഗ്: വിജയം ആര്‍ക്കും പിടിക്കാം. ഷര്‍ദുല്‍ താക്കൂറിന്റെ മിന്നുന്ന ബൗളിങ് ഇന്ത്യന്‍ സാധ്യത സജീവമാക്കി. കീഗന്‍ പീറ്റേഴ്സനൊപ്പം മധ്യനിര പിടിച്ചുനിന്നതോടെ ദക്ഷിണാഫ്രിക്കയും വിജയം കാണുന്നു. ഇരുടീമിനും സാധ്യത നല്കി രണ്ടാം ദിനം അവസാനിക്കുമ്പോള്‍ എടുത്തുനിന്നത് ഷര്‍ദുല്‍ താക്കൂറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. സ്കോര്‍: ഇന്ത്യ- 202, 85-2. ദക്ഷിണാഫ്രിക്ക- 229
ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും വിക്കറ്റിനായി പരിശ്രമിച്ചിട്ടും പിടിച്ചുനില്‍ക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ ഷര്‍ദുല്‍ താക്കൂറിന്റെ കൃത്യത ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഏഴു വിക്കറ്റുകളാണ് താക്കൂര്‍ എറിഞ്ഞിട്ടത്. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 27 റണ്‍സ് ലീഡ്. ദക്ഷിണാഫ്രിക്കയെ വലിയ ലീഡില്‍ നിന്നും തടഞ്ഞുനിര്‍ത്തിയതും താക്കൂറിന്റെ ബൗളിങ് മികവാണ്. നായകന് ഡീന്‍ എല്‍ഗര്‍, കീഗന്‍ പീറ്റേഴ്സണ്, റാസി വാന്‍ ഡെര്‍ ഡൂസണ്‍, തെമ്പ ബാവുമ്മ, കൈല്‍ വരെയ്ന്ന, മാര്‍ക്കോ ജാന്സണ് എന്നിവര്‍ താക്കൂറിന് മുന്നില്‍ മുട്ടുമടക്കി.
അര്‍ധസെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്സനാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറര്‍. ആദ്യ ഏഴ് ബാറ്റ്സ്മാന്മാരില് ആറ് വിക്കറ്റും വീഴ്ത്തിയത് താക്കൂറാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. പൂജാര 35 റണ്‍സ് നേടിയിട്ടുണ്ട്. നായകന് കെ.എല്‍. രാഹുല്‍ (എട്ട്), മായങ്ക് അഗര്‍വാള്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 250 റണ്‍സിന് മുകളില്‍ വിജയ ലക്ഷ്യം വയ്ക്കാനാകും ഇന്ത്യ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: