പന്തളം: ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് 12ന് ഉച്ചക്ക് ഒന്നിന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. തിരുവാഭരണം വഹിക്കുന്നവര്‍ക്കും ഇവരുടെ കൂടെ എത്തുന്നവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണം, ലഘു ഭക്ഷണം, താമസ സൗകര്യം ഉള്‍പ്പെടെ അവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. തിരുവാഭരണ ഘോഷായാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രത്യേക പാസ് നല്‍കും. പുല്ല്മേട് പാത യാത്ര യോഗ്യമാക്കാന്‍ വനം വകുപ്പിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. മനോജ് ചരളേല്‍, ജില്ലാ പഞ്ചായത്ത് അംഗം അജയകുമാര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: