കോട്ടയം: പരമത നിന്ദയല്ല, അവനവന്റെ മതം അനുഷ്ഠിക്കുകയാണ് വേണ്ടതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഓരോ വ്യക്തിക്കും രാജ്യത്ത് സ്വന്തം വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ട്. ”നിങ്ങളുടെ മതം അനുഷ്ഠിക്കുക. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപിക്കുന്ന എഴുത്തുകളും പാടില്ല” ഉപരാഷ്ട്രപതി പറഞ്ഞു. മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ 150-ാം ചരമ വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
മറ്റു മതങ്ങളെ പരിഹസിക്കാനും സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ ശരിയല്ല. വിദ്വേഷ പ്രസംഗങ്ങളും എഴുത്തുകളും സംസ്കാരത്തിനും പൈതൃകത്തിനും പാരമ്പര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ധാര്‍മികതയ്ക്കും എതിരാണ്. മതനിരപേക്ഷത ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നും രാജ്യം അതിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്നുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഭാരതീയ മൂല്യസംവിധാനത്തെ ശക്തമാക്കണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഭാരത സംസ്കാരത്തിന്റെ കാതലാണ്. അതിനു വ്യാപക പ്രചാരം ലഭിക്കണം. നമ്മെ സംബന്ധിച്ച് ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോകം ഒരൊറ്റ കുടുംബമാണ്. ആ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാകണം നാം മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: