Categories: Editorial

തലശ്ശേരി കലാപം; സിപിഎമ്മിന്റെ തലയിലുദിച്ചത്

മലപ്പുറം ജില്ല അനുവദിച്ചതിനെതിരായ അമര്‍ഷം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴായിരുന്നു അത്യന്തം പ്രകോപനപരമായ നീക്കങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മതപരമായ ധ്രുവീകരണമുണ്ടാക്കി അന്നത്തെ രാഷ്ട്രീയാന്തരീക്ഷം മുതലെടുക്കാന്‍ സിപിഎം തീരുമാനിച്ചതിന്റെ ഫലമായിരുന്നു തലശ്ശേരി കലാപം.

Published by

തലശ്ശേരി കലാപം നടന്ന് അന്‍പത് വര്‍ഷം പിന്നിടുമ്പോഴും അന്നത്തേതുപോലെ ഇന്നും സങ്കുചിത രാഷ്‌ട്രീയ ലാഭത്തിനു വേണ്ടിയുള്ള കുപ്രചാരണം ഒരു മടിയും കൂടാതെ സിപിഎം തുടരുകയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊന്നിലെ ഈ വര്‍ഗീയ കലാപത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് മുതലെടുക്കാനുള്ള ശ്രമം പിന്നീട് പല ഘട്ടങ്ങളിലും സിപിഎം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ഈ കാപട്യം തുറന്നുകാണിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും സത്യം അംഗീകരിക്കാനുള്ള സഹജമായ വിമുഖത കൊണ്ടും രാഷ്‌ട്രീയ സദാചാരത്തില്‍ വിശ്വസിക്കാത്തതുകൊണ്ടും ജനങ്ങളുടെ സാമാന്യബോധത്തോട് പരമപുച്ഛമായതിനാലും കുപ്രചാരണത്തെ രാഷ്‌ട്രീയായുധമാക്കി സിപിഎം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ‘ഹിന്ദുവര്‍ഗീയ വാദികളായ’ ആര്‍എസ്എസും ജനസംഘവും മതന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ അക്രമമാണ് തലശ്ശേരി കലാപമെന്നും സ്വന്തം സഖാക്കളുടെ ജീവന്‍ ബലി കൊടുത്ത് അതില്‍നിന്ന് മുസ്ലിങ്ങളെ രക്ഷിച്ചത് തങ്ങളാണെന്നുമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണത്തിന്റെ ചുരുക്കം. ഇടതുമുന്നണിക്ക് അധികാരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള മുസ്ലിം തീവ്രവാദികളെ ഒപ്പം നിര്‍ത്തിക്കൊണ്ടുതന്നെ പ്രതിപക്ഷത്തെ മുസ്ലിംലീഗിനെ ഒറ്റപ്പെടുത്താനും കഴിയുമെങ്കില്‍ മറുകണ്ടം ചാടിക്കാനുമാണ് സിപിഎം നോക്കുന്നത്. യുഡിഎഫിനൊപ്പം നില്‍ക്കുന്ന മുസ്ലിംലീഗല്ല, എല്‍ഡിഎഫിനെ നയിക്കുന്ന തങ്ങളാണ് മുസ്ലിങ്ങളുടെ രക്ഷകരെന്ന് വരുത്തിത്തീര്‍ക്കുകയാണ് സിപിഎം.

യഥാര്‍ത്ഥത്തില്‍ പ്രതി വാദിയാവുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. തലശ്ശേരി കലാപം ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല. അത് സവിശേഷമായ ഒരു രാഷ്‌ട്രീയ സാഹചര്യത്തിന്റെ സൃഷ്ടിയായിരുന്നു. 1967ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സപ്തകക്ഷി മുന്നണി മന്ത്രിസഭ അനൈക്യത്തെത്തുടര്‍ന്ന് തകരുകയും, സിപിഐയും മുസ്ലിംലീഗും മുന്‍കയ്യെടുത്ത് സി. അച്ചുതമേനോന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വരികയും ചെയ്തു. അധികാരത്തിനു പുറത്തായതില്‍ കടുത്ത അമര്‍ഷം പൂണ്ട് മുസ്ലിംലീഗിനെതിരെ സിപിഎം നടത്തിയ വര്‍ഗീയ സ്വഭാവമുള്ള പ്രചാരണമാണ് തലശ്ശേരി കലാപത്തിന് കളമൊരുക്കിയത്. 1970ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലീഗ് ഉള്‍പ്പെടുന്ന ഐക്യമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു. തലശ്ശേരിയില്‍ പോലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി തോറ്റു. അച്ചുതമേനോന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വന്ന സര്‍ക്കാരില്‍ രണ്ട് മന്ത്രിമാരെയും സ്പീക്കര്‍ പദവിയും ലഭിച്ചത് ലീഗിനെ കൂടുതല്‍ കരുത്തുറ്റതാക്കി. ഇതോടെ സിപിഎമ്മിന്റെ അമര്‍ഷം രോഷമായി മാറുകയും അത് അണപൊട്ടി ഒഴുകുകയുമാണുണ്ടായത്. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തികച്ചും വര്‍ഗീയമായ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല അനുവദിച്ചതിനെതിരായ അമര്‍ഷം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴായിരുന്നു അത്യന്തം പ്രകോപനപരമായ നീക്കങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മതപരമായ ധ്രുവീകരണമുണ്ടാക്കി അന്നത്തെ രാഷ്‌ട്രീയാന്തരീക്ഷം മുതലെടുക്കാന്‍ സിപിഎം തീരുമാനിച്ചതിന്റെ ഫലമായിരുന്നു തലശ്ശേരി  കലാപം.  

തലശ്ശേരി കലാപത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജോസഫ് വിതയത്തില്‍ കമ്മീഷന്‍ കലാപത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പറയുമ്പോള്‍ സിപിഎമ്മിനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. എകെജിയുടെ നേതൃത്വത്തില്‍ നടന്ന ജീപ്പ് ജാഥ മുസ്ലിങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച കാര്യം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുപ്പതിലേറെ മുസ്ലിം പള്ളികള്‍ ആക്രമിക്കപ്പെട്ടതില്‍ അധികവും സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍ നിലനിന്നവയായിരുന്നു. തകര്‍ക്കപ്പെട്ടതില്‍ സിപിഎം ശക്തി കേന്ദ്രമായ പിണറായിയിലെ പള്ളിയുമുണ്ട്. ഇത് ചെയ്തത് ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടാണ് പള്ളിക്ക് കാവല്‍നിന്ന തങ്ങളുടെ സഖാവ് രക്തസാക്ഷിയായെന്ന് സിപിഎം കള്ളം പ്രചരിപ്പിക്കുന്നത്. ഇപ്പറയുന്ന ‘രക്തസാക്ഷി’ കുഞ്ഞിരാമന്‍ കൂത്തുപ്പറമ്പിലെ ഒരു കള്ളുഷാപ്പിലുണ്ടായ വാക്കുതര്‍ക്കത്തില്‍ മരിക്കുകയായിരുന്നു.  

വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയും അതില്‍ പങ്കാളിയായി അക്രമങ്ങള്‍ നടത്തുകയും ചെയ്തശേഷം മറ്റുള്ളവരെ പഴി പറഞ്ഞ് മുതലെടുക്കുകയാണ് സിപിഎം ചെയ്തത്. സിപിഎം പ്രചരിപ്പിക്കുന്നതുപോലെ തലശ്ശേരി കലാപകാലത്ത് എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കാനുള്ള ശക്തിയൊന്നും ആര്‍എസ്എസിനും ജനസംഘത്തിനും ഉണ്ടായിരുന്നില്ല. നേരെമറിച്ച് കലാപത്തില്‍ സിപിഎമ്മിന്റെ പങ്ക് പത്രപ്രവര്‍ത്തകരോട് ഇഎംഎസ് തന്നെ ഏറ്റുപറഞ്ഞിട്ടുമുണ്ട്. ”കലാപത്തില്‍ ഞങ്ങളുടെ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്” എന്നായിരുന്നു ഇഎംഎസ് സമ്മതിച്ചത്. മതവൈകാരികത വളരെ കൂടുതലുള്ള മുസ്ലിങ്ങളില്‍ ഒരു വിഭാഗം സിപിഎമ്മിന്റെ കെണിയില്‍ വീഴുകയും മുസ്ലിം സംഘടനകള്‍ സിപിഎം പ്രചാരണത്തില്‍ പ്രതിരോധത്തിലാവുകയും ചെയ്യുന്നത് പതിവാണ്. വിജയിക്കുന്ന തന്ത്രമായതിനാല്‍ സിപിഎം ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിനുവേണ്ടി ആര്‍എസ്എസിനെയും ബിജെപിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.  ഈ വിരോധാഭാസം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by