എസ്.കെ ജയകുമാര്‍
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കേരളത്തിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്നത്. 2009-ല്‍ അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച ഒന്‍പതാം ശമ്പള പരിഷ്കരണ കമ്മിഷന് മുതല്‍ എല്ലാ കമ്മിഷനുകളും അതത് സര്‍ക്കാരുകള്‍ക്ക് നല്കിയ ശിപാര്‍ശയാണിത്. എന്നാല്‍ ഇന്നേവരെ ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.
ഒന്നാം പിണറായി സര്‍ക്കാരിലെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് 2017 മുതല്‍ അവതരിപ്പിച്ച എല്ലാ ബഡ്ജറ്റുകളിലും മെഡിസെപ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ അഞ്ചുവര്‍ഷക്കാലവും പദ്ധതി നടപ്പായില്ല. ജീവനക്കാരില്‍ നിന്നും മാസം 250 രൂപ വച്ച് വര്‍ഷം 3000 രൂപ പിരിച്ചെടുത്ത് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് തോമസ് ഐസക്ക് ആദ്യ നാളുകളില്‍ നടത്തിയത്. സര്‍ക്കാര്‍ ഇതിനുവേണ്ടി ടെണ്ടര്‍ വിളിച്ചു. കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത അംബാനിയുടെ റിലയന്‍സിന്റെ കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുത്തക കമ്പനിയുമായി സര്‍ക്കാര്‍ ധാരണയിലെത്തി. ഒരു വര്‍ഷം രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. അതിന്റെ പേരില്‍ ഇടത് സര്‍വ്വീസ് സംഘടനകള്‍ വലിയ പ്രചരണം നടത്തി, ഓഫീസുകളില്‍ മധുരം വിതരണം ചെയ്തു. പക്ഷെ ആശുപത്രികളുടെ ലിസ്റ്റ് പുറത്തുവന്നതോടെ പദ്ധതി തട്ടിപ്പാണെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. കൊള്ളാവുന്ന ഒരു ആശുപത്രിയും സഹകരിക്കാന്‍ തയ്യാറായില്ല. ലിസ്റ്റില്‍ ഉള്‍പ്പെട്ട ആശുപത്രികളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ആശുപത്രികളും ചില സ്പെഷ്യലിസ്റ്റ് ആശുപത്രികളുമായിരുന്നു. എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഈ കരാറില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് 2021 മെയില്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്നതുവരെ മെഡിസെപ്പ് പ്രഖ്യാപനത്തില്‍ ഒതുങ്ങി.
നിലവിലെ നിയമം അനുസരിച്ച് തൊഴിലാളികള്‍ക്കായി ഉടമ ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അവരില്‍ നിന്ന് വിഹിതം ഈടാക്കുന്നത് പോലെ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും ഈ നിയമം പാലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ജീവനക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന മെഡിസെപ്പ് പദ്ധതിയില്‍ സര്‍ക്കാരിനുള്ള റോള്‍ എന്താണെന്ന് ഇന്നും വ്യക്തമല്ല. പുതിയ തീരുമാന പ്രകാരം ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും മാസം 500 രൂപ വീതം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്ത് അവര്‍ക്ക് ഒരു പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഒരു രൂപ പോലും സര്‍ക്കാര്‍ വിഹിതമില്ല. പൊതുമേഖലാ സ്ഥാപനമായ ഓറിയന്റല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു ജീവനക്കാരനില്‍ നിന്ന് 6000 രൂപ ഈടാക്കുന്ന സര്‍ക്കാര്‍, 4800 രൂപയാണ് കമ്പനിക്ക് നല്‍കുന്നത്.
കേരളത്തിലെ ജീവനക്കാരും പെന്‍ഷന്‍കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോര്‍പ്പറേഷനിലെയും ജീവനക്കാരുമടക്കം 12 ലക്ഷം പേരാണ് മെഡിസെപ്പില്‍ അംഗങ്ങളായിട്ടുള്ളത്. 4800 രൂപ വച്ച് ഈ ഇനത്തില്‍ വര്‍ഷം 576 കോടി കമ്പനിക്കു നല്‍കും. ജിഎസ്ടിയായി 18 ശതമാനം കൂടി നല്കുമ്പോള് 680 കോടിയോളം രൂപ കമ്പനിക്ക് ലഭിക്കുന്നു. ഓരോ ജീവനക്കാരും നല്കുന്ന 6000 രൂപയില്‍ ബാക്കി വരുന്ന 336 രൂപ വച്ച് 12 ലക്ഷം പേരില്‍ നിന്ന് കിട്ടുന്ന 40 കോടിയോളം തുക സര്‍ക്കാരിലേക്ക് പോകുന്നു. ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം തുക പിടിച്ചെടുത്ത് കമ്പനിക്ക് നല്‍കുന്നതിന്റെ ദല്ലാള്‍ ഫീസായി 40 കോടി രൂപ സര്‍ക്കാരിന് കിട്ടുന്ന പദ്ധതിയാണ് മെഡിസെപ്പ്. ഇതിനുപുറമേ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം നികുതിയിനത്തില്‍ ലഭിക്കുകയും ചെയ്യും. ഈ പദ്ധതി എങ്ങനെയാണ് സര്‍ക്കാര്‍ പദ്ധതിയാകുന്നത്? സര്‍ക്കാരിന് യാതൊരു ബാധ്യതയും ഇല്ലാത്ത, എന്നാല്‍ ഓരോ വര്‍ഷവും 50 കോടിയിലധികം സര്‍ക്കാരിന് വരുമാനമായി ലഭിക്കുന്ന മെഡിസെപ്പില്‍ ജീവനക്കാരോട് കാണിക്കുന്നത് കടുത്ത വഞ്ചനയാണ്. നിലവില്‍ മെഡിക്കല്‍ റീ ഇംബേഴ്സിനുവേണ്ടി സര്‍ക്കാര്‍ വര്‍ഷംതോറും നീക്കിവയ്ക്കുന്ന 200 കോടി രൂപ കൂടി ലാഭം ഉണ്ടാകുന്ന പദ്ധതിയായി മെഡിസെപ്പിനെ മാറ്റുകയാണ് ഉണ്ടായത്.
കേരളത്തിലെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാര്‍ക്ക് ഒരു വര്‍ഷം 3 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഉറപ്പുനല്‍കുന്നത്. കൊവിഡ് ബാധിച്ച് സ്വകാര്യ ചികിത്സ തേടിയ നിരവധി കുടുംബങ്ങള്‍ക്കുപോലും മൂന്ന് ലക്ഷം രൂപയില്‍ അധികം ചിലവ് വന്ന സാഹചര്യത്തില്‍ ഈ തുക അപര്യാപ്തമാണ്. ജീവനക്കാരില്‍ നിന്നും ഈടാക്കുന്നതിന് തത്തുല്യമായ തുക സര്‍ക്കാരും നല്കി ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപ പരിരക്ഷയുള്ള മെഡിസെപ്പ് നടപ്പിലാക്കണമെന്ന ഉറച്ച നിലപാടാണ് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) ഇക്കാര്യത്തിലുള്ളത്. ഒപി ചികിത്സ പരിരക്ഷയില്‍ ഉള്‍പ്പെടുത്താത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അസുഖബാധിതരായി ഒപിയില്‍ എത്തുമ്പോഴണ് കൂടുതലും ടെസ്റ്റ് നടത്തേണ്ടിവരുന്നത്. ഒപി ചികിത്സ കൂടി മെഡിസെപ്പിന്റെ പരിധിയില്‍ കൊണ്ടുവരാത്തത് കമ്പനിയുടെ താല്പര്യം സംരക്ഷിക്കാനാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഏറെ ആശങ്ക ഉണ്ടായിട്ടുണ്ട്. ഒരേ വീട്ടില്‍ ഒന്നില്‍ കൂടുതല്‍ ജീവനക്കാരുള്ളപ്പോള്‍ എല്ലാവരില്‍ നിന്നും തുക ഈടാക്കുന്നതും അനീതിയല്ലേ? ജീവനക്കാരുടെ ആശ്രിതരായി കഴിയുന്ന അംഗപരിമിതരായ സഹോദരങ്ങള്‍ക്ക് പോലും പരിരക്ഷ ലഭിക്കുന്നില്ല. മെഡിസെപ്പ് നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളുമായി ചര്‍ച്ചപോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മെഡിസെപ്പിന്റെ പൊള്ളത്തരം പുറത്തുവരുമെന്ന പേടിയാണ് സര്‍ക്കാരിന്. 50 രൂപയില്‍ തുടങ്ങിയ ജീവനക്കാരുടെ അപകട ഇന്‍ഷുറന്‍സിന്റെ തുക വര്‍ധിക്കാതെ തന്നെ പ്രീമിയം തുക ഇതിനകം 10 ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ഇത് മെഡിസെപ്പിലും സര്‍ക്കാര്‍ തുടരുമെന്ന് ജീവനക്കാര്‍ ഭയപ്പെടുന്നു. അഞ്ഞൂറ് രൂപയെന്നത് കമ്പനിയുടെ താല്പര്യത്തിന് അനുസരിച്ച് കൂട്ടാന്‍ സര്‍ക്കാര്‍ പിന്നീട് തയ്യാറാകും. ഈ സാഹചര്യമെല്ലാം ചര്‍ച്ച ചെയ്യാതെ മെഡിസെപ്പ് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്. മെഡിസെപ്പ് പദ്ധതിയെ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ പദ്ധതിയായി അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: