ന്യൂദല്‍ഹി: കണ്ണൂരില്‍വെച്ച് മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ്. പാലക്കാട് ഡിവിഷണല്‍ മാനേജറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. എന്ത് തെറ്റിന്റെ പേരിലായാലും യാത്രക്കാരനെ മര്‍ദ്ദിക്കാന്‍ പാടില്ലായിരുന്നുവെന്നും സംഭവം അപലപനീയമാണെന്നും പി.കെ. കൃഷ്ണദാസ് പ്രതികരിച്ചു
കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന് ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയത്. എഎസ്ഐ പ്രമോദ് ആണ് മര്‍ദനത്തിനു നേതൃത്വം നല്‍കിയത്. ഇയാള്‍ മാനസികരോഗിയാണോ അതോ മദ്യപിച്ചെത്തിയതാണോ എന്ന് വ്യക്തമല്ല. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരന് ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരന് പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ എസ്പി ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന് യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന് മറുപടി നല്കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന് ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന് പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് മര്‍ദ്ദനമുണ്ടായത്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: