ശബരിമല: ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് നട തുറന്നതിന് പിന്നാലെ വരുമാനം അഞ്ചു കോടി കവിഞ്ഞു. നട തുറന്ന ആദ്യ മൂന്നു ദിവസത്തെ വരുമാനമാണിത്. ആദ്യ ദിവസം മാത്രം രണ്ട് കോടിക്കടുത്തായിരുന്നു വരുമാനം. നടതുറന്നതിന് ശേഷം ശരാശരി ഏകദേശം നാല്‍പ്പതിനായിരം പേരാണ് ദര്‍ശനത്തിനെത്തുന്നത്.
മകരവിളക്ക് കൂടി ദര്‍ശിച്ച് മടങ്ങാനായി വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് പകല്‍ സമയങ്ങളിലും വിരിവയ്ക്കാന്‍ അനുമതി നല്കി. പരമാവധി 12 മണിക്കൂര്‍ മാത്രമേ വിരിവയ്ക്കാന്‍ അനുവദിക്കൂ.
പരമാവധി തീര്‍ഥാടകര്‍ക്ക് മകരജ്യോതി ദര്‍ശിക്കാന്‍ സാഹചര്യമൊരുക്കാനാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി ദര്‍ശനം അനുവദിക്കും. നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ഇടുക്കി ജില്ലയിലെ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുപാറ എന്നിവിടങ്ങളിലും ദര്‍ശന സൗകര്യമൊരുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക സര്‍ക്കാരാകും.
കാനനപാതയില്‍ തീര്‍ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിലും മാറ്റംവരുത്തി. ഒരു മണിക്കൂര്‍ കൂടി അധിക സമയം അനുവദിച്ചു. കൂടുതല്‍ തീര്‍ത്ഥാടകരുടെ വരവ് കണക്കിലെടുത്ത് ചെങ്ങന്നൂര്‍, എറണാകുളം, തിരുവനന്തപുരം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകളും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: