തിരുവനന്തപുരം: ലോക പ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രത്തിന് വിളിപ്പാടകലെ അനധികൃതമായി പ്രവര്‍ത്തിച്ച ആക്രി ഗോഡൗണിന് തീ പിടിച്ചത്. ആറ്റുകാല്‍ ക്ഷേത്ര ഉത്സവസമയത്ത് ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണ് ബണ്ട് റോഡ്.
ഇവിടെയാണ് 12 ഓളം അനധികൃത ആക്രിക്കടകള്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. സമീപവാസികളും നാട്ടുകാരും നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ഗോഡൗണ്‍ പ്രവര്‍ത്തനം നിര്‍ത്താനോ നിയന്ത്രിക്കാനോ ഉടമയായ സുല്‍ഫി കൂട്ടാക്കിയിരുന്നില്ല. റോഡിന്റെ മധ്യഭാഗം വരെ ആക്രിസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചു. ക്ഷേത്രം, സ്കൂളുകള്‍, ആശുപത്രി തുടങ്ങിയ സ്ഥിതിചെയ്യുന്ന സുരക്ഷിത മേഖലയിലാണ് അനധികൃത ആക്രസ്ഥാപനം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയം.
സുല്ഫിയുടെ ഉമസ്ഥതയില്‍ തന്നെ ലൈസണ്‍സില്ലാതെ മൂന്ന് ആക്രിഗോഡൗണുകള് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസണ്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗോഡൗണിന് നേരെ കോര്‍പ്പറേഷന്റെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ഉടമയ്ക്ക് കോര്പ്പറേഷന് ഭരണസമിതിയിലുള്ള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഇടത് കൗണ്‍സിലറുടെ സഹായത്തോടെയാണ് അനധികൃത ആക്രിക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ആക്രിസാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് അര്‍ത്ഥ രാത്രികളിലാണ്. അതു കൊണ്ടു തന്നെ സമീപവാസികള്‍ക്ക് തകരപാട്ടകളുടെ ശബ്ദം കാരണം ഉറങ്ങാന്‍ സാധിക്കാറില്ല. ഗോഡൗണിന്റെ മതില് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോഴും ഉടമ അനങ്ങിയില്ലെന്നും ഒടുവില്‍ നാട്ടുകാരാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അനധികൃത ഗോഡൗണില്‍ മുമ്പ് തലനാഴിരയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അഗ്നിക്കിരയായ ഗോഡൗണില്‍ മുമ്പ് ഗ്യാസ് ചോര്‍ന്നതായി സമീപ വാസിയായ സൗമ്യ പറയുന്നു. ആക്രിസാധനങ്ങള്‍ക്കൊപ്പം ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറും തള്ളിയിരുന്നു. ഗ്യാസ് ഗന്ധം പ്രദേശമാകെ പടര്‍ന്നതോടെ അയല്‍ വീടുകളില്‍ തിരക്കി. എന്നാല്‍ അവിടെയൊന്നും ഗ്യാസ് ചോര്‍ച്ച കണ്ടെത്താനായില്ല. പിന്നീടാണ് ഗോഡൗണിലാണെന്ന് തിരിച്ചറിഞ്ഞത്. ഒടുവില്‍ നനഞ്ഞ തുണി മൂടിയാണ് ഗ്യാസ് ചോര്‍ച്ച തടഞ്ഞതെന്ന് സൗമ്യ പറയുന്നു.
ഗോഡൗണിനെതിരെ വ്യാപക പരാതിയാണ് സമീപവാസികള്‍ക്ക്. ലൈന്‍സില്ലാതെയാണ് പ്രവര്‍ത്തനം. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. രാത്രിയില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ലോഡ്മായി പോകുന്നു. ശബ്ദം കാരണം സമാധാനമായി ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതി. ജനങ്ങള്‍ തിങ്ങിപ്പാര്ക്കുന്നതിനിടയില് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
അനധികൃത ആക്രക്കടകള് പ്രവര്‍ത്തിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കോര്‍പ്പറേഷനെന്ന് നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത്കുറ്റപ്പെടുത്തി.. ബണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്നത് അനധികൃത ആക്രിക്കടകളാണ്. ലൈസണ്സില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കോര്പ്പറേഷന് ഭരണസമിതി ഒരു നടപടിയും കൈകൊള്ളുന്നില്ല. നഗരസഭയുടെ ഹെല്‍ത്ത് വിഭാഗമാണ് അനധികൃത സ്ഥാപനങ്ങള്‍ പൂട്ടിക്കേണ്ടത്. എന്നാല്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ ഒത്താശയും പിന്‍ഭാഗത്തുകൂടി ചെയ്തു നല്‍കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നും കരമന അജിത്ത് കുറ്റപ്പെടുത്തി.
അപകടം നടന്ന ബണ്ട് റോഡില്‍ കിള്ളിയാറ് കൈയേറി നിരവധി കടകളാണ് പ്രവര്‍ത്തിക്കുന്നത്. റോഡ് ഉള്‍പ്പടെ കൈയേറി ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നഗരസഭ ടിസി നല്‍കിയിരിക്കുന്ന കെട്ടിടങ്ങളില്‍ പലതും അനധികൃത കെട്ടിടങ്ങള്‍ക്കാണ്. അര സെന്റ് ഭൂമിയുള്ള ഗ്ലാസു കട ഉടമ 20 സെന്റാണ് കൈയേറിയിരിക്കുന്നത്. അനധികൃത ആക്രിക്കടയ്ക്ക് പുറമെ ഗ്ലാസ് കടകളും ബണ്ട് റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കരമന അജിത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: