കാഞ്ഞിരപ്പള്ളി: വര്‍ഷങ്ങളായി അധികൃതര്‍ക്ക് ഒരേ പല്ലവി തന്നെ. കാഞ്ഞിരപ്പള്ളിയിലെ ബൈപ്പാസുകള്‍ ഉടന്‍ ശരിയാകും. കാഞ്ഞിരപ്പള്ളിക്കാര് ഇന്ന് ഈ വാക്കുകള്‍ക്ക് ഒരുവിലയും കല്‍പ്പിക്കുന്നില്ല. അവരിത് എത്രയോ വര്‍ഷങ്ങളായി കേള്‍ക്കുന്ന കാര്യമാണ്.
രണ്ട് ബൈപ്പാസുകളാണ് കാഞ്ഞിരപ്പള്ളിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്നു സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള മെയിന്‍ ബൈപ്പാസും ത്രിതല പഞ്ചായത്തുകളുടെ ഫണ്ട്, എംപി, എല്‍എല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് ചിറ്റാര്‍പുഴയോരത്തുകൂടി മിനി ബൈപ്പാസും.
അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയായിരിക്കെയാണ് മെയിന്‍ ബൈപ്പാസിന് തുടക്കമിട്ടത്. 2007-08ല്‍ സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 9.2 കോടി രൂപ അനുവദിച്ച് തുടക്കമിട്ടതാണ് ബൈപ്പാസ് പദ്ധതി. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിന്നു മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും കുറകെ പാലം നിര്‍മിച്ച് ടൗണ്‍ ഹാളിന് സമീപത്ത് കൂടി പൂതക്കുഴിയില്‍ ദേശീയപാതയില്‍ പ്രവേശിക്കുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. 1.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസില്‍ ഒരു പാലവും അഞ്ച് കലുങ്കുകളും നിര്‍മിക്കും.
ശരാശരി 15 മുതല്‍ 20 മീറ്റര്‍ വരെയായിരിക്കും വീതി. എന്നാല്‍, വേണ്ടരീതിയില്‍ നടപടിക്രമങ്ങള്‍ നടക്കുന്നില്ലെന്നാണ് ആരോപണം. വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.മിനി ബൈപ്പാസ് നിര്‍മാണവും ചലനമറ്റ നിലയിലാണ്. നിലവില്‍ കാടുകയറിയ നിലയിലാണ് മിനി ബൈപ്പാസ്.
2011ല്‍ പദ്ധതി തയാറാക്കി 2012ല്‍ ചിറ്റാര്‍ പുഴയുടെ ഒരു വശവും പുഴയോട് ചേര്‍ന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണ് മിനി ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ചത്. സംരക്ഷണ ഭിത്തി കെട്ടിയെടുത്ത് നിര്‍മിച്ച വഴിയാണ് ഇപ്പോള്‍ കാടുകയറി നശിക്കുന്നത്. പൂര്‍ണമായ രൂപരേഖ ഇല്ലാതെ നിര്‍മാണം ആരംഭിച്ചതാണ് പദ്ധതി പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണം. ലോക ബാങ്കിന്റെയും ധനകാര്യ കമ്മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണു പണികള്‍ ആരംഭിച്ചത്. 1.20 കോടി രൂപ ചെലവഴിച്ചെങ്കിലും ചിറ്റാര്‍പുഴയുടെ ഓരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്.
പേട്ടക്കവലയില്‍ നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയോരത്തു കൂടി ടൗണ്‍ ഹാളിനു സമീപത്ത് കുരിശുങ്കല്‍ ജങ്ഷനില്‍ മണിമല റോഡിലെത്തുന്നതാണ് പദ്ധതി. എന്നാല്‍, നടുഭാഗത്തു നിന്നു ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഇരുവശങ്ങളിലും എത്തിപ്പെടാതെ പാതിവഴിയില്‍ നിലച്ചു കിടക്കുകയാണ്. ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ച് ദേശീയ പാതയില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയും നിയമകുരുക്കുകള് ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: