പത്തനംതിട്ട: ക്രിസ്തുമസ് അവധിക്കാലം കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതോടെ വരാനിരിക്കുന്നത് പരീക്ഷകളുടെ പെരുമഴക്കാലം. സ്കൂള്‍ നാളെ തുറന്നാല്‍ ചെറിയ ഇടവേളയ്ക്കുശേഷം തുടര്‍ച്ചയായി പരീക്ഷകള്‍ വരികയാണ്. ജനുവരി 31 മുതല്‍ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയും ഫെബ്രുവരി 21 മുതല്‍ രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകളും നടക്കും.
മാര്‍ച്ച് 16 മുതല്‍ രണ്ടാം വര്‍ഷ മാതൃകാ പരീക്ഷകളും തുടര്‍ന്ന് മാര്‍ച്ച് 30 മുതല്‍ പ്ലസ്ടു പൊതു പരീക്ഷയും നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒകേ്ടാബര്‍ 18ന് ഒന്നാം വര്‍ഷ പരീക്ഷ കഴിഞ്ഞ് നവംബര്‍ 1ന് മാത്രം രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ച പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 3 ദിവസം ഉച്ചവരെയുള്ള ക്രമത്തില്‍ മാത്രമാണ് ഇതുവരെ അധ്യയനം നടന്നത്. ശരാശരി ഒരു വിദ്യാര്‍ഥിക്ക് ഇരുപതില്‍ താഴെ മാത്രം ദിവസമാണ് സ്കൂളില്‍ ഹാജരാകാനായത്. മുന്‍വര്‍ഷത്തെ നാല്‍പ്പത് ശതമാനത്തില്‍ നിന്നും ഇത്തവണ സിലബസിന്റെ അറുപത് ശതമാനമായി ഫോക്കസ് ഏരിയാ ഉയര്‍ത്തിയിട്ടുണ്ട്. ഇതു പ്രകാരമുള്ള പാഠഭാഗങ്ങള്‍ ആസ്പദമാക്കി രണ്ടാം വര്‍ഷ പൊതു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ പൊതു പരീക്ഷക്കു മുമ്പായി അനവധി പരീക്ഷകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 4 വരെയുള്ള പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഏതാണ്ട് മുഴുവന്‍ കുട്ടികളും ഹാജരാവും. ശേഷം അധ്യാപകര്‍ ഈ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനു പോകേണ്ടിവരും. വിഎച്ച്എസ് വിഭാഗത്തിന് ഫെബ്രുവരി 16 മുതലും ഹയര്‍ സെക്കന്‍ഡറിയില്‍ 21 മുതലും രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകള്‍ ആരംഭിക്കുമെന്നാണ് വകുപ്പ് പറയുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയുടെ സ്കീമോ പരീക്ഷാ രീതിയോ ഇതുവരെയും തീരുമാനിച്ചിട്ടില്ല. അതിനാല്‍ കുട്ടികളുടെ പ്രായോഗിക പഠനവും റെക്കോര്‍ഡ് വര്‍ക്കുകളും ഇപ്പോള്‍ ത്രിശങ്കുവിലുമാണ്. സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെല്ലാം പ്രായോഗിക പരീക്ഷകളുണ്ട്.
പ്രായോഗിക പഠനങ്ങള്‍ക്കായി ലാബില്‍ കയറാന്‍ പോലും കഴിയാതെയാവും കുട്ടികള്‍ നിലവിലെ ടൈം ടേബിള്‍ പ്രകാരം പരീക്ഷയ്ക്ക് ഹാജരാവേണ്ടി വരിക. കഴിഞ്ഞ വര്‍ഷം തിയറി പരീക്ഷകള്‍ക്കു ശേഷമാണ് പ്രായോഗിക പരീക്ഷകള്‍ നടന്നത്. പ്രായോഗിക പരീക്ഷകള്‍ കഴിയുന്നതോടെ മാര്‍ച്ച് മാസം പകുതിയില്‍ രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷയ്ക്കും മാര്‍ച്ച് 30 മുതല്‍ രണ്ടാം വര്‍ഷ പൊതു പരീക്ഷയ്ക്കും കുട്ടികള്‍ ഹാജരാവേണ്ടി വരും. ഇതിനിടയില്‍ എങ്ങനെ പഠനം നടക്കുമെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അറിയില്ല. റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു. ക്ലാസ് തുടങ്ങിയ സമയത്തു തന്നെ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കഴിയുമായിരുന്നു.
ഏറെ വൈകി പ്രസിദ്ധീകരിച്ച ഫോക്കസ് ഏരിയയുടെ പകുതി പോലും വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള സമയം ലഭ്യമല്ലാതിരിക്കെയാണ് അധ്യയന സമയം കവര്‍ന്നെടുത്തു കൊണ്ടുള്ള പ്രായോഗിക പരീക്ഷകളടക്കം ഫെബ്രുവരി മാസത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷകളുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപക സംഘടനകളുമായി പ്രായോഗിക വശങ്ങള് ചര്‍ച്ച ചെയ്യാതെ എടുക്കുന്ന ഏകപക്ഷീയവും അപ്രായോഗികവുമായ തീരുമാനങ്ങള്‍ നാലര ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ ഒന്നടങ്കം ബാധിക്കുന്നതാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: