തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപം തീര്‍ഥപാദമണ്ഡപത്തിന് മുന്നില്‍ മദ്യപന്മാരുടെ സത്കാരം. ഒട്ടു മിക്ക ദിവസങ്ങളിലും ഇവിടം മദ്യപാനികളുടെ വിഹാരകേന്ദ്രമാകുന്നു. തീര്‍ഥാപാദമണ്ഡപവും അനുബന്ധമായുള്ള ചട്ടമ്പിസ്വാമി സ്മാരകവും ഇരുട്ടിന്റെ മറവില്‍ പിടിച്ചടക്കിയ സര്‍ക്കാര്‍ അവിടെ മദ്യപന്മാരുടെ വിരുന്നുകേന്ദ്രമാക്കി മാറ്റുന്നതിന് കൂട്ടുനില്‍ക്കുന്നെന്ന ആക്ഷേപമാണ് ഉയരുന്നത്.
അതീവസുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് തൊട്ടുമുന്നിലായാണിതെന്നത് ഗുരുതര സുരക്ഷാവീഴ്ചയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. തീര്‍ഥപാദമണ്ഡപത്തിലെ ചട്ടമ്പിസ്വാമിക്ഷേത്രത്തില്‍ ആരാധന നടത്താതിരിക്കാന്‍ പോലീസുകാരുടെ വന്‍പടയെ വിന്യസിച്ച സര്‍ക്കാര്‍ തന്നെയാണിപ്പോള്‍ പോലീസിനെ നോക്കുകുത്തിയാക്കി അവിടെ മദ്യപന്മാരുടെ സുരക്ഷിതതാവളമൊരുക്കുന്നത്.
തീര്‍ഥപാദമണ്ഡപത്തിലേക്ക് ഉണ്ടായിരുന്ന വാതിലുകള്‍ ബന്ധിച്ച നിലയിലാണ്. അതിന് മുന്നിലായാണ് പാഴ്‌വസ്തുക്കളും രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇളക്കിമാറ്റിയ കൊടിമരങ്ങളും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുന്നത്. മുന്നില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡായി ഉപയോഗിക്കുന്നതിനാല്‍ മദ്യപന്മാര്‍ക്ക് അതൊരു മറയായി മാറുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടുതലാണ്. കേരളത്തിനകത്തും പുറത്തും നിന്നും തീര്‍ഥാടകര്‍ എത്തുന്നുണ്ട്. രാത്രികാലങ്ങളില്‍ എത്തുന്നവര്‍ ഫുട്പാത്തുകളില്‍ വിരി വയ്‌ക്കാറുണ്ട്. മദ്യപന്മാര്‍ ഇവരെ അസഭ്യം പറയുന്നതായും ആക്ഷേപം ഉയരുന്നു. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായും ഉപയോഗിച്ച മദ്യക്കുപ്പികള്‍ ചട്ടമ്പിസ്വാമിക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്ന് വലിച്ചെറിഞ്ഞിരിക്കുന്നു. പൊട്ടിയ ചില്ലുകളും ചിതറിക്കിടക്കുന്നുണ്ട്.
വിദ്യാധിരാജ സഭാ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തീര്‍ഥപാദമണ്ഡപവും ചട്ടമ്പിസ്വാമിക്ഷേത്രവും ഉള്‍പ്പെടുന്ന 65 സെന്റ് സ്ഥലം റവന്യൂ അധികാരികള്‍ ബലംപ്രയോഗിച്ച് കയ്യേറുകയായിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പാത്രക്കുളമായിരുന്ന സ്ഥലമാണെന്ന് പറഞ്ഞായിരുന്നു കയ്യേറ്റം. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് സുപ്രീംകോടതി പുതിയ ഭരണക്രമം നിശ്ചയിച്ചിട്ടും റവന്യൂ അധികാരികള്‍ കയ്യേറിയ സ്ഥലം വിദ്യാധിരാജസഭ ട്രസ്റ്റിനോ ക്ഷേത്രത്തിനോ നല്‍കാന്‍ തയ്യാറാകാതെ സാമൂഹ്യവിരുദ്ധര്‍ക്ക് ഒളിസങ്കേതമാക്കിമാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക