ന്യൂദല്‍ഹി: നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്ന എട്ട് ഇടനാഴികള്‍ക്ക് പുറമെ നാല് അതിവേഗ റെയില്‍ ഇടനാഴികള്‍ കൂടി ദേശീയ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വേ. മുംബൈ – സൂറത്ത് – വഡോദര – അഹമ്മദാബാദ്, ഡല്‍ഹി – നോയിഡ – ആഗ്ര – കാണ്‍പൂര്‍ – ലഖ്നൗ – വാരണാസി, ഡല്‍ഹി – ജയ്പൂര്‍ – ഉദയ്പൂര്‍ – അഹമ്മദാബാദ്, മുംബൈ – നാസിക് – നാഗ്പൂര്‍, മുംബൈ – പൂനെ – ഹൈദരാബാദ്, ചെന്നൈ – ബാംഗ്ലൂര്‍ – മൈസൂര്‍, ഡല്‍ഹി – ചണ്ഡിഗഡ് – ലുധിയാന – ജലന്ധര്‍ – അമൃത്സര്‍, വാരണാസി – പട്ന – ഹൗറ എന്നിവയാണ് നിര്‍ദ്ദിഷ്ട എട്ട് ഇടനാഴികള്‍.
ഇതിനു പുറമേയാണ് 618 കിലോമീറ്റര്‍ നീളമുള്ള ഹൈദരാബാദ് – ബാംഗ്ലൂര്‍, 855 കിലോമീറ്റര്‍ നീളമുള്ള നാഗ്പൂര്‍ – വാരണാസി, 850 കിലോമീറ്റര്‍ നീളമുള്ള പട്ന – ഗുവാഹത്തി, 190 കിലോമീറ്റര്‍ നീളമുള്ള അമൃത്സര്‍ – പത്താന്‍കോട്ട് – ജമ്മു അതിവേഗ റെയില്‍ ഇടനാഴികള്‍ കൂടി 2022 ലെ ദേശീയ റെയില്‍ പദ്ധതി പ്രകാരം നിര്ദ്ദേശിക്കപ്പെടുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചത്.
നിലവില്‍, മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതി മാത്രമാണ് നിര്‍മ്മാണത്തിലുള്ളത്. ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 508 കിലോമീറ്റര്‍ നീളമുള്ള ആദ്യത്തെ അതിവേഗ റെയില്‍ (HSR) ശൃംഖലയാണ് ഈ പദ്ധതി. 508 കിലോമീറ്ററില്‍ 352 കി.മീ ഗുജറാത്തിലും (348 കി.മീ), ദാദ്ര നഗര്‍ ഹവേലിയിലും (നാല് കി.മീ) ബാക്കി 156 കി.മീ മഹാരാഷ്ട്രയിലാണ്.
യഥാക്രമം 98 ശതമാനവും 100 ശതമാനവും ഭൂമി ഏറ്റെടുത്ത ഗുജറാത്തിലും ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 40 ശതമാനമാണ് ഭൂമിയേറ്റെടുക്കല്‍. കൂടാതെ, അംഗീകൃത ഡല്‍ഹി – വാരണാസി, ഡല്‍ഹി – അഹമ്മദാബാദ്, മുംബൈ – നാഗ്പൂര്‍, ഡല്‍ഹി – അമൃത്സര്‍, മുംബൈ – ഹൈദരാബാദ്, ചെന്നൈ – മൈസൂര്‍ ഇടനാഴികളെക്കുറിച്ചുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: