തൃശ്ശൂര്‍: നഗരത്തില്‍ ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാര്‍ക്കറ്റുകളില്‍ വേതന വര്‍ധനവ് സംബന്ധിച്ച് ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മില്‍ തര്‍ക്കം. 17 ശതമാനം വേതനം വര്‍ധിപ്പിച്ചുള്ള ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് നടപ്പിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പരിഷ്കരിച്ച വേതനം നല്കാന് നിലവില്‍ സാധിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ഒരു വിഭാഗം വ്യാപാരികളെടുത്തിട്ടുള്ള നിലപാടിനെ തുടര്‍ന്ന് മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്തംഭനത്തിനും സംഘര്‍ഷത്തിനും കാരണമായി .
കൂലി വര്‍ധനവ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നാളെ മുതല്‍ കയറ്റിറക്ക് നടത്തില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ഇതോടെ മാര്‍ക്കറ്റുകളില്‍ വ്യാപാരം നടക്കില്ല. വേതന വര്‍ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരമാരംഭിക്കാനുള്ള നീക്കത്തിലാണ് തൊഴിലാളികള്‍. മൂന്ന് മാര്‍ക്കറ്റുകളിലുമായി ഭരണപക്ഷ-പ്രതിപക്ഷ യൂണിയനുകളിലടക്കം 500 ഓളം ചുമട്ടുതൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തൊഴിലാളികള്‍ സമരം ആരംഭിച്ചാല്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും.
അശാസ്ത്രീയവും ഏകപക്ഷീയവുമായാണ് കൂലി വര്‍ധിപ്പിച്ചതെന്ന് വ്യാപാരി സംഘടനകള്‍ പറയുന്നു. വേതനം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച നടപടി ഇതുവരെ ഉണ്ടാകാത്ത സംഭവമാണ്. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റുകള്‍ മാസങ്ങളോളം അടച്ചിട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ഒരിടത്തും വേതന വര്‍ധനവ് ഉണ്ടായിട്ടില്ല. വ്യാപാരം കാര്യമായി നടക്കാത്തത് കണക്കാക്കാതെയാണ് ഒറ്റയടിക്ക് ഭീമമായ തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ വേതനം വര്‍ധിപ്പിച്ചാല്‍ ആറു മാസത്തിന് ശേഷം വീണ്ടും വര്‍ധനവ് നടപ്പാക്കേണ്ടതുണ്ട്.
ജൂണില്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അറിയിച്ചെങ്കിലും ഇതിന് വഴങ്ങാതെയാണ് ഏകപക്ഷീയമായി വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചതെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് പറഞ്ഞു.
ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാര്‍ക്കറ്റുകളില്‍ ഒന്നര വര്‍ഷമായി ചുമട്ടുതൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധിപ്പിച്ചിട്ടില്ലന്നും നിയമവ്യവസ്ഥയെ വ്യാപാരികള്‍ വെല്ലുവിളിക്കുകയാണെന്നും തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു. മാര്‍ക്കറ്റുകളില്‍ ചുമട്ടു തൊഴിലാളി യൂണിയനുകളും വ്യാപാരികളും തമ്മിലുണ്ടാക്കിയ വേതന കരാറിന്റെ കാലാവധി 2020 ഫെബ്രുവരി ആറിന് അവസാനിച്ചിരുന്നു. പരിഷ്കരിച്ച വേതനം ലഭിക്കുന്നതിനായി ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുമായി നാലു തവണ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് തൊഴിലാളി യൂണിയനുകള്‍ പരാതി നല്കി. അസി.ലേബര്‍ ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഏഴ് തവണ ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികളുടെ നിഷേധാത്മക നിലപാട് മൂലം ചര്‍ച്ചകള്‍ വീണ്ടും പരാജയപ്പെട്ടുവെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു.
ഇതേ തുടര്‍ന്നാണ് 2022 ജനുവരി ഒന്ന് മുതല്‍ നിലവിലെ വേതനത്തില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിപ്പിച്ച് വിതരണം ചെയ്യാന്‍ 2021 ഡിസംബര്‍ 15ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിട്ടത്. 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ആറു മാസത്തെ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിച്ച വേതനം നല്‍കണമെന്നാണ് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ്. എന്നാല്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ഡിഎല്‍ഒയുടെ ഉത്തരവ് പ്രകാരമുള്ള പരിഷ്കരിച്ച വേതനം വിതരണം ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഒരു വിഭാഗം വ്യാപാരികള്‍ എടുത്തിട്ടുള്ളതെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജനറല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) പ്രസിഡന്റ് എം.കെ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറി കെ.എന്‍ വിജയനും ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.
വ്യാപാരികള്‍ ധര്‍ണ നടത്തി
തൃശ്ശൂര്‍: സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ജില്ലാ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ജോയ് പ്ലാശേരി അധ്യക്ഷത വഹിച്ചു. ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി ആന്‍ഡ്രൂസ് മഞ്ഞില, ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി പി.വി സുബ്രഹ്മണ്യന്, ജില്ലാ മര്‍ച്ചന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എ.കെ ഡേവിസ്, കെ.എം ശിവദാസ്, സേവ്യര്‍ചിറയത്ത്, ഷിബു മഞ്ഞളി, സിജോ ചിറക്കേക്കാരന്‍, ജോഷി തേറാട്ടില്‍ ടി.പി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: