മന്നത്ത് പത്മനാഭന്‍പറഞ്ഞത്…
പട്ടണപ്രദേശങ്ങളെക്കാള്‍ ഞാന്‍ ഈമാതിരി ഗ്രാമങ്ങള്‍ ഇഷ്ടപ്പെടുന്നു. ഒരു വിദ്യാശാല ഒരു നാടിനെ എങ്ങനെ ഭേദപ്പെടുത്തും എന്നുള്ളതിന് തെളിവാണ് ഇവിടെ തീര്‍ത്ത ഈ പള്ളിക്കൂടം. ഇതിന്റെ പണി അവര്‍ പൂര്‍ത്തിയാക്കി. അറുപത് വീട്ടുകാര്‍ മാത്രമുള്ള ഒരു ഗ്രാമത്തില്‍ ഇത്ര മനോഹര വിദ്യാലയവും അനുയോജ്യമായ പരിസരവും ഉണ്ടാക്കി. മഹാത്മാഗാന്ധി കോളജിനെപ്പറ്റി സ്മരിക്കുമ്പോഴുള്ള ബഹുമാനത്തില്‍ കുറയാത്ത ബഹുമാനമുണ്ട് ഈ സ്കൂളിനെപ്പറ്റി ഓര്‍ക്കുമ്പോള്‍. ഈ സ്കൂള്‍ നിര്‍മ്മിച്ച ചരിത്രം ഓര്‍ക്കുമ്പോള്‍ ഇവിടെ സമുദായഭിന്നതയുണ്ടെന്ന് രാഷ്ട്രീയത്തില്‍ മുതലെടുക്കാന്‍ ചിലര്‍ പറയുന്നതല്ലേ എന്നു തോന്നിപ്പോകുന്നു”.
ഇന്ന് എന്റെ ജന്മനക്ഷത്രമാണ്. ഞാന്‍ എന്റെ ജന്മനാള് ആഘോഷിച്ചിട്ടില്ല. അമ്മയുണ്ടായിരുന്നപ്പോള്‍ കുട്ടിക്കാലത്ത് പിറന്നാള്‍ ദിവസം സഹോദരങ്ങളും ഒരുമിച്ചിരുന്ന് വീട്ടിലുള്ളതു കഴിച്ചിട്ടുണ്ട്. ഇന്നത്തെ ചെറുപ്പക്കാര്‍ സ്വന്തം പിറന്നാള്‍ പോലും ഓര്‍ക്കാതെ രാഷ്ട്രീയത്തില്‍ കുഴഞ്ഞുമറിയുന്നത് കാണുമ്പോള്‍ കുറച്ചു ഖേദമുണ്ട്. ആഘോഷമായി പിറന്നാള്‍ ആഘോഷിച്ചില്ലെങ്കിലും ആ ദിവസം ഒന്നു ഓര്‍ക്കുകയെങ്കിലും ചെയ്തുകൂടെ?
എന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത് ആദ്യം പന്തളത്തുകാരാണ്. പിന്നീട് കാവാലത്തും. അതുകഴിഞ്ഞു തൊടുപുഴയിലും. ഇക്കൊല്ലം ഇവിടെയും ആഘോഷിച്ചു. തൊടുപുഴയില്‍ 81 പറ അരിവച്ചു സദ്യ നടത്തി. ഇവിടെ അത് 82 ആയി. ഉണ്ണാനുള്ളതല്ലേ എന്നു സമാധാനിക്കാം. എങ്കിലും ഇതു വേണ്ടായിരുന്നു. ഉണ്ണാനില്ലാത്ത ഒരു സമുദായത്തില്‍ നിന്നാണ് ഈ ചെലവ് എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം. ഈ മാതിരി കാര്യങ്ങള്‍ ഞാന്‍ ഇതിന്റെ നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഇന്ന് ഇവിടെവച്ച് ഒരു സ്വര്‍ണമാല എനിക്ക് കിട്ടി. ഈ മാല ഞാന്‍ സ്ഥിരമായി ധരിക്കണമെന്ന് മാല തന്ന മാടപ്പാട്ടു ഗോപാലപിള്ള പറഞ്ഞു. അത് സ്നേഹംകൊണ്ടു പറഞ്ഞതാണ്. ഞാന്‍ അത് സ്വീകരിക്കുമെന്ന് അദ്ദേഹവും മറ്റുള്ളവരും വിശ്വസിച്ചിരിക്കുകയില്ല. മാല ധരിക്കുന്നത് സ്ത്രീകളാണ്. ഈ മാല ഇട്ടാല്‍ ഞാന്‍ പെണ്ണായിപ്പോകുമോ എന്ന് എനിക്ക് ഒരു സംശയം. പെണ്ണായില്ലെങ്കിലും പെണ്ണിനെപ്പോലെ നിര്‍വീര്യനായി എനിക്ക് ഇരിക്കുവാന് വയ്യ. പോരെങ്കില്‍ കാലം വല്ലാത്തതാണ്. അഞ്ചുപവന്‍ തൂക്കമുള്ള മാല ഇട്ടുകൊണ്ട് വെളിയില്‍ നടക്കുന്നത് സൂക്ഷിച്ചുവേണം. നട്ടുച്ചയ്ക്കും നടുറോഡില്‍ നടക്കുന്നത് സൂക്ഷിച്ചുവേണം. പോരെങ്കില്‍ പോലീസിനെ പ്രദര്‍ശനവസ്തുക്കളാക്കിയിരിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണ വ്യവസ്ഥയില്‍ മാല ഇട്ടുകൊണ്ട് നടക്കാന്‍ ഞാന്‍ ഒരുക്കമില്ല. ഈ മാല ഞാന്‍ സര്‍വ്വീസ് സൊസൈറ്റിക്ക് നല്കുന്നു.
ഹരിജനോദ്ധാരണത്തിന് ഗാന്ധിജി പറഞ്ഞതും പ്രവര്‍ത്തിച്ചതും ആദ്യ അംഗീകരിച്ചത് നായരാണ്. നായരാണ് പറയാന്‍ മിടുക്കന്. നായര്‍, പുലമാടങ്ങളില്‍ കയറിയിറങ്ങി അവരെ ഉദ്ധരിക്കുവാന്‍ കുളിപ്പിക്കുകയാണ്. എന്റെ അഭിപ്രായത്തില്‍ മറ്റുള്ളവരെ ഉയര്‍ത്താന്‍ പോകുന്നതിന് മുമ്പ് അവനവനെ ഉയര്‍ത്താനും അവനവന്റെ ആളുകളെ സ്നേഹിക്കാനും തയ്യാറാകണമെന്നാണ്. നിങ്ങള്‍ ആദ്യമായി നിങ്ങളെ സ്നേഹിക്കാന്‍ പഠിക്കിന്‍. സംന്യാസിയല്ല. പ്രാപഞ്ചികനാണ്. വയറു നിറച്ചുണ്ണാനും നേരെ ഉടുക്കാനുംസുഖമായി കിടന്നുറങ്ങാനും എന്തുചെയ്യണമെന്നറിഞ്ഞ് സ്നേഹിക്കണം. അവരവരെ സ്നേഹിക്കുകയും വേലയില്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്താല്‍ പരാജയം ഉണ്ടാവില്ല.
നായര്‍ സമുദായത്തില്‍ ഹാലിളക്കമില്ലെങ്കിലും ഒരിളക്കമുണ്ട്. നായര്‍ സമുദായത്തില്‍ ഇന്ന് അസഹനീയമായ ഒന്നുണ്ട്. എന്ന് ജാതിസംവരണം ഉണ്ടായോ അന്നാണ് നമുക്ക് ക്ഷീണം തുടങ്ങിയത്. ഈഴവര്‍ നമ്മുടെ സഹോദരസമുദായമാണല്ലോ എന്നു കരുതി അവര്‍ മൗനം ദീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ അവശതകള്‍ കാരണം നായരുടെ മനസില്‍ ഇളക്കം ഉണ്ടായിട്ടുണ്ട്. അതൊന്ന് പാകപ്പെടുത്തി നിയന്ത്രിക്കേണ്ട ചുമതല ഉള്ളതുകൊണ്ട് അതിനു ശ്രമിക്കുകയാണ്. നായന്മാര് ശാന്തശീലന്മാരാണ്. സംവരണം എന്നന്നേയ്ക്കുമായി ഉറപ്പിക്കാന്‍ പോകുന്ന ലക്ഷണം കണ്ടുതുടങ്ങിയപ്പോള്‍ കേരളം ഒട്ടുക്കുമുള്ള നായന്മാര് ഉണര്‍ന്നുതുടങ്ങി. സംവരണം ശരിയല്ലെന്ന് നമ്മുടെ പ്രധാനമന്ത്രി നെഹ്റു പറഞ്ഞിട്ടും അയ്യപ്പനും കേരളകൗമുദിയും പറയുന്നത് അതു വേണമെന്നാണ്. ഈഴവനുള്ളത് ഈഴവന്, ദൈവത്തിനുള്ള ദൈവത്തിന് എന്നാണവര്‍ പറയുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ഗവണ്മെന്റും കൊള്ളുകില്ലാത്തവരാണെന്നെനിക്ക് അഭിപ്രായമുണ്ട്. നായരെപ്പറ്റിയുള്ള അറിവിന്റെ കുറവുകൊണ്ടാണ് നമ്പൂതിരിപ്പാട് പാലക്കാട്ടെ കോളജ് നമുക്ക് തരാത്തത്. എന്‍ജിനീയറിംഗ് കോളജ് നടത്താന്‍ നമുക്കും അവകാശമുണ്ട്. സംവരണം പാടില്ലെന്ന് മുഖ്യമന്ത്രികൂടി ഉള്‍പ്പെട്ട റിഫോംസ് കമ്മിറ്റി പറഞ്ഞിട്ടുണ്ട്. എന്നിട്ട് കുളത്തൂര്‍ സമാധിയോഗത്തില്‍ വച്ച് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ഒരാള്‍ ചോദിച്ചു; പണ്ടെങ്ങാണ്ടോ ആരാണ്ടോ ചോറുകൊടുത്തത് ഓര്‍മ്മയുണ്ടോ എന്ന്. അതുകേട്ട് മൂന്നേമുക്കാല്‍ നാഴികയ്ക്ക് മുമ്പ് സംവരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്ട്രാക്റ്റ് കൊടുക്കുന്നതായാലും ശരി കമ്മ്യൂണിസ്റ്റ് കാരനേയുള്ളു എന്നാണിന്നത്തെ നില. കമ്മ്യൂണിസ്റ്റുകാരായ നായര്‍ സഹോദരന്മാര്ക്ക്, തങ്ങള്‍ക്കുകൂടി കിട്ടണമെന്നു പറയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അവര്‍ ആ പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്തിനാണ്? അവര്‍ പാര്‍ട്ടി വിടണം. അവര്‍ എന്തുകൊണ്ട് ഈ സംവരണക്കാര്യം പാര്‍ട്ടിയില്‍ ചോദിക്കുന്നില്ല? ഇതൊന്നും ചോദിക്കാതെ ഈ പോക്കുപോയാല്‍ കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടുകൊണ്ട് വഴിതെറ്റിപ്പോകുന്നത് നായന്മാരാണെന്നോര്‍മ്മിക്കണം.
മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: