തിരുവനന്തപുരം: പോലീസ് ഡേറ്റാ ബേസില്‍ നിന്ന് കൂടുതല്‍ വ്യക്തിവിവരങ്ങളും രഹസ്യവിവരങ്ങളും സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസ് പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതായി കണ്ടെത്തല്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. പോലീസുകാരുടെ വ്യക്തി വിവരങ്ങളും കേസ് നടപടി ക്രമങ്ങളും ഇയാള്‍ കൈമാറിയിട്ടുണ്ട്. പോലീസിന്റെ രഹസ്യ മെസേജുകള്‍ അടക്കം ചേര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അനസ് പോപ്പുലര്‍ ഫ്രണ്ടിന്റെ പോലീസിലെ സ്ലീപ്പര്‍ സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.
അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതു കൂടാതെ വൈദികരുടെയും ക്രിസ്ത്യന്‍ സമുദായ നേതാക്കളുടെയും ജില്ലയിലെ പ്രധാന തസ്തികളില്‍ ഇരിക്കുന്ന പോലീസുകാരുടെയും വിവരങ്ങള്‍ അനസ് ചോര്‍ത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വ്യക്തി സുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം രഹസ്യവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെ സര്‍വ്വീസില്‍ നിന്ന് ഡിസ്മിസ് ചെയ്ത് യുഎപിഎ ചുമത്തണമെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. അത്രയും ഗുരുതരമായ കുറ്റമാണ് ഇയാള്‍ ചെയ്തതെന്നും നടപടി സസ്പെന്‍ഷനില്‍ ഒതുക്കരുതെന്നുമാണ് അവരുടെ നിലപാട്.
ഏപ്രിലില്‍ ജമ്മുകശ്മീരില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നു. വിവരങ്ങള്‍ ചേര്‍ത്തുകയും സൈന്യത്തിനെതിരെ തിരിയുകയും ഭീകരര്‍ക്ക് അനു കൂലമായ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥ സൈമ അക്തറിനെ കശ്മീര്‍ ഭരണകൂടം സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുകയുമാണ് ചെയ്തത്. അതേ പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യമാണ് അനസും ചെയ്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതടക്കമുള്ള കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് ആവശ്യവും ശക്തമാണ്. പോലീസിലെ തന്നെ ഒരു വിഭാഗമാണ് ഇൗ ആവശ്യം ഉന്നയിക്കുന്നത്. അടുത്തകാലത്തായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന കുറ്റകൃത്യങ്ങളിലെ മുഖ്യപ്രതികളെ കണ്ടെത്താനാകാത്തതാണ് ഈ ആവശ്യം ഉന്നയിക്കാന്‍ കാരണം.
ഇസ്ലാമിക ഭീകരരും അവര്‍ക്ക് സ്തുതി പാടുന്നവരും മൂലം സംസ്ഥാനം അതീവ ഗുരുതര സാഹചര്യത്തിലേക്കാണെന്ന് നീങ്ങുന്നതെന്നും പോലീസിലെ ഉന്നതര്‍ സമ്മതിക്കുന്നു. അതേസമയം ഇതിന് തടയിടാനോ വിഷയത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താനോ ഇവര്‍ തയ്യാറല്ല. ഏത് സമയത്തും വര്‍ഗീയ ലഹളയ്ക്കും സാധ്യതയുണ്ട്.
കേരളപോലീസില്‍ ഇസ്ലാമിക ഭീകരര്‍ക്ക് ചാരപ്പണിചെയ്യുന്നവര് സജീവമാണെന്ന് നേരത്തെ തന്നെ സംശയങ്ങള്‍ ബലപ്പെട്ടിരുന്നു. ഇതിനിടയിലാണ് പോലീസുകാരന് കുടുങ്ങുന്നത്. വിഷയം മറയ്ക്കാന്‍ പോലീസിലെ ഉന്നതര്‍ ശ്രമിച്ചെങ്കിലും ജന്മഭൂമി ഇടപെടലിലൂടെ വിവരം പുറത്ത് വരികയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെയാണ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ സസ്പെന്‍ഡ് ചെയ്തത്.
അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ട്. ഇത് ഏത് തരത്തില്‍ ഉപയോഗിച്ചുവെന്നതും ഇതിന് പിന്നിലെന്താണെന്നും ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇത്തരത്തില്‍ ഇയാള്‍ വിവരം കൈമാറിയ പലരേയും പോലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഒരാള്‍ ഇത് നിരവധി പേര്‍ക്കാണ് കൈമാറുന്നത്. കൊലപാതകമടക്കം എന്തും ചെയ്യാന്‍ തയ്യാറുള്ള വലിയ കൊലയാളിസംഘം തന്നെ സംസ്ഥാനത്ത് സജീവമാണ്. ഇവരിലേക്കൊന്നും ചെന്നെത്താനും വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് താല്പര്യം കാണിക്കുന്നില്ല.
കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച കേസ് അന്വേഷിക്കുമ്പോള്‍ മാത്രമാണ് ഇത് സംബന്ധിച്ച വിവരം പോലീസിനുണ്ടാകുന്നത്. ഇതാണ് സിബിഐയോ എന്‍ഐഎയോ പോലുള്ള ഉന്നത സംഘം കേസന്വേഷിക്കണമെന്ന ആവശ്യത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: