തിരുവനന്തപുരം : പോലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവങ്ങളാകാം. അതിന്റെ പേരില്‍ പോലിസിനെ പൂര്‍ണ്ണമായും അധിക്ഷേപിക്കുന്ന സമീപനം കൈക്കൊള്ളേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോവളത്ത് മദ്യം വാങ്ങി താമസിക്കുന്ന സ്ഥലത്തേയ്ക്ക് മടങ്ങിയ സ്വീഡിഷ് പൗരനായ സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ പോലീസ് അപമാനിച്ചെന്ന സംഭവത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
വിദേശിയോടുള്ള പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവം മാത്രമാണ്. എന്നാല്‍ അതിന്റെ പേരില്‍ പേരില്‍ പൂര്‍ണ്ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല. ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയുമെന്നും കോടിയേരി പ്രതികരിച്ചു.
അതേസമയം മദ്യക്കുപ്പികള്‍ വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കളഞ്ഞതെന്ന് സ്റ്റീഫന്‍ ആസ്ബെര്‍ഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികള്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികള്‍ പാറമടയിലേക്ക് വലിച്ചെറിയാന്‍ പറഞ്ഞു. രണ്ടുകുപ്പികളിലെ മദ്യം ഒഴുക്കിയപ്പോള്‍ മൂന്നാമത്തെ കുപ്പി കൊണ്ടുപൊയ്ക്കൊള്ളാന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രി ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് നേരിട്ട ബുദ്ധിമുട്ടില്‍ വിഷമമുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യേണ്ടിയിരുന്നില്ലെന്നും ആസ്ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: