യാദവരാജാവായ ശൂരസേനന്റെ മകളാണു പൃഥ. വസുദേവന് അവളുടെ സഹോദരനായിരുന്നു. മറ്റൊരു യാദവരാജാവായ ഉഗ്രസേനന്റെ മക്കളായിരുന്നു കംസനും ദേവകിയും. ദേവകിയെ ശൂരസേനപുത്രനായ വസുദേവന് വിവാഹംചെയ്തു. അവളില്‍ കൃഷ്ണന് ജനിച്ചു. ആദ്യം ജനിക്കുന്ന കുട്ടിയെ കൈമാറാമെന്നു കുന്തിഭോജനും ശൂരസേനനും മുമ്പ് സത്യം ചെയ്തിരുന്നതനുസരിച്ച് പൃഥയെ കുന്തിഭോജനു വളര്‍ത്താന്‍ കൊടുത്തു. അങ്ങനെ അവള് കുന്തി എന്നറിയപ്പെട്ടു. കുന്തി കറുത്തവളായിരുന്നു.
ദുര്‍വ്വാസാവ് കുന്തിക്കു, കന്യകയായിരിക്കെത്തന്നെ അഞ്ചു മന്ത്രങ്ങള്‍ കൊടുത്തിരുന്നു. നാരദന്റെ കൃത്രിമത്വം കാരണം കുന്തി അതിലൊന്നു പരീക്ഷിച്ചു. ഒരു മന്ത്രം ജപിച്ച് അവള് സൂര്യനെ ആവാഹിച്ചു. സൂര്യനില്‍നിന്നു അവള്‍ക്കൊരു പുത്രനുണ്ടായി. അവനെ അപവാദഭീതിമൂലം അവള് പുഴയിലൊഴുക്കി. ആ കുട്ടിയെ അധിരഥന്‍ എന്ന സൂതന്‍ എടുത്തു വസുഷേണന്‍ എന്നു പേരിട്ടു വളര്‍ത്തി. അവനാണു പിന്നീട് കര്‍ണ്ണനായി മഹാഭാരതകഥയിലെ വീരന്മാരില് ഒരുവനായത്. കുരുവംശത്തിലെ പാണ്ഡു കുന്തിയെ വിവാഹം ചെയ്തു.
പാണ്ഡുവിന് മക്കളുണ്ടാകാതെ വന്നപ്പോള്‍ അവള് പണ്ട് മഹര്‍ഷി കൊടുത്ത വരങ്ങളില്‍ മിച്ചമുള്ള നാലെണ്ണത്തെക്കുറിച്ചോര്‍ത്തു. പാണ്ഡുവിന്റെ സമ്മതത്തോടെ അവള് യമധര്‍മ്മനില്‍ നിന്ന് യുധിഷ്ഠിരനെയും വായുവില്‍നിന്ന് ഭീമസേനനെയും ഇന്ദ്രനില്‍നിന്ന് അര്‍ജ്ജുനനെയും ജനിപ്പിച്ചു. മിച്ചമുള്ള ഒരു മന്ത്രം സപത്നി മാദ്രിക്കുകൊടുത്തു. അവള് ആ മന്ത്രമുപയോഗിച്ച് ഇരട്ടകളായ അശ്വിനീദേവകളെ വരുത്തി നകുലസഹദേവന്മാരെയും സൃഷ്ടിച്ചു.
ഇതുകൂടി ശ്രദ്ധിക്കുക: കുന്തി പ്രപഞ്ചമാണ്. പാഞ്ചാലി പാണ്ഡവരെന്ന പഞ്ചഭൂതങ്ങളാല്‍ പരിരക്ഷിക്കപ്പെടുന്ന പ്രകൃതിയാണ്. ധൃതരാഷ്ട്രന്, കാണേണ്ടത് കാണാന്‍ സാധിക്കാത്ത ഭരണാധികാരി. കൗരവര്‍, അന്ധനായ ഭരണാധിപന് രാജ്യം ഭരിക്കുമ്പോള്‍ ഉയര്‍ന്നുപൊന്തുന്ന നീചവികാരങ്ങള്‍. ഗാന്ധാരി, എല്ലാം കണ്ണടച്ചിരുട്ടാക്കിയ കുലാംഗന. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നീചശക്തിയോടു ധര്‍മ്മത്തിന്റെ മാര്‍ഗം ഉപദേശിക്കുന്ന ബോധതല ന്യൂനപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: