വളരുംതോറും ശിഖരങ്ങളെല്ലാം
ചെത്തിയൊതുക്കി…
അസ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകളില്‍
തളിരിലമോഹങ്ങളും
വരിഞ്ഞുമുറുക്കി കെട്ടിയിടാറുണ്ട്
ചില അലങ്കാര ചെടികളെ.
സൂര്യന്റെ പൊന്‍പ്രഭയില്‍
കാറ്റിനൊപ്പം നൃത്തം ചെയ്യാനാവാതെ
സ്വപ്‌നങ്ങളും ആഗ്രഹങ്ങളും
മനസ്സിലൊതുക്കി മരവിച്ചങ്ങനെ
ചിരിക്കാന്‍ മറന്ന്
ഭയചകിതമായ കണ്ണുകളും
കവിള്‍ത്തടം നിറഞ്ഞൊഴുകിയ കണ്ണീരുമായ്
നാലു ചുവരുകള്‍ക്കുള്ളില്‍ വിങ്ങിപ്പിടഞ്ഞ്
തൊണ്ടക്കുഴിയില്‍ കുരുങ്ങിയ വാക്കുകളെ
പുറത്തേക്കെടുക്കുവാനാകാതെ,
ശ്വാസംമുട്ടി വിറയ്‌ക്കുന്ന ചുണ്ടുകളുമായ്
നിര്‍വ്വികാരവും യാന്ത്രികവുമായ്
അടുപ്പിനൊപ്പം ചുട്ടുനീറി
നിസ്സഹായ നിമിഷങ്ങളെണ്ണിയെണ്ണി
തീര്‍ക്കുവാനുള്ളതല്ല പെണ്‍ജീവിതങ്ങള്‍.
ക്ഷമയുടെ നെല്ലിപ്പടിയില്‍
അവഗണനയുടെ, വിവേചനത്തിന്റെ
ആണധികാരത്തിന്റെ അതിരുകല്‍പിച്ച
വേലികള്‍ തകര്‍ത്തെറിയണം.
നെറിക്കെട്ട കാലത്തിന്റെ
അപമാനവും പീഡനവും ഏറ്റുവാങ്ങി,
പൊള്ളിയടര്‍ന്ന കാല്‍പാദവുമായ്
അനുഭവങ്ങളുടെ ഘോഷയാത്രയില്‍
ജീവിതം, ഇരുള്‍ പടര്‍ന്ന്
നീറി വെന്ത ചിന്തകളില്‍ നിന്നും,
സ്വാതന്ത്ര്യത്തിന്റെ വിശാലമായ ചിന്തകളിലേക്ക്
പുഞ്ചിരിയോടെ
കൈവീശി നടന്നു വരേണ്ടതാണവള്‍.
പെണ്ണുടലിന്റെ വിലപേശലില്‍ തീവ്രമായ വേദനയില്‍
ഉള്‍നോവിന്റെ ആഴങ്ങളില്‍
അനീതിയോടുള്ള പ്രതികാരമായ്
നെറികേടുകളെ വിചാരണ ചെയ്യാന്‍
ശാന്തതയില്‍ നിന്ന് രൗദ്രതയിലേക്ക്
ഉയിര്‍ത്തെഴുന്നേല്‍ക്കണമവള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക