കോട്ടയം: ”എനിക്ക് 93 വയസ്സായി. പക്ഷേ, ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. ഇപ്പോഴും സിനിമയിലും സീരിയലുകളിലും അവാര്‍ഡ് പരിപാടികളിലും പങ്കെടുക്കുന്നു. മദ്യപാനമോ പുകവലിയോ മറ്റ് ദുശ്ശീലങ്ങളോ ഒന്നുമില്ല. പട്ടാള ജീവിതമാണ് എന്നെ ഇങ്ങനെ പാകപ്പെടുത്തിയത്. 2018 ഏപ്രില്‍ 27 ന് കോട്ടയത്ത് ജന്മഭൂമിയുടെ സമഗ്രസംഭാവനാ പുരസ്കാരം സ്വീകരിച്ചുകൊണ്ട ജി കെ പിള്ള പറഞ്ഞവാക്കുകളാണിത്.
ജന്മഭൂമി പോലുള്ള വലിയ പ്രസ്ഥാനത്തില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നതില്‍ അങ്ങേയറ്റം അഭിമാനമുണെന്നു പറഞ്ഞായിരുന്നു പ്രസംഗം തുടങ്ങിയത്.
കശ്മീരിലും മറ്റും പട്ടാളക്കാരനായി സേവനം ചെയ്യുമ്പോഴും കലാകാരന് എന്റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നു. പട്ടാളക്കാരനായും കലാകാരനായും നിങ്ങള്‍ക്കു മുന്നില്‍ ജീവിക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമാണ്….ജയ് ഭാരത്” ജന്മഭൂമിയുടെ ആദരവേറ്റുവാങ്ങി വികാരനിര്‍ഭരനായാണ് മലയാള സിനിമാ തറവാട്ടിലെ കാരണവര്‍ ജി.കെ.പിള്ള ഇങ്ങനെ പറഞ്ഞത്. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും ജന്മഭൂമി ചെയര്‍മാനുമായിരുന്ന കുമ്മനം രാജശേഖരനാണ് പൊന്നാടയണിയിച്ചത്. പി.ജെ.കുര്യന് പുരസ്ക്കാരം നല്കി.
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് നാട്ടിലാകെ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടക്കുകയാണ്. ജി.കെ.പിള്ളയെന്ന പതിന്നാലുകാരനും അതില്‍ നിന്ന് മാറിനില്‍ക്കാനാകുമായിരുന്നില്ല. അന്നേ കലാപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അഭിനയമോഹം സ്കൂള്‍ കാലത്തുതന്നെ തുടങ്ങി. സ്വാതന്ത്ര്യ സമരപ്രക്ഷോഭകര്‍ക്ക് ഊര്‍ജ്ജം നല്കാനുതകുന്ന തരത്തിലുള്ള നാടകങ്ങളുടെ ഭാഗമായി ജി.കെ.പിള്ളയും മാറി. ബന്ധുക്കളും നാട്ടുകാരും പലരും എതിര്‍ത്തിട്ടും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ജി.കെ. പിള്ള തയ്യാറായി. ഇത് വീട്ടുകാരെ വളരെയധികം വിഷമിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നകാലമായിരുന്നു അത്.
അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ നാടുവിട്ട അദ്ദേഹം എത്തിയത് ചാക്കയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിലാണ്. പട്ടാളത്തിലേക്കുള്ള യോഗ്യതാ പരിശോധന പാസ്സായ അദ്ദേഹം പതിനാറാമത്തെ വയസ്സില്‍ പട്ടാളക്കാരനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയില്‍ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നീ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടര്‍ന്നു. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവില്‍ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പില്‍ നടന്ന നാടക അവതരണത്തില്‍ പിള്ളയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവര്‍ത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വര്‍ദ്ധിപ്പിച്ചു. ചെറുപ്പത്തിലേ ഉണ്ടായിരുന്ന അഭിനയഭ്രമം കലശലായപ്പോള്‍ സര്‍വ്വീസിന്റെ പതിമൂന്നാം വര്‍ഷം പട്ടാള ജീവിതം ഉപേക്ഷിച്ച് വീട്ടിലെത്തി. 18 വര്‍ഷം സര്‍വ്വീസ് ചെയ്താല്‍ മാത്രം ലഭിക്കുമായിരുന്ന പട്ടാളത്തിലെ ആനുകൂല്യങ്ങളെല്ലാം വേണ്ടെന്ന് വെച്ചാണ് ജി.കെ.പിള്ള അഭിനയ മോഹത്തിന് മുന്‍തൂക്കം നല്കി തിരികെ പോന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: