ശ്രീനാരായണ ഗുരുദേവന് ശിവഗിരി തീര്‍ത്ഥാടനം 1928ല്‍ കല്പിച്ച് അനുവദിച്ചപ്പോള്‍ പരമ്പരാഗത തീര്‍ത്ഥാടന സങ്കല്‍പ്പത്തില്‍ നിന്നും അതിനെ വ്യത്യസ്തമാക്കി. പരമ്പരാഗത വിശ്വാസം ക്ഷേത്രങ്ങളില്‍പോയി തൊഴുത് കാണിക്കയിട്ട് പൂജ നടത്തി മടങ്ങുക എന്നതാണ്. അതിനപ്പുറത്ത് ജീവിത വിജയത്തിന് ആവശ്യമായ വിദ്യാഭ്യാസം തുടങ്ങി എട്ട് കാര്യങ്ങള്‍ ഉപദേശിച്ച് തീര്‍ത്ഥാടന പ്രസ്ഥാനത്തിന് പുതിയ മാനം നല്കി. ആദ്ധ്യാത്മിക ഗുരുവായാണ് സമൂഹമധ്യത്തിലേക്ക് ഇറങ്ങിവന്നതെങ്കിലും, ഈ രാജ്യത്ത് സാമൂഹിക പരിഷ്കരണം നടത്തി വിപ്ലവം സൃഷ്ടിച്ച ഒരു മഹാപുരുഷനായിട്ടാണ് ഗുരുവിനെ സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അതാണ് ഗുരുവിനെ ഭാരതത്തിലെ മറ്റ് സംന്യാസിമാരില്‍ നിന്നും ഗുരുക്കന്മാരില് നിന്നും ആചാര്യന്മാരില് നിന്നും വ്യത്യസ്തനാക്കുന്നതും രാജ്യത്തിന്റെ നവോത്ഥാന നായകനായി സര്‍വ്വരും ഒരുപോലെ അംഗീകരിക്കുന്നതും.
ധര്‍മ്മനിഷ്ഠനായ ഒരു പരമഹംസന് തന്റെ പരമഹംസ പദവിക്ക്, ആദ്ധ്യാത്മികതയ്ക്ക് യാതൊരു കോട്ടവും തട്ടാതെ മഹാനായ ഒരു സാമൂഹിക വിപ്ലവകാരികൂടിയായി മാറുന്ന അനുപമേയമായ കാഴ്ചയാണ് നമുക്കിവിടെ കാണാനാകുന്നത്. നോബല്‍ സമ്മാന ജേതാവ് റൊമൈന്‍ റോളണ്ട് എന്ന വിശ്വചിന്തകന്‍ ശ്രീരാമകൃഷ്ണ പരമഹംസന്റെയും വിവേകാനന്ദന്റേയും ജീവചരിത്രം എഴുതിയപ്പോള്‍ അതില്‍ ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ചത് ‘ശ്രീ നാരായണഗുരു കര്‍മ്മനിരതനായ ജ്ഞാനി’ എന്നാണ്. വിവേകാനന്ദ സ്വാമി ലോകമെമ്പാടും സഞ്ചരിച്ച് പ്രസംഗിച്ചിട്ടുണ്ട്. അങ്ങനെ പ്രസംഗിച്ചവരായ ധാരാളം ആചാര്യന്മാരുണ്ട്. പക്ഷെ ഗുരു സാധാരണ ജനങ്ങളെ കൈപിടിച്ചുയര്‍ത്താനായി അവരുടെ മധ്യത്തിലേക്ക് ഇറങ്ങിച്ചെന്നു. അവരുടെ കണ്ണീരു തുടച്ച്, അവരുടെ ജീവിതത്തെ ധന്യമാക്കാന്‍ വേണ്ടി, രാപകല്‍ വ്യത്യാസമില്ലാതെ കാറ്റും മഴയും മഞ്ഞും വെയിലും സഹിച്ചു നഗ്നപാദനായി കന്യാകുമാരി മുതല്‍ കാസര്‍കോഡ് വരെയും അതിന്റെ തെക്കും വടക്കുമുള്ള ഭാഗങ്ങളിലും ഒരുപോലെ സഞ്ചരിച്ചു. ഈ രാജ്യത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാന്‍ ഇത്രയേറെ കര്‍മ്മ നിരതനായ ഒരു അദ്ധ്യാത്മിക ജ്ഞാനിയെ ചരിത്രത്തില്‍ എവിടെ തിരഞ്ഞാലും കാണാനാകില്ല.
ആ മഹാത്മാവ് എഴുതിയ 63 കൃതികളുണ്ട്. അവ പഠിക്കുമ്പോള്‍ ശങ്കരാചാര്യര്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച അദൈ്വത വേദാന്ത ശാസ്ത്രത്തെ ദേശത്തിനും കാലത്തിനും അനുസൃതമായി പുതുക്കി വിലയിരുത്തിയതായി കാണാന്‍ സാധിക്കും. അതിനു കാന്തിയും മൂല്യവും നല്കി. ഗുരുദേവന്റെ കാലം വരെയും അദൈ്വതം ഒരു ചിന്താപദ്ധതി മാത്രമായിരുന്നു. പക്ഷെ ഗുരുദേവന് അതിനെ ജീവിത പദ്ധതിയാക്കി മാറ്റി. അതാണ് ഗുരുദേവന്റെ മഹത്തരമായ ദാര്‍ശനിക സംഭാവന. ആത്മോപദേശ ശതകത്തില്‍ ഗുരു എഴുതി വച്ചു ‘അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍… അവനിയാലാദിമമായൊരാത്മരൂപം’ എന്ന്. ‘ഞാനും നീയും അവനും ഇവനും തമ്മില്‍ ഭേദമില്ല എന്നായിരുന്നു. ‘ജീവോ ബ്രഹ്മൈവ ന അപര’ എന്നതാണ് ശങ്കര ദര്‍ശനം. എന്നാല്‍ ഗുരു അവിടെനിന്നും മുന്നോട്ടു നീങ്ങി. എല്ലാം ആദിമമായ അത്മദീപം ആയതുകൊണ്ട് ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം’ എന്നിങ്ങനെ അദൈ്വതത്തിന്റെ പ്രായോഗിക ഭാഷ്യം ചമച്ചു. അതുകൊണ്ടാണ് എല്ലാപേരും ശിവഗിരിയിലേക്ക് വന്നുചേരുന്നത്. വേദി ഇങ്ങനെ സമാലംകൃതമായിരിക്കുന്നത്. ശ്രീനാരായണ ഗുരു ഈ രാജ്യത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിവന്ന് ജന സമൂഹത്തെ കൈപിടിച്ചുയര്‍ത്തിയതിന്റെ പരിണത ഫലമാണിത്.
ആ മാഹാത്മാവിന്റെ മഹിതമായ സംഭാവനകളെ കുറിച്ച് എത്രയേറെ പറഞ്ഞാലും തീരില്ല. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ഗുരുവിന്റെ ആദ്യ സന്ദേശം ലോകത്തിന് നല്കി. ജാതിഭേദം ഇല്ലാതെ, മതദ്വേഷമില്ലാതെ വിഭാഗീയ ചിന്താഗതികള്‍ ഒന്നുമില്ലാതെ സര്‍വ്വരും എന്നായിരുന്നു സന്ദേശം. എന്നാല്‍ ആ സര്‍വ്വരും എന്ന പ്രയോഗത്തിന് പലരും സര്‍വ്വ ഈഴവരും എന്ന് വ്യാഖ്യാനം നല്കി. അതാണ് കേരളം ചെയ്ത ഏറ്റവും വലിയ തെറ്റ്. സര്‍വ്വരും സര്‍വ്വ ജനതയും രാജ്യ ഭേദങ്ങളൊന്നുമില്ലാതെ, സൂര്യന് കീഴില്‍ സപ്ത ഭൂഖണ്ഡങ്ങളിലും അധിവസിക്കുന്ന മുഴുവനാളുകളും സഹോദരന്മാരായി കഴിയുന്ന ഒരു മാതൃകാ ലോകം, ഏക ലോക വ്യവസ്ഥിതി ഉണ്ടാകണം. അങ്ങനെയുള്ള ഏകലോക വ്യവസ്ഥിതിയെ ഉള്ളില്‍ കണ്ടുകൊണ്ടാണ് 1888 മുതല്‍ 1928 വരെ 40 വര്‍ഷക്കാലം, മഹാസമാധിപര്യന്തം ഗുരുദേവന് സമൂഹ മധ്യത്തിലേക്ക് ഇറങ്ങി നിന്നു പ്രവര്‍ത്തിച്ചത്.
അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ചിട്ട് ആ ശിവനെ നോക്കി ഗുരുദേവന് എഴുതിയ കാവ്യമാണ് ശിവശതകം. സാധാരണ പ്രാര്‍ത്ഥനകളൊക്കെ ദേവീദേവന്മാരെ പുകഴ്ത്തിക്കൊണ്ടുള്ളതാണ്. ഗുരുദേവനും ദേവീദേവന്മാരെ സ്തുതിക്കുന്നുണ്ട്. പക്ഷെ, ആ ശിവശതകം ഗുരുദേവന് അവസാനിപ്പിച്ചത് ‘കുളിര്‍മതികൊണ്ടു കുളിര്‍ത്തു ലോകമെല്ലാം…’ എന്നാണ്. മുഴുവന്‍ ലോകവും ഏകത്വ തത്വദര്‍ശനം കൊണ്ട് ഈ പ്രപഞ്ചം പ്രഫുല്ലമായി തീരണം. ഈ പ്രപഞ്ചത്തില്‍ അധിവസിക്കുന്ന മുഴുവന്‍ ആളുകളും സഹോദരന്മാരായി കഴിയുന്ന മാതൃകാലോകം, ഏകലോക വ്യവസ്ഥിതി ഉണ്ടാകണം എന്നാണ്. പ്രപഞ്ച ജീവിതം സ്വര്‍ഗസമാനമായി മാറേണമേ എന്നാണ്. ഗുരുവിന്റെ ഈ ദര്‍ശനത്തിനാണ് അവിടത്തെ സത് ശിഷ്യന് കുമാര മാഹാകവി ‘ഒരു രാജ്യം നിങ്ങള്‍ക്ക് … ഒരു ഭാഷാ നിങ്ങള്‍ക്ക്… ഒരുദേവന്‍ നിങ്ങള്‍ക്ക് ഒരു സമുദായം…’ എന്ന് തുടങ്ങുന്ന വരികള്‍ എഴുതിയത്. ‘അല്ലയോ മനുഷ്യരേ നിങ്ങള്‍ ഒന്നാണ്…നിങ്ങളുടെ ജാതി ഒന്നാണ്, മതം ഒന്നാണ്, ദൈവം ഒന്നാണ്, നിങ്ങള്‍ ഒന്നാണ് എന്ന മഹിതമായ ദര്‍ശനം നല്കി ശ്രീനാരായണഗുരു ഇതാ തിരുഎഴുന്നള്ളത്ത് നടത്തുന്നു. ശ്രീബുദ്ധനെ പോലെ, യേശുക്രിസ്തുവിനെപ്പോലെ, മുഹമ്മദ് നബിയെപ്പോലെ ആ പമ്പരയില്‍ വന്നു ജനിച്ച് പ്രത്യേകമായ ശ്രീനരായണ മതം സ്ഥാപിക്കാതെ ജനങ്ങളെ ഒന്നായിക്കണ്ട മഹാഗുരുവിന്റെ തിരുഎഴുന്നള്ളത്ത്. ‘നിങ്ങള്‍ ആ ഗുരുവിനോടൊപ്പം അണിചേരുവിന്‍…’ എന്നാണ് കുമാരകവി എല്ലാവരെയും കൈമാടി വിളിച്ചത്. അങ്ങനെ ഒരു വിശ്വോത്തരമായ തത്വദര്‍ശനം ചമച്ച ഒരുമഹാഗുരുവിന്റെ ജീവിത സായാഹ്നത്തില്‍ നടത്തിയ ഗീതോപദേശം. അതാണ് ശിവഗിരി തീര്‍ത്ഥാടന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: