കോട്ടയം: ഏറ്റവും കൂടുതല്‍ മഴ പെയ്ത കോട്ടയത്തിന് ഇപ്പോള്‍ പൊള്ളുന്നു. അധിക മഴയുമായാണ് ഇത്തവണ കോട്ടയത്തിന് ലഭിച്ചത്. 529.7 മില്ലീമീറ്റര്‍ മഴയാണു പ്രതീക്ഷിച്ചിരുന്നതെങ്കില്‍ പെയ്തത് 1215. 5 മില്ലീമീറ്റര്‍ മഴ. എന്നാല്‍ കോട്ടയത്തിനെ വീര്‍പ്പ് മുട്ടിക്കുന്നത് ഇപ്പോഴത്തെ കനത്ത ചൂടാണ്. 34, 35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പകല്‍ സമയത്ത് കോട്ടയത്ത് അനുഭവപ്പെടുന്നത്. ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന ജില്ലയായി കോട്ടയം മാറിയതായി കാലാവസ്ഥ കേന്ദ്രവും രേഖപ്പെടുത്തുന്നു. 23 ഡിഗ്രി വരെ ചൂട് കൂടാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാണിക്കുന്നു.
പകല്‍ കത്തുന്ന ചൂടും രാത്രിയില്‍ നല്ല തണുപ്പുമാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്. ചൂടില്‍ ജലാശയങ്ങള്‍ വരണ്ടുതുടങ്ങി. പുഴയും തോടും നീര്‍ച്ചാലുകളും വറ്റിത്തുടങ്ങി. മീനച്ചിലാര്‍ അടക്കമുള്ള പുഴകളില്‍ ഒഴുക്ക് നിലച്ചു. ഇപ്പോഴെ ഇത്രയും ചൂടാണെങ്കില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസമെത്തുമ്പോള്‍ ചൂടിന്റെ കാഠിന്യം അസഹനീയമായിരിക്കും. മാത്രമല്ല കുടിവെള്ള ക്ഷാമം രൂക്ഷമാകാനും സാദ്ധ്യതയുണ്ട്.
വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാന്‍ കാരണം. തമിഴ്നാട്ടില്‍ നിന്ന് വരണ്ട കിഴക്കന്‍ കാറ്റാണു വീശുന്നത്. ഇതും ചൂട് കൂടുന്നതിന് കാരണമാകുന്നു. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ഭൂഗര്‍ഭ ജലനിരപ്പും താഴ്ന്നു തുടങ്ങി. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയും വര്‍ധിച്ചതായി ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: