എരുമേലി: ശബരിമല തീർഥാടകരുടെ എരുമേലി-കാളകെട്ടി വഴിയുള്ള പരമ്പരാഗത കാനനപാത മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നാളെ തുറക്കും. എരുമേലി വഴി നടന്ന് കോയിക്കക്കാവിൽ എത്തുന്ന അയ്യപ്പഭക്തരെ രാവിലെ 5.30 മുതൽ 10.30 വരെ മാത്രമേ കടത്തിവിടുകയൊള്ളൂ. കാളകെട്ടിയിൽ എത്തുന്ന അയ്യപ്പഭക്തരെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയാവും കടത്തിവിടുക. പരമ്പരാഗത കാനനപാതയിൽ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത മുന്നിൽ കണ്ട് 50, 100 പേരുടെ സംഘങ്ങളായി തിരിച്ച് വനപാലകരുടെ നേതൃത്വത്തിലാണ് കൊണ്ട് പോകുന്നതെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചർ ഓഫീസർ ജയകുമാർ പറഞ്ഞു.
ശബരിമല ദർശനത്തിന് ഒരുദിവസം അറുപത്തയ്യായിരം പേർക്കാണ് അനുമതി. ഇതിൽ വെർച്ച്വൽക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ള തീർഥാടകരെയാണ് യാത്രയ്ക്ക് പ്രതീക്ഷിക്കുന്നത്. കോയിക്കക്കാവിനും കാളകെട്ടിക്കും ഇടയിലുള്ള ചെക്ക് ഡാം കുടിവെള്ളത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ചെക്ക് ഡാമിൽ കുളിക്കുന്നത് തീർഥാടകർ ഒഴിവാക്കണമെന്ന് വനംവകുപ്പ് നിർദേശമുണ്ട്.
ശബരിമല തീർഥാടകരുടെ എരുമേലി – കാളകെട്ടി – അഴുത വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത്, ശബരിമല അയ്യപ്പസേവാ സമാജം, ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ നിന്ന് കോയിക്കക്കാവിലേക്ക് ശരണ യാത്ര നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: