സ്വാമി ഗുരുപ്രസാദ്
മഹാത്മാക്കളുടെ തിരുപ്പിറവികളോരോന്നും ഓരോ മഹിതമായ ചരിത്രത്തിന്റെ പിറവികള്‍ കൂടിയാണ്. ഭഗവാന് ബുദ്ധന്റെയും ക്രിസ്തുദേവന്റെയും പ്രവാചകന് മുഹമ്മദ് നബിയുടെയുമെല്ലാം തിരുപ്പിറവികള്‍ മാനവചരിത്രത്തില്‍ സമാനതകളില്ലാത്ത ചരിത്രത്തിന്റെ പിറവിക്കാണ് തുടക്കമിട്ടത്. ശ്രീനാരായണഗുരുദേവന്റെ തിരുപ്പിറവിയും പുതിയ മാനവചരിത്രത്തിന്റെ പിറവിക്ക് തിരിതെളിച്ചു.
എല്ലാ മഹാത്മാക്കളും അവര്‍ ജീവിച്ചിരുന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും ആവശ്യങ്ങളെ നിവര്‍ത്തിക്കുവാനും വെല്ലുവിളികളെ ദുരീകരിക്കാനും ആവശ്യമായ നൈതിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ലോകസംഗ്രഹത്തിനിറങ്ങിത്തിരിച്ചത്. അതുകൊണ്ടാണ് ഹിംസ കലശലായിരുന്ന തന്റെ കാലത്ത് അഹിംസാധര്‍മ്മത്തിന് ബുദ്ധന് മുഖ്യത കല്പിച്ചത്. ക്രിസ്തുവിന്റെ കാലത്ത് മനുഷ്യര്‍ തമ്മിലുള്ള വിദ്വേഷം ശക്തമായിരുന്നതിനാല്‍ ക്രിസ്തു സ്നേഹത്തിനു മറ്റേതിനേയുംകാള്‍ പ്രാധാന്യം നല്കി. അറേബിയായില്‍ സാഹോദര്യം അങ്ങേയറ്റം തകര്‍ന്നിരുന്ന കാലത്താണ് മുഹമ്മദ്നബിയുടെ പിറവിയുണ്ടായത്. അതിനാല്‍ മുഹമ്മദ്നബി സാഹോദര്യം ശക്തിപ്പെടുത്തുന്നതിനാണ് മുഖ്യത കല്പിച്ചത്. ഇതുപോലെ ശ്രീനാരായണ ഗുരുദേവന് ജീവിച്ചിരുന്ന കാലത്ത് ജാതിഭേദവും മതദ്വേഷവും വിശ്വാസസ്വാതന്ത്ര്യമില്ലായ്മയും കലശലായിരുന്നു. അതിനാല്‍ ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള വിവേചനത്തില്‍ നിന്നും മത്സരത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച്, വിശ്വാസസ്വാതന്ത്ര്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് ഗുരുദേവന് കൂടുതല്‍ ശ്രദ്ധയൂന്നിയത്. അതിലേക്കുള്ള ആദ്യത്തെ മൗനാഹ്വാനമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയും അരുവിപ്പുറം സന്ദേശവും.
ഇങ്ങനെ ഓരോ ഗുരുക്കന്മാരും ഓരോ പുതിയ ചരിത്രത്തെ സൃഷ്ടിച്ചിട്ടുള്ളവരാണ്. നൈതികമായ മൂല്യങ്ങളുടെ പുനരാവിഷ്കരണവും ദൈവികമായ സത്തയുടെ പുനരാഖ്യാനവും ധാര്‍മ്മികമായ ചര്യകളുടെ പുനര്‍നവീകരണവും കൊണ്ട് അജ്ഞാനത്തിന്റെയും അനാചാരത്തിന്റെയും പിടിയില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ മോചിപ്പിച്ചു സമുദ്ധരിക്കാനാണു അവരെല്ലാം സ്വജീവിതം സമര്‍പ്പിച്ചത്. അതുകൊണ്ടാണ് ഗുരുക്കന്മാരെ ചരിത്രപുരുഷന്മാരെന്നും അവതാരമൂര്ത്തികളെന്നും നമ്മള് വിശേഷിപ്പിക്കുന്നത്. ചരിത്രപരവും ധാര്‍മ്മികപരവും ദാര്‍ശനികപരവുമായ ഈ മനുഷ്യവര്ഗ്ഗോദ്ധാരണത്തിന്റെ സമഗ്രതയറിയാത്തവരാണ് ഇതില്‍ ഒന്നിനെ മാത്രം ഉയര്‍ത്തിപ്പിടിച്ചിട്ട് അതാണു മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമെന്നു വാദിക്കുന്നതിനും സ്ഥാപിക്കുന്നതിനും ഒരുമ്പെടുന്നത്. തിരയെ മാത്രം കണ്ടിട്ട് കടലിനെ വ്യാഖ്യാനിക്കുന്നതുപോലെയാണിത്. ഇത്തരത്തില്‍ ബോധത്തില്‍ സുഷിരം വീണവരെയും ചിന്തയില്‍ പൂപ്പല്‍ ബാധിച്ചവരെയും തിരുത്തിയെടുക്കുക ദുഷ്കരമാണ്. കാരണം അവര്‍ ഒരിക്കലും തിരുത്തലിനു വിധേയമാകാറില്ല. ഇത്തരക്കാര്‍ അറിയാനും പറയാനും ശ്രമിക്കുന്നത് സാമൂഹ്യപരിഷ്ക്കര്‍ത്താവായ ഗുരുവിനെപ്പറ്റി മാത്രമാണ്. നൂറ് കണക്കിന് വരുന്ന സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ നീണ്ടനിര നമ്മുടെ ചരിത്രത്തിലുണ്ട്. അവര്‍ക്കൊപ്പമാണ് ശ്രീബുദ്ധന്റെയും ക്രിസ്തുവിന്റെയും നബിയുടെയും ഗുരുവിന്റെയും സ്ഥാനമെന്നു നിര്‍ണ്ണയിച്ചാല്‍ അതു അപൂര്‍ണ്ണമായിരിക്കും.
അഷ്ടാംഗമാര്‍ഗ്ഗങ്ങളും പഞ്ചശീല തത്ത്വങ്ങളും ധര്‍മ്മപദവും അറിയാതെ ഭഗവാന് ബുദ്ധനെ അറിയാനാകില്ല. ബൈബിളിലും ഖുറാനിലും ഹൃദയം സമര്‍പ്പിക്കാത്തവര്‍ക്ക് ക്രിസ്തുവിനെയും നബിയെയും അറിയാനാകില്ല. അതുപോലെ ഗുരുവിരചിതങ്ങളായ ദാര്‍ശനിക കൃതികളും അനുശാസനാ കൃതികളും സ്തോത്രകൃതികളും തത്ത്വസംഹിതകളും ശ്രീനാരായണധര്‍മ്മവും അറിയാതെ ശ്രീനാരായണഗുരുദേവനെയും അറിയാനാവുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതൊന്നും വേണ്ടത്ര അറിയാതെയും കേള്‍ക്കാതെയും ചിന്തിക്കാതെയും ഗുരുവിനെ നിര്‍വ്വചിക്കുന്നവരും ഗുരുദര്‍ശനത്തെ വ്യാഖ്യാനിക്കുന്നവരും ഇന്നു നമുക്കു ചുറ്റിലും ഏറി വരികയാണ്.
‘ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം’ എന്നു ഉദ്ബോധിപ്പിക്കുകയും നിരവധി ക്ഷേത്രങ്ങളില്‍ ദേവതാ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് ഉത്തമാരാധനാസമ്പ്രദായങ്ങളിലേക്ക് സമൂഹത്തെ നയിച്ച്, ആരാധനാസ്വാതന്ത്ര്യത്തിനുള്ള വഴി തുറക്കുകയും ചെയ്ത ഗുരുദേവന് വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല എന്നുവരെ ഇപ്പോള്‍ പറഞ്ഞു വച്ചിരിക്കുന്നു.
ലോകമാകെ യേശുദേവന്റെയും അപ്പോസ്തലന്മാരുടെയും വാഴ്ത്തപ്പെട്ടവരുടെയും പ്രതിമകളും തിരുശേഷിപ്പുകളും പ്രതിഷ്ഠിച്ചിട്ടുള്ള ലക്ഷോപലക്ഷം പള്ളികള്‍ അതിപവിത്രമായ ആരാധനാലയങ്ങളായിട്ടാണ് നിലകൊള്ളുന്നത്. ഭഗവാന് ബുദ്ധന്റെ പ്രതിമകളും ചിത്രങ്ങളും പ്രതിഷ്ഠിച്ചിട്ടുള്ള അസംഖ്യം ക്ഷേത്രങ്ങളും ലോകത്തുണ്ട്. ഇതെല്ലാം ആരാധനാലയങ്ങളായി നിലകൊള്ളുന്നത് ഏതെങ്കിലും നിയമത്തിന്റെയോ കോടതി വിധിയുടെയോ പശ്ചാത്തലത്തിലോ പിന്‍ബലത്തിലോ അല്ലെന്നത് സുവിദിതമാണ്. അതുപോലെ ലോകോദ്ധാരണത്തിനായി അവതരിച്ച ശ്രീനാരായണഗുരുദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥനകളും പൂജകളും നടത്തിവരുന്ന ഗുരുമന്ദിരങ്ങളും ആരാധനാലയങ്ങളായി നിലകൊള്ളുന്നതിനു കോടതിവിധിയുടെ പിന്‍ബലം വേണ്ടതില്ല. എന്നിട്ടും ഗുരുമന്ദിരങ്ങള് ആരാധനാലയങ്ങളല്ലെന്നും അഥവാ ക്ഷേത്രങ്ങളല്ലെന്നും പരാമര്‍ശിക്കാന്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരും നിയമവാഴ്ചയെയും അഖണ്ഡതയെയും പരിരക്ഷിക്കുവാന്‍ കടമപ്പെട്ടവരും ചങ്കൂറ്റം കാണിക്കുന്നുവെന്നത് നമ്മുടെ വിശ്വാസ സ്വാതന്ത്ര്യത്തോടു കാട്ടുന്ന തികഞ്ഞ അനാദരവാണ്.
വിശ്വാസ സ്വാതന്ത്ര്യത്തെ തടുക്കുന്നതെന്താല്ലാമോ അവയെയെല്ലാം ദൂരീകരിക്കാനാണ് ഗുരുദേവന് ഉപദേശിച്ചിട്ടുള്ളത്. ഈ യാഥാര്‍ത്ഥ്യം പലരും വസ്മരിച്ചാണ് പുതിയ കാലത്ത് ഗുരുവിനെ വിലയിരുത്തുന്നത്. ഇതാകട്ടെ ഏറ്റവും വലിയ ഗുരുനിന്ദയായി മാറിക്കൊണ്ടിരിക്കുന്നു. പോയതെല്ലാം തിരികെ വന്നുകൊള്ളുമെന്നു ഒരവസരത്തില്‍ ഗുരുദേവന് പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തെ അസ്വസ്ഥമാക്കിയിരുന്നതും ഭൂരിപക്ഷം ജനതയെ അടിമപ്പെടുത്തിയിരുന്നതുമായ അധാര്‍മ്മികതകളും വിവേചനങ്ങളും ജാത്യാചാരങ്ങളുമെല്ലാം ക്രമേണ തിരിച്ചെത്തുവാനേ ഇത്തരം പരാമര്‍ശങ്ങളും അശാസ്ത്രീയമായ വിലയിരുത്തലുകളും ഉപകരിക്കുകയുള്ളൂവെന്ന സത്യത്തെ നാം അറിയേണ്ടതുണ്ട്.
ഈ ലോകത്തെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ക്ഷേമൈശ്വര്യങ്ങളായിരുന്നില്ല ഗുരുവിന്റെ ലക്ഷ്യം. സമസ്തമനുഷ്യരുടെയും ആദ്ധ്യാത്മികമായ നിഃശ്രേയസ്സവും ഭൗതികമായ അഭ്യുന്നതിയുമായിരുന്നു ഗുരുവിന്റെ അവതാരദൗത്യം. ഗുരുദേവന്റെ ആദ്ധ്യാത്മിക ഔന്നത്യം അറിയുകയും അനുഭവിക്കുകയും ചെയ്ത മഹത്തുക്കള്‍ അനേകമുണ്ട്. ഗുരുവിനേക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ, ഗുരുവിനു തുല്യനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്നു ലോകസഞ്ചാരം പലതവണ നടത്തുകയും അനേകം ആദ്ധ്യാത്മികപുരുഷന്മാരുമായി ഇടപെടുകയും ചെയ്ത വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് നമ്മുടെ ചരിത്രത്തിലുണ്ട്. ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടുവെന്നു പ്രമുഖ പാശ്ചാത്യചിന്തകനും പുരോഹിതനുമായിരുന്ന ദീനബന്ധു സി. എഫ്. ആന്‍ഡ്രൂസും ദശലക്ഷക്കണക്കിനു വിശ്വാസികളില്‍ അവിടുത്തെ മഹിതമായ ആദ്ധ്യാത്മിക പ്രവര്‍ത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു നോബല്‍ സമ്മാനജേതാവായ പാശ്ചാത്യചിന്തകന്‍ റൊമൈയ്ന് റോളണ്ടും സ്വാമികളുടെ സംഭാഷണം ഒരു യഥാര്‍ത്ഥ മഹാത്മാവിന്റെ ജിഹ്വാതലത്തില്‍ നിന്നും പുറപ്പെട്ടതാണെന്നു ഞാന്‍ നല്ലതുപോലെ മനസ്സിലാക്കിയെന്നു മഹാത്മജിയും അവര്‍ പെരിയോര്‍കള്‍ എന്നു രമണമഹര്‍ഷിയും ഒരു നൂറ്റാണ്ടിനിടയില്‍ ഭാരതത്തില്‍ പിറവികൊണ്ട അവതാരമൂര്‍ത്തികളില്‍ ഒരാളായി ഗണിക്കപ്പെടുന്ന മഹാത്മാവാണു ശ്രീനാരായണഗുരുവെന്നു ആചാര്യവിനോബഭാവെയും ‘ആരാലും പൂജ്യനീയസ്ഥിതി പുലരുമുഷസ്സന്ധ്യതാന്താനിതാ നേര്‍ക്കാരാധിക്കുന്നു നാരായണഗുരുവിന് ജന്മതാരോത്സവത്തെ’ എന്നു മഹാകവി വള്ളത്തോളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുസ്തവം, ഗുരുപാദദശകം, സ്വാമി തിരുനാള്‍ വഞ്ചിപ്പാട്ട് തുടങ്ങിയ സ്തോത്രങ്ങളിലൂടെ തന്റെ ഗുരുഭക്തിയും ഗുരുപൂജയും ഗുരുസ്വരൂപവും വെളിവാക്കിയ മഹാകവി കുമാരനാശാന്റെ നേരനുഭവസാക്ഷ്യങ്ങളും നമ്മുടെ പക്കലുണ്ട്. പക്ഷേ ഖേദപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ ഈ മഹത്തുക്കളൊക്കെ അറിഞ്ഞ ഗുരുദേവനെ നമ്മുടെ സമൂഹത്തിലെ അധികം പേര്‍ക്കും ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ അറിഞ്ഞിരിക്കുന്ന ഗുരുദേവന് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സാമൂഹ്യപരിഷ്ക്കര്ത്താവിന്റെയും നവോത്ഥാനനായകന്റെയും സമുദായോദ്ധാരകന്റെയും മട്ടിലല്ലാതെ ഗുരുവിനെ മറയില്ലാതെ കാണുവാന്‍ തക്കവിധം അവരുടെ കണ്ണുകള്‍ ഇനിയും തുറന്നിട്ടില്ല. ഈ കുറവില്‍ നിന്നുകൊണ്ടുള്ള ഭക്തിയും നിര്‍വചനവും വിചാരണയും നിരീക്ഷണവും കൊണ്ട് നമ്മള് ഗുരുവില്‍ നിന്നു വീണ്ടും വീണ്ടും അകന്നകന്നു പോവുകയാണ് ചെയ്യുന്നത്.
ഗുരുവിലേക്ക് ഏറെ അടുക്കാനും ഗുരുദേവനെ നിത്യം സ്മരിക്കാനും ഉതകുന്ന നിരവധി പ്രാര്‍ത്ഥനകള്‍ നമുക്ക് മുന്നിലുണ്ട്. അതില്‍ ഏറെ പ്രാധാന്യമേറിയ ഒന്നാണ് ശിവഗിരി തീര്‍ത്ഥാടനം. ലോകസമക്ഷം ഗുരുദേവന് അവതരിപ്പിച്ച തീര്‍ത്ഥാടനലക്ഷ്യങ്ങളുണ്ട്. ഗുരുദേവന് ജീവിത സായാഹ്ന വേളയില്‍ നല്കിയ ഉപദേശമായശിവഗിരി തീര്‍ത്ഥാടനം 89-ാം വര്‍ഷത്തിലെത്തി നില്ക്കുന്നു. ഭേദചിന്തകള്‍ക്കൊന്നും ഇടനല്‍കാതെ എല്ലാ വിഭാഗം ജനതയ്ക്കും സ്വീകാര്യമായതും അതുവഴി ലോകം ഒന്നായി സ്വീകരിച്ചതുമാണ് ഈ സായാഹ്നഗീതം. എക്കാലവും നിത്യശോഭയോടെ മനുഷ്യമനസ്സുകളില്‍ നിന്നും മായാതെ നില്ക്കുന്ന ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ ലോകമുള്ള കാലത്തോളം മഹാഗുരുവിന്റെ സ്മരണ പുതുക്കുവാന്‍ ഹേതുവാകുകയും ചെയ്യുന്നു. മനുഷ്യ ജീവിതത്തെ സമസ്തമേഖലയിലേക്കും ഉയര്‍ത്തുന്നതും ഈ അഷ്ടലക്ഷ്യങ്ങള്‍ ഒഴിവാക്കിയുള്ള മുന്നേറ്റം ജനതയ്ക്കാവില്ലായെന്നും ഗുരുദേവന് കണ്ടറിഞ്ഞിരുന്നു. തീര്‍ത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം തുടങ്ങിയവയിലൂടെ സഞ്ചരിക്കാതെ ഏതൊരാള്‍ക്കാണ് നിലനില്‍ക്കാനാവുക. അതിനാല്‍ സമസ്ത ജനവിഭാഗങ്ങളും ഈ ലക്ഷ്യത്തിലൂടെ ഗുരുവിനെ നിത്യവും സ്മരിക്കുന്നതിനു സംശയം വേണ്ടതില്ല. അതുതന്നെ ശിവഗിരി തീര്‍ത്ഥാടനത്തെ ഇതര തീര്‍ത്ഥാടനത്തില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. ഈ തീര്‍ത്ഥാടനത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: