തിരുവനന്തപുരം: ജനുവരി ഏഴിന് റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം ആര്‍ആര്‍ആറിന്റെ പ്രചരണാര്‍ഥം കേരളത്തിലെത്തിയ സംവിധായകന് എസ്. എസ്. രാജമൗലിക്കും തെലുങ്ക് സൂപ്പര്‍താരങ്ങളായ ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും ഹൃദ്യമായ വരവേല്‍പ്പ് നല്കി തലസ്ഥാനം. ആര്‍ത്തിരമ്പിയെത്തിയ ആരാധകരെ കയ്യില്ലെടുത്ത് സൂപ്പര്‍ ത്രയങ്ങള്‍. രാജമൗലിയുടെയും സംഘത്തിന്റെയും മനം കവര്‍ന്ന് മിന്നല്‍ മുരളിയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ ഹീറോയായ ടൊവിനോ തോമസ്.
കവടിയാര്‍ ഉദയസമുദ്രയില് നടന്ന പ്രീലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ രാജമൗലിയെയും സംഘത്തെയും ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. വേദിയിലെത്തിയ രാജമൗലി മലയാളത്തില്‍ എല്ലാവര്ക്കും നമസ്കാരം പറഞ്ഞാണ് സദസിനെ അഭിസംബോധന ചെയ്തത്. ഒരു സംവിധായകന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തം സിനിമ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായുള്ള തന്റെ അഭേദ്യമായ ബന്ധത്തെക്കുറിച്ചും രാജമൗലി പറഞ്ഞു. ജൂനിയര്എന്ടിആറിനെ നായകനാക്കി ചിത്രീകരിച്ച സിംഹാദ്രിയുടെയും രാംചരണിനെ നായകനാക്കി ചിത്രീകരിച്ച ധീരയുടെയും കേരളത്തിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത രാജമൗലി ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തില്‍ വരാനായതില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം സിനിമാമേഖലയ്ക്ക് നല്കിയ സംഭാവനകള്‍ മഹത്തരമാണെന്നു പറഞ്ഞുകൊണ്ടാണ് രാംചരണ്‍ സംസാരിച്ചത്. മികച്ച അഭിനേതാക്കളെയും സാങ്കേതികവിദ്യകളെയും കേരളം സിനിമാലോകത്തിനു നല്‍കിയിട്ടുണ്ടെന്ന് രാംചരണ്‍ പറഞ്ഞു. മനോഹരമായ കേരളത്തിലെ ഭക്ഷണവും തനിക്കേറെ ആസ്വാദ്യകരമാണെന്ന് രാംചരണ്‍ പറഞ്ഞു. തന്റെ സിനിമാജീവിതത്തിലെ ഒരു സ്വപ്നമാണെന്ന് ആര്‍ആര്‍ആര്‍ എന്ന സിനിമയെന്നും തന്റെ അര്ധസഹോദരനു തുല്യനായ ജൂനിയര്എന്ടിആര് ഇല്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു സിനിമ സാധ്യമാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയുടെ സാങ്കേതികമികവിനെയും സാങ്കേതിക വൈദഗ്ധ്യത്തെയും പ്രകീര്‍ത്തിച്ചാണ് ജൂനിയര്എന്ടിആറും സംസാരിച്ചത്. മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളേറെയാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ദുല്‍ഖറിനെയും ടൊവിനോയെയും പോലുള്ള അഭിനേതാക്കളെയും മികച്ച സാങ്കേതികപ്രവര്‍ത്തകരെയും സിനിമാമേഖലയ്ക്കു നല്കുന്ന ദൈവികത്വം ഉള്ള നാടാണ് കേരളമെന്നും എന്‍ടിആര്‍ പറഞ്ഞു. മികച്ച അന്യഭാഷാ ചിത്രങ്ങളെ ഇരുംകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികളെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിനെത്തിയ നടന് ടൊവിനോ തോമസിന് ആരാധകര്‍ നല്കിയ സ്വീകരണം രാജമൗലിയെയും സംഘത്തെയും അമ്പരിപ്പിച്ചു. ടൊവിനോയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ നിലയ്ക്കാത്ത കയ്യടിയായിരിന്നു. ഒരു താരത്തെ സൂപ്പര്‍ ഹീറോയാക്കണമെന്നതാണ് ഇപ്പോഴും തന്റെ ആഗ്രഹമെന്നും എന്നാല്‍ താന്‍ മലയാളത്തിലെ ഒരു സൂപ്പര്‍ഹീറോയുടെ മുന്നിലാണ് നില്‍ക്കുന്നതെന്നുമാണ് രാജമൗലി ടൊവിനോയുടെ കരം കവര്‍ന്ന് പറഞ്ഞത്. അഭിനയത്തിലെ ബഹുമുഖതയാണ് ടൊവിനോയുടെ മികച്ച നടനാക്കുന്നതെന്നാണ് എന്‍ടിആര്‍ പറഞ്ഞത്. മന്ത്രി ആന്റണി രാജു, ആര്‍ആര്‍ആറിന്റെ നിര്‍മാതാവ് ഡിവിവി ദാനയ്യാ, ഷിബു തമീസ്, റിയാ ഷിബു എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: