മക്കളേ,
നല്ലൊരു നാളെയെക്കുറിച്ച് സ്വപ്നം കാണുന്നവരാണ് നമ്മളെല്ലാം. നമ്മുടെ ജീവിതപാത എന്നും സൗഭാഗ്യങ്ങളുടെ പുഷ്പങ്ങള്‍ വിരിച്ചതാകണമെന്നു നമ്മള് ആഗ്രഹിക്കുന്നു. എങ്കിലും ദൗര്‍ഭാഗ്യങ്ങളും ദുരിതങ്ങളും ജീവിതത്തില്‍ കടന്നുവരുന്നതും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും മങ്ങുന്നതും സാധാരണമാണ്.
ചിലര്‍ പറയുന്നതു കേട്ടിട്ടില്ലെ, ‘ഇന്നൊരു ചീത്ത ദിവസമായിരുന്നു’, ‘ഇപ്പോള്‍ എന്റെ സമയം മോശമാണ്’, എന്നെല്ലാം. യഥാര്‍ത്ഥത്തില്‍ ചില ദിവസങ്ങള്‍ ‘ചീത്ത ദിവസം’ മറ്റു ചിലത് ‘നല്ല ദിവസം’ എന്ന് നമ്മുടെ മനസ്സ് ആ സമയം മുദ്ര കുത്തുന്നതാണ്. ‘ചീത്ത ദിവസം’ എന്ന് നമ്മള് വിചാരിച്ചിരുന്നത് ചില ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍, ‘നല്ല ദിവസം’ ആയിരുന്നു എന്ന് ചിലപ്പോഴെങ്കിലും നമ്മള് തിരിച്ചറിയാറില്ലേ. ‘അന്ന് അങ്ങനെ സംഭവിച്ചത് നന്നായി’ എന്ന് നമ്മള് തന്നെ പറഞ്ഞുപോകാറില്ലേ. കാരണം, കാലം കഴിഞ്ഞപ്പോള്‍ ഒന്നുകില്‍ ചീത്ത എന്നു നമ്മള് വിചാരിച്ച ആ അനുഭവത്തില്‍ നിന്നും എന്തെങ്കിലും വിലപ്പെട്ട ഒരു പാഠം നാം പഠിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍, അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നമുക്കു ഗുണകരമായി മാറിയിരിക്കാം.
ഉദാഹരണത്തിന് നമ്മള് പ്രധാനപ്പെട്ട ഒരു യാത്രയ്ക്കു പോകാനിരിക്കുമ്പോള്‍ വിമാനത്തില്‍ സീറ്റ് കിട്ടാതെപോകുന്നു. നമ്മള് വളരെ ദുഃഖിക്കുന്നു. പക്ഷെ പിന്നീട് ആ വിമാനം അപകടത്തില്‍പ്പെട്ടു എന്നറിയുമ്പോള്‍ ഈശ്വരന് നമ്മെ രക്ഷിച്ചല്ലോ എന്നോര്‍ത്ത് സന്തോഷവും നന്ദിയും കൊണ്ട് ഹൃദയം നിറയുന്നു. അല്ലെങ്കില്‍, പ്രതീക്ഷിച്ച ഒരു ജോലി കിട്ടാതെപോയതില്‍ മനംനൊന്തിരിക്കുമ്പോള് അപ്രതീക്ഷിതമായി അതിലും നല്ല ജോലി കൈവരുന്നു. ഇങ്ങനെ നമ്മുടെ മനസ്സു സൃഷ്ടിച്ച നിര്‍ഭാഗ്യങ്ങള്‍ നിര്ഭാഗ്യങ്ങളല്ലായിരുന്നു, സൗഭാഗ്യങ്ങളായിരുന്നു എന്നു നമ്മള് മനസ്സിലാക്കുന്ന സന്ദര്‍ഭങ്ങള്‍ മിക്കവരുടെയും ജീവിതത്തില്‍ ധാരാളമുണ്ടായിക്കാണും.
ജീവിതയാത്രയില്‍ വന്നുചേരുന്ന, ദൗര്‍ഭാഗ്യം എന്നു നമ്മള് കരുതുന്ന പല അനുഭവങ്ങളും വാസ്തവത്തില്‍ സൗഭാഗ്യമായിരുന്നു എന്നും കഷ്ടപ്പാടുകള്‍ അനുഗ്രഹങ്ങളായിരുന്നു എന്നും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്കു തിരിച്ചറിയാന്‍ സാധിക്കും.
ഒരു മരുഭൂമിയില്‍ ഒരൊറ്റ വൃക്ഷമുണ്ടായിരുന്നു. ആ വൃക്ഷത്തില്‍ ഒരു പക്ഷിയും. വിശാലമായ മരുഭൂമിയില്‍ തന്റെ ഏക അവലംബം ആ വൃക്ഷമാണെന്നു ആ പക്ഷി വിശ്വസിച്ചു. വെള്ളവും ഭക്ഷണവും കിട്ടാതായിട്ടും, ജീവിതം നരകതുല്യമായിട്ടും പക്ഷി ആ വൃക്ഷത്തില്‍ത്തന്നെ താമസിച്ചുവന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണല്‍ക്കാറ്റില്‍ വൃക്ഷം കട പുഴകി വീണു. എന്തു ചെയ്യണമെന്നറിയാതെ പക്ഷി വിഷമിച്ചു. ഒരു നിവൃത്തിയുമില്ലാതായപ്പോള്‍ മറ്റൊരാശ്രയം തേടി ആ പക്ഷി പറക്കാന്‍ തുടങ്ങി. ആഹാരം പോലുമില്ലാതെ നൂറുകണക്കിനു നാഴിക പറന്നു. ഒടുവില്‍ എത്തിച്ചേര്‍ന്നത് പലതരത്തിലുള്ള ഫലവൃക്ഷങ്ങളും നീര്‍ച്ചാലുകളും കൊണ്ട് സമൃദ്ധമായ ഒരു വനപ്രദേശത്താണ്. യഥാര്‍ത്ഥ സമൃദ്ധി എന്തെന്ന് ആ പക്ഷി ജീവിതത്തില്‍ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു. തന്റെ ഏകാവലംബമായ വൃക്ഷം വീണുപോയത് വാസ്തവത്തില്‍ പക്ഷിയെ സംബന്ധിച്ചിടത്തോളം സകല സുഖസൗകര്യങ്ങളുമുള്ള പുതിയൊരു ജീവിതത്തിന്റെ തുടക്കമായിത്തീര്‍ന്നു.
ജീവിതത്തില്‍ പ്രതിസന്ധികളും പരീക്ഷണഘട്ടങ്ങളും ഉണ്ടാകുമ്പോള്‍ അവയെ നേരിടാനറിയാതെ നമ്മള് ദുഃഖത്തിനും നിരാശയ്ക്കും കീഴ്പെട്ടുപോകാറുണ്ട്. പക്ഷെ നമ്മള് പ്രതീക്ഷ കൈവിടാതിരുന്നാല്‍, ശ്രമം കൈവിടാതിരുന്നാല്‍, ഈശ്വരനിലുള്ള നമ്മുടെ വിശ്വാസം കൈവിടാതിരുന്നാല്‍, ഒരു വഴി നമുക്കു തുറന്നുകിട്ടുകതന്നെ ചെയ്യും. അത്തരം പരീക്ഷകള്‍ നമ്മുടെ വളര്‍ച്ചയ്ക്കു വേണ്ടിയായിരുന്നു, നമ്മളെ കൂടുതല്‍ കരുത്തരാക്കാന്‍ വേണ്ടിയായിരുന്നു എന്ന് അപ്പോള്‍ നമ്മള് തിരിച്ചറിയും.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: