കാഞ്ഞിരപ്പള്ളി: എലിക്കുളം-കാഞ്ഞിരപ്പള്ളി റോഡില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായി. തമ്പലക്കാട് മൂലമ്പുഴപ്പടി മുതല്‍ ഓശാനാ മൗണ്ട് വരെയുള്ള ഒരു കിലോമീറ്റര്‍ പ്രദേശത്താണ് വാഹനങ്ങളില്‍ ദിവസേന മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഇറച്ചിക്കടകളിലേയും വീടുകളിലേയും മാലിന്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. റോഡരികില്‍ മാലിന്യം തള്ളിയാല്‍ നടപടി സ്വീകരിക്കുമെന്ന് കാട്ടി പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് ചാക്കില്‍ കെട്ടി റോഡില്‍ തള്ളുന്നത് തുടങ്ങിയത്. ചാക്കിന് മുകളിലൂടെ വാഹനങ്ങള്‍ കയറി ഇറങ്ങുമ്പോള്‍ മാലിന്യം റോഡിലാകെ വ്യാപിക്കുന്നു. ഇതോടെ പ്രദേശമാകെ ദുര്‍ഗന്ധവുമാകും. വളവുകളില്‍ ചാക്കില്‍ കെട്ടി മാലിന്യം തള്ളുന്നത്് ഇരുചക്ര യാത്രികരെയാണ് ഏറെ ബുദ്ധിമുട്ടുന്നത്. വളവ് തിരിഞ്ഞെത്തുമ്പോള്‍ ചാക്കില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിട്ടുണ്ട്.
ഓശാനാ മൗണ്ട് മുതല്‍ മൂലമ്പുഴപ്പടി വരെയുള്ള സ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് ഏറെ ഗുണകരമാണ്. ഇറച്ചി മാലിന്യം തള്ളുന്നതോടെ പ്രദേശത്ത് കുറുക്കന്മാരുടെയും തെരുനായ്ക്കളുടെയും ശല്യവും വര്‍ദ്ധിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രദേശം വൃത്തിയാക്കിയത്. ലോറിയില്‍ മൂന്ന് ലോഡോളം മാലിന്യമാണ് ഇവിടെനിന്ന് മാറ്റിയത്. പ്രദേശത്ത് മാലിന്യം തള്ളുന്നത് തടയാന്‍ സിസിടിവി ക്യാമറയും തെരുവിളക്കുകളും സ്ഥാപിക്കാന്‍ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പാമ്പാടി-നെടുംകുന്നം റോഡിലെ മാന്തുരുത്തി മൂലേക്കുന്നില് മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി തള്ളുന്നത് പതിവായിരിക്കുന്നു. റോഡരികിലെ വള്ളിപ്പടര്‍പ്പുകളില്‍ കിടന്ന് ചീഞ്ഞു നാറുന്ന ഇവ നായ്ക്കള്‍ വലിച്ച് റോഡിലേയ്ക്ക് ഇടുന്നതും പതിവാണ്. നെടുംകുന്നം പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: