ഇന്ത്യയിലെ 22 ദേശീയ നിയമസ സര്‍വകലാശാലകളില്‍ നിയമ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് (ക്ലാറ്റ്-2022) മേയ് 8 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മുതല്‍ 5 മണിവരെ നടത്തും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 4000 രൂപ. എസ്സി/എസ്ടി/ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 3500 രൂപ മതി.
‘ക്ലാറ്റ്-2022’ വിജ്ഞാപനവും വിശദവിവരങ്ങളും www.consoltiumofnlus.ac.in ല്‍ ലഭ്യമാകും. ദേശീയ നിയമ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
പ്രവേശന യോഗ്യത: പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമബിരുദ കോഴ്സുകള്‍ക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 40% മാര്‍ക്ക്/തത്തുല്യ ഗ്രേഡ് മതി. 2022 മാര്‍ച്ച്/ഏപ്രിലില്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ഏക വര്‍ഷ എല്‍എല്‍എം കോഴ്സ് പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍എല്‍ബി/തത്തുല്യ അംഗീകൃത നിയമ ബിരുദമെടുത്തിരിക്കണം. എസ്സി/എസ്ടി/ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക്/തത്തുല്യ ഗ്രേഡ് മതി. 2022 ഏപ്രില്‍/മേയ് മാസത്തില്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ക്ലാറ്റ്-2022 അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല.
പരീക്ഷ: അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള ‘യുജി-ക്ലാറ്റ്-2022’ പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ്, കറന്റ് അഫയേഴ്സ് (പൊതുവിജ്ഞാനം ഉള്‍പ്പെടെ) ലീഗല്‍ റീസണിങ്, ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് എന്നിവയില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 150 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ കാല് (0.25) മാര്‍ക്ക് വീതം കുറയ്ക്കും.
‘പിജി-ക്ലാറ്റ് 2022’- ല്‍ കോസ്റ്റിറ്റിയൂഷണല്‍ ലോ, ജൂറിസ്പ്രുഡന്‍സ്, അഡ്മിനിസ്ട്രേറ്റീവ് ലോ, ലോ ഓഫ് കോണ്‍ട്രാക്ട്, ടോര്ട്ട്സ്, ഫാമിലി ലോ, ക്രിമിനല്‍ ലോ, പ്രോപ്പര്‍ട്ടി ലോ, ലേബര്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ലോ വിഷയങ്ങളില്‍ 120 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. 2 മണിക്കൂര്‍ സമയം ലഭിക്കും. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ കാല് (0.25) മാര്‍ക്ക് വീതം കുറയ്ക്കും. ടെസ്റ്റിലൂടെ വിദ്യാര്‍ത്ഥികളുടെ കോംപ്രിഹന്‍ഷന്‍ എബിലിറ്റികള്‍ പരിശോധിക്കപ്പെടും.
ക്ലാറ്റ്-2022 പരീക്ഷാ ഘടനയും സിലബസുമെല്ലാം വെബ്സൈറ്റില്‍ ലഭിക്കും. പൊതുപ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് നിയമബിരുദം, ബിരുദാനന്തര പഠനത്തിന് ഇനിപറയുന്ന ദേശീയ നിയമ സര്‍വ്വകലാശാലകളിലാണ് അവസരം. നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബാംഗ്ലൂര്‍, കോഴ്സുകള്‍ ബിഎഎല്‍എല്‍ബി (ഓണേഴ്സ്), സീറ്റുകള്‍-120, എല്‍എല്‍എം സീറ്റുകള്‍-50; നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്), കൊച്ചി കോഴ്സുകള്‍ ബിഎഎല്‍എല്‍ബി ഓണേഴ്സ്, എല്‍എല്‍എം; നല്‍സാര്‍ ഹൈദ്രാബാദ്- ബിഎഎല്‍എല്‍ബി (ഓണേഴ്സ്)-120, എല്‍എല്‍എം-50; നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂണിവേഴ്സിറ്റി, ഭോപ്പാല്‍; വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസ്, കൊല്‍ക്കത്ത, നാഷണല്‍ ലോ യൂണിവേഴ്സിറ്റി ജോധ്പൂര്‍; ഹിദായത്തുള്ള നാഷണല്‍ ലോ യൂണിവേഴ്സിറ്റി റായ്പൂര്‍; നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഒഡീഷ, കട്ടക്; നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്റ് റിസര്‍ച്ച് ഇന്‍ ലോ, റാഞ്ചി; നാഷണല്‍ ലോ യൂണിവേഴ്സിറ്റി ആന്റ് ജുഡീഷ്യല്‍ അക്കാഡമി, ആസാം; ദാമോദരം സഞ്ജയ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, വിശാഖപട്ടണം; തമിഴ്നാട് നാഷണല്‍ ലോ യൂണിവേഴ്സിറ്റി, തിരുച്ചിറപ്പള്ളി; മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി മുംബൈ; മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി, നാഗ്പൂര്‍; മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഔറംഗാബാദ്; ഹിമാചല്‍ പ്രദേശ് നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഷിംല; ധര്‍മ്മശാസ്ത്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി ജബല്‍പൂര്‍, ഡോ. ബി.ആര്. അംബേദ്കര്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി സോനപ്പറ്റ്. കോഴ്സുകളുടെ വിശദാംശങ്ങളും ഫീസ് നിരക്കുകളും ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അതത് സര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: