പത്തനംതിട്ട: കരഭൂമിയിലെ കൃഷികള്‍ നശിപ്പിച്ചിരുന്ന കാട്ടുപന്നികള്‍ വയലുകളിലേക്കും എത്തിത്തുടങ്ങിയതോടെ നെല്‍കര്‍ഷകരും പൊറുതിമുട്ടി. മുന്‍കാലങ്ങളില്‍ കപ്പ, മറ്റ് കിഴങ്ങു വര്‍ഗങ്ങള്‍, വാഴ, ഇഞ്ചി, തെങ്ങ്, റബ്ബര്‍ തൈകള്‍ തുടങ്ങിയവയായിരുന്നു കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ഇവയുടെ ശല്യം നെല്‍വയലുകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ജില്ലയുടെ പല ഭാഗങ്ങളിലും പ്രതിരോധവേലി തീര്‍ത്താണ് നെല്ലുവയലുകള്‍ സംരക്ഷിക്കുന്നത്. വിത നടത്തി ഞാറു മുളയ്‌ക്കുന്നതു മുതല്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു. കൊയ്‌ത്ത് ആകുന്നതുവരെ ഇതു തുടരും. വയലില്‍ ഇറങ്ങി കൂത്താടുന്ന പന്നിക്കൂട്ടം നെല്ല് പൂര്‍ണമായി നശിപ്പിക്കും. നെല്ല് കതിരണിയാന്‍ തുടങ്ങുമ്പോഴുണ്ടാകുന്ന മണം ഏറ്റാല്‍ ശല്യം കൂടും. കൂട്ടമായി വരുന്ന പന്നികള്‍ നെല്ലു ചെടികള്‍ ചവിട്ടി മെതിച്ചു കളയും. നെല്ല് കതിരിട്ടാല്‍ പിന്നെ കര്‍ഷകര്‍ ഉറക്കമുപേക്ഷിച്ച് കാവലിരിക്കുകയാണ് പതിവ്.
പടക്കം പൊട്ടിച്ചും കുപ്പികളും പാട്ടയും കെട്ടിത്തൂക്കി ശബ്ദം ഉണ്ടാക്കിയുമാണ് പന്നിയെ ഓടിച്ചിരുന്നത്. പ്ലാന്റേഷന്‍ മേഖലയോടു ചേര്‍ന്നു കിടക്കുന്ന കൊടുമണ്‍, വള്ളിക്കോട് പഞ്ചായത്തുകളിലെ നെല്ലുകര്‍ഷകരാണ് കാട്ടുപന്നിയുടെ ശല്യം കൂടുതലായി അനുഭവിക്കുന്നത്. കൃഷിഭവന്റെയും കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും നിര്‍ദേശ പ്രകാരം ശാസ്ത്രീയമായ ചില പ്രതിരോധ മാര്‍ഗങ്ങളും കര്‍ഷകര്‍ പരീക്ഷിക്കുന്നുണ്ട്.
പന്നിയുടെ പാതയില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതാണ് ഒരു മാര്‍ഗം. ഒരു ലിറ്റര്‍ എക്കോടോണ്‍ രണ്ടര ഇരട്ടി വെള്ളവുമായി കലര്‍ത്തി ഇതില്‍ ചണച്ചരട് 24 മണിക്കൂര്‍ മുക്കിവച്ച് ഓരടി അകലത്തില്‍ കുറ്റികള്‍ സ്ഥാപിച്ച് വലിച്ചുകെട്ടുന്നതാണ് മറ്റൊരു മാര്‍ഗം. ലായനിയുടെ മണം കാരണം പന്നികള്‍ എത്തില്ലെന്ന നിഗമനത്തിലാണ് പരീക്ഷണങ്ങള്‍. ഇത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: