പത്തനംതിട്ട: സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി. ജില്ലാ തലത്തില്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരുടെ സംഘവും, പോലീസ് സ്റ്റേഷന് തലത്തില്‍ ഒരു എസ്ഐ, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ക്രിമിനലുകളുടെ വരുമാന സ്രോതസ്സുകളും, സമ്പത്തും അന്വേഷിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും കണ്ടെത്തും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവും സ്പര്‍ദ്ധ ഉണ്ടാക്കുന്നതും മറ്റുമുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നിയമ നടപടി കര്‍ശനമാക്കി. സാമൂഹിക വിരുദ്ധര്‍, ഗൂണ്ടകള്‍ തുടങ്ങിയവര്‍ക്കെതിരെ മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും, പുതുതായി ജില്ലയില്‍ സ്റ്റേഷന് തലത്തില്‍ റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ തയാറാക്കുകയും ചെയ്യുന്നുണ്ട്.
ക്രിമിനല്‍ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിസംബര്‍ 18 മുതല്‍ 25 വരെ സാമൂഹിക വിരുദ്ധര്‍, ഗൂണ്ടകള്‍ തുടങ്ങിയ 599 പേരെ പരിശോധന നടത്തി. 280 പേരുടെ വീടുകള്‍ റെയ്ഡ് ചെയ്തു. ഗുണ്ടാലിസ്റ്റില്‍പെട്ടവരില്‍ 141 പേരെ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് വരുത്തി. മുന്‍കരുതലായി 107 ആളുകളെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടി തുടങ്ങിയതായും പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: