സര്‍വകലാശാലയിലെ രാഷ്ട്രീയ ഇടപെടലില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇതാദ്യമല്ല. അതിന് നാം അല്‍പ്പം പിന്നിലേക്ക് നോക്കിയാലൊരു ചരിത്രമുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ പദവി സംബന്ധിച്ച് തൊണ്ണൂറുകളുടെ തുടക്കത്തില്‍ തമിഴ്നാട്ടിലായിരുന്നു ഇന്ത്യയിലെതന്നെ ആദ്യത്തെ ഗവര്‍ണര്‍-മുഖ്യമത്രി പോര് അരങ്ങേറിയത്. അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ എം. ചെന്നറെഡ്ഡിയെ തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത് തമിഴ് മക്കളുടെ പുരട്ച്ചി തലൈവി ജെ. ജയലളിതയാണ്. 1993ല്‍ ജയലളിതയുടെ പാര്‍ട്ടിയായ എഐഡിഎംകെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെയാണ് തമിഴ്നാടിന്റെ പതിനേഴാമത് ഗവര്‍ണറായി എം. ചെന്നറെഡ്ഡി സ്ഥാനമേല്‍ക്കുന്നത്. ഈ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കേന്ദ്രഭരണ പാര്‍ട്ടിയായ കോണ്‍ഗ്രസും എഐഡിഎംകെയും തമ്മില്‍ അസ്വാരസ്യങ്ങള്‍ മൂര്‍ഛിച്ചു. ചെന്നൈയിലെ ചെക്ക്പേട്ടിലുള്ള ആര്‍എസ്എസ് ആസ്ഥാനത്ത് 1993ല്‍ നടന്ന ബോംബ് സ്ഫോടന വിവരം തന്നെ യഥാസമയം അറിയിച്ചില്ലെന്ന ഗവര്‍ണറുടെ ആരോപണവും പത്രപ്രസ്താവനയുമാണ് അന്ന് ജയലളിത ക്യാമ്പിനെ ചൊടിപ്പിച്ചത്. അക്കാലത്ത് ഒരു ഉപതെരഞ്ഞെടുപ്പിനിടെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോര്‍ട്ട് തനിക്ക് നേരിട്ട് ലഭിക്കണമെന്ന് ചീഫ് സെക്രട്ടറി ടി. വെങ്കിട്ടരാമനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്തോടെ ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി.
ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ നോക്കരുതെന്ന് ജയലളിത തെരഞ്ഞെടുപ്പ് പ്രസംഗവേദിയില്‍ തിരിച്ചടിച്ചു. പിന്നീടാണ് മദ്രാസ് സര്‍വകലാശാല വിവാദം ഉടലെടുക്കുന്നത്. വിസി പദവിയിലേക്ക് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത പേരുകള്‍ ചാന്‍സലറായ ഗവര്‍ണര്‍ ചെന്നറെഡ്ഡി നിരസിച്ചു. ഇതോടെ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി ജയലളിത തന്നെ സ്ഥാനം ഏറ്റെടുത്തു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള തര്‍ക്കം വര്‍ധിച്ചുവന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രമേയം വരെ പാസാക്കി. 1994, 95 കാലത്ത് ഗവര്‍ണറുടെ റിപ്പബ്ലിക്ക് ദിന ചായ സല്‍ക്കാരവും ജയലളിത ബഹിഷ്കരിച്ചു. ടാന്‍സി ഭൂമി കേസിലും കല്‍ക്കരി ഇടപാടിലും ജയലളിതയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ പ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങി. തര്‍ക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ നരസിംഹ റാവുവിന്റെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണര്‍ അല്പം പിന്നോട്ടാഞ്ഞു. തുടര്‍ന്ന് 1996ല്‍ ഗവര്‍ണറുടെ സല്‍ക്കാരം സ്വീകരിക്കാന്‍ ജയലളിത നേരിട്ടെത്തി. പിന്നീട് നിയമസഭയെ അഭിസംബോധന ചെയ്യുമ്പോള്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം പ്രോചോദിപ്പിക്കത്തക്ക വിധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെയാണ് മൂന്ന് വര്‍ഷം നീണ്ട ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തിന് അയവുണ്ടാകുന്നത്.
കേരളത്തില്‍ സര്‍വകലാശാല നിയമന വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി ഇടപെടലിന്റെയും ചുവപ്പന്‍ നാട മുറിയുമോ എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ പുറത്തുവന്ന കണ്ണൂര്‍ വിസിയുടെ നിയമനവും കാലടി സംസ്കൃത സര്‍വകലാശാല വിസി നിയമനം, കേരള കലാമണ്ഡലം, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ യുജിസി അംഗീകാരം, കാലടി സര്‍വകലാശാലയിലെ പിജി പ്രവേശന വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. നിയമനം ചട്ടം ലംഘിച്ചാണെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞതോടെ കണ്ണൂര്‍ വിസിയുടെ നിയമന വിഷയത്തില്‍ ഇനി ഹൈക്കോടതിയുടെ നിലപാട് നിര്‍ണായകമാണ്. തമിഴ്നാട്ടിലെ സംഭവവികാസങ്ങള്‍ക്ക് സമാനമായി സര്‍ക്കാരും ഗവര്‍ണറും നിയമപോരാട്ടത്തിലേക്ക് കടക്കുമ്പോള്‍ കോടതിയുടെ നിലപാടുകള്‍ നിര്‍ണായകമാകും.
സര്‍വകലാശാലയിലെ ചുവപ്പന്‍ രാഷ്ട്രീയം
സര്‍വകലാശാലകള്‍ രാഷ്ട്രീയ മുക്തമാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ഇഷ്ടക്കാര്‍ക്ക് ഇരിപ്പിടമൊരുക്കാനുള്ള തത്രപ്പാടിലാണ്. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവര്‍ത്തിക്കുമ്പോഴും കണ്ണൂര്‍ വിസിയുടെ നിയമന സമയത്ത് എന്തുകൊണ്ട് എതിര്‍ത്തില്ലെന്ന മറുചോദ്യവുമായാണ് മുഖ്യമന്ത്രി ഗവര്‍ണറെ സംശയനിഴലില്‍ നിര്‍ത്തുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദമെന്ന വിശദീകരണം നിയമന അധികാരിയായ ഗവര്‍ണര്‍ ആവര്‍ത്തിക്കുമ്പോള്‍ ഇഷ്ടക്കാരെ നിയമിക്കാനുള്ള വലിയ നീക്കങ്ങളാണ് പുറത്തുവരുന്നത്. കണ്ണൂര്‍ സര്‍വകലാശാല നിയമനങ്ങളില്‍ സുതാര്യതയില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുമ്പോഴും പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഗവര്‍ണര്‍ ചാന്‍സലറായിരിക്കുന്നത് സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനാണ്. എന്നാല്‍ താന്‍ പരമാവധി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന മറുപടിയാണ് ഗവര്‍ണര്‍ നല്‍കുന്നത്. സര്‍വകലാശാലാചട്ടങ്ങള്‍ നിലവില്‍ വന്ന ശേഷം ആദ്യമായാണ് കേരളത്തില്‍ ഒരു വൈസ്ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുന്നത്. വിസി നിയമനത്തിന് നിയോഗിച്ച സെര്‍ച്ച്കമ്മിറ്റി റദ്ദാക്കിയാണ് തുടക്കം. തുടര്‍ന്ന് വീണ്ടും ഗോപിനാഥ് രവീന്ദ്രന് നിയമനം നല്കി. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്കാന് ശിപാര്‍ശ നല്‍കിയത് ആരെന്ന ചോദ്യവും ബാക്കിയാണ്. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടി.
ഗവര്‍ണറുടെ പ്രതിഷേധത്തോടെ സര്‍വകലാശാലയിലെ നിയമനത്തിനു പിന്നിലെ കള്ളക്കളികളാണു പുറത്തുവരുന്നത്. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ആണ് ശുപാര്‍ശ ചെയ്തതെന്ന ആരോപണമുണ്ട്. 60 വയസ് കഴിഞ്ഞ വ്യക്തികളെ വിസിയാക്കരുതെന്ന സര്‍വകലാശാല ചാട്ടവും മറികടന്നായിരുന്നു ഗോപിനാഥ്രവീന്ദ്രന്റെ നിയമനം. അന്ന് സംശയം ഉന്നയിച്ച ഗവര്‍ണര്‍ക്ക് അഡ്വക്കേറ്റ് ജനറലിന്റെ നിയോമോപദേശം എത്തിച്ചാണ് നിയമന നടപടിക്രമം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഇതേസമയം ഗവര്‍ണര്‍ ആവശ്യപ്പെടാതെ തന്നെയാണ് എജിയുടെ നിയമോപദേശം എത്തിച്ചതെന്നും ശ്രദ്ധേയമാണ്. ഇയാളെ തന്നെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍വകലാശാല നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലാത്ത സാഹചര്യമാണിപ്പോള്‍.
കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനു നടപടിക്രമം പാലിച്ചില്ലെന്നും പ്രായപരിധി കണക്കിലെടുത്തില്ലെന്നും ഗവര്‍ണര്‍ അടിവരയിട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, യുജിസി ചട്ടപ്രകാരം 60 കഴിഞ്ഞയാളെയും നിയമിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അതിനിടെ കാലടി സര്‍വകലാശാലയിലെ പിജി പ്രവേശന വിവാദം കനക്കുന്നതിനിടെ വിശദീകരണവുമായി കാലടി സംസ്കൃത സര്‍വകലാശാല രംഗത്തെത്തി. തോറ്റ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വാദം. ആദ്യ അഞ്ച് സെമസ്റ്റര്‍ വിജയിച്ച ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത് എന്നാണ് സര്‍വകലാശാല പറയുന്നത്. ഇത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നും ആറാം സെമസ്റ്റര്‍ ഫലം വൈകുന്നതിനാലാണ് ഇത്തരത്തില്‍ പ്രവേശനം നല്‍കിയതെന്നുമാണ് ന്യായീകരണം.
എന്നാല്‍ തോറ്റവര്‍ക്ക് വേണ്ടി സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് പ്രത്യേക പുനഃപരീക്ഷ നടത്തിയതില്‍ സര്‍വകലാശാല പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിഎ തോറ്റ 35 വിദ്യാര്‍ഥികള്‍ കഴിഞ്ഞ മൂന്ന് മാസമായി എംഎ ക്ലാസിലിരുന്ന് പഠിക്കുന്ന സാഹചര്യമാണ്. ബിഎ തോറ്റവര്‍ക്കും കാലടിയില്‍ എംഎക്ക് പ്രവേശനം നല്‍കിയതില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് പറഞ്ഞത് നിലവില്‍ സര്‍വകലാശാല വിസിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സര്‍വകലാശാല വിസി ഡോ എം.കെ. ജയരാജ് തന്നെയാണ്. പിജിക്ക് പ്രവേശനം ലഭിച്ച അവസാന വര്‍ഷ ബിരുദക്കാരില്‍ 35 പേര് തോറ്റു. ഇവര്‍ക്കെല്ലാം സര്‍വകലാശാല ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു പുനപരീക്ഷ നടത്തുകയാണിപ്പോള്‍ സര്‍വകലാശാല. പരീക്ഷ തോറ്റാല്‍ സര്‍വകലാശാലകള്‍ നടത്തുന്നത് സപ്ലിമെന്ററി പരീക്ഷ മാത്രമാണ്. കാലടിയില്‍ നിലവില്‍ വിസിയും പിവിസിയും ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് പരീക്ഷ ചുമതലയുള്ള കണ്ട്രോളര് ക്രമക്കേട് നടത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനെല്ലാം കുടപിടിക്കുന്നത് ഭരണസ്വാധീനമുള്ള നേതാക്കള്‍ തന്നെയാണെന്നതാണ് കൗതുകം. തോറ്റവര്‍ക്ക് പ്രവേശനം നല്കുന്നതില് തെറ്റില്ലെന്നായിരുന്നു പരീക്ഷാ കണ്‍ട്രോളറുടെ വിശദീകരണം.
നിയമനം നേതാക്കന്മാരുടെ അടുപ്പക്കാര്‍ക്ക്…
സര്‍വകലാശാലകളില്‍ നിയമനം ലഭിക്കാന്‍ യോഗ്യതയ്ക്ക് അപ്പുറം നേതാക്കന്മാരോടുള്ള സമീപനവും അന്തര്‍ധാരയും സജീവമായാല്‍ മാത്രം മതിയെന്നാണ് അടുത്തിടെ കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്ന നിയമനങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനവും, മന്ത്രി പി. രാജീവിന്റെ ഭാര്യയ്ക്ക് കൊച്ചി സര്‍വകലാശാലയില്‍ നിയമ വകുപ്പില്‍ അസി. പ്രൊഫസറായി നിയമനം നല്കിയതും ഇതിന് ഉദാഹരണങ്ങളാണ്. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനുള്ള പാരിതോഷികമാണെന്നാണ് ആക്ഷേപം ഉയരുന്നത്. മികച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് രാഗേഷിന്റെ ഭാര്യയെ കണ്ണൂരില്‍ മലയാളം അസോസിയേറ്റ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പരാതി. അപേക്ഷ കൊടുത്തതിന്റെ അടുത്ത ദിവസം തന്നെ സ്ക്രീനിങ് നടത്തിയായിരുന്നു വേഗത്തിലുള്ള നീക്കങ്ങള്‍. സ്പീക്കര്‍ എംബി രാജേഷിന്റെ ഭാര്യയുടെ സംസ്കൃത സര്‍വകലാശാലയിലെ നിയമനവും മുന്‍ എംപി പി.കെ. ബിജുവിന്റെ ഭാര്യയെ കേരള യൂണിവേഴ്സിറ്റിയില്‍ ബയോ കെമിസ്ട്രി വിഭാഗത്തില്‍ നിയമിച്ചതും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഇടത് എംഎല്‍എ ഷംസീറിന്റെ ഭാര്യയുടെ നിയമനവും ഇക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി ഇടപെട്ടാണ് റദ്ദാക്കിയത്. ഗവര്‍ണര്‍- മുഖ്യമന്ത്രി പോര് കടുക്കുമ്പോള്‍ രാഷ്ട്രീയ ഇടപെടലുകള്‍ എണ്ണിയെണ്ണി പറഞ്ഞ് തിരുത്ത് വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.
എന്നാല്‍ ഒരു തിരുത്തും നിലവിലെ സാഹചര്യത്തില്‍ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മന്ത്രി കെ.എന്‍. ബാലഗോപാലും ചീഫ് സെക്രട്ടറി വി.പി. ജോയിയും കഴിഞ്ഞ ദിവസം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നിയമന വിഷയങ്ങളില്‍ അതേനിലപാട് തന്നെയാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഗവര്‍ണര്‍ മുന്നോട്ടുവച്ച പ്രധാന ചോദ്യങ്ങള്‍ ഇവയാണ്:
കാലടി സംസ്കൃത സര്‍വകലാശാല: സേര്‍ച് കമ്മിറ്റി കഴിഞ്ഞ ദിവസം ഒരാളുടെ പേരാണ് വിസി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. യുജിസി ചട്ടപ്രകാരം 3 പേരുടെ പാനല്‍ സമര്‍പ്പിക്കണമെന്നു പറഞ്ഞപ്പോള്‍, സര്‍വകലാശാലാ നിയമപ്രകാരം ഒരു പേരു സമര്‍പ്പിച്ചാലും മതിയാകുമെന്നായിരുന്നു മറുപടി. കണ്ണൂരില്‍ യുജിസി ചട്ടവും സംസ്കൃത സര്‍വകലാശാലയില്‍ സര്‍വകലാശാലാ ചട്ടവും സ്വീകരിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല.
കേരള കലാമണ്ഡലം: വിസിയുടെ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയപ്പോള്‍ വിസി ഗവര്‍ണര്‍ക്കെതിരെ കേസിനു പോയി. വിസിക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു?
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല: അടിയന്തര ഘട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഓര്‍ഡിനന്‍സ് മാര്‍ഗം തേടി. അധ്യാപകരെ നിയമിക്കാത്തതിനാല്‍ സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരമില്ല. അധ്യാപക നിയമനം ജനുവരി 31നു മുന്‍പ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ രണ്ടാം വര്‍ഷവും കോഴ്സ് നടത്താനാകില്ല. വിസിക്കു ശമ്പളം ലഭിക്കുന്നില്ലെന്നു മൂന്ന് കത്തെഴുതിയെങ്കിലും മറുപടിയില്ല.
സര്‍വകലാശാലാ അപ്ലറ്റ് ട്രൈബ്യൂണലിനെ ഹൈക്കോടതിയുമായി ആലോചിച്ചു ചാന്‍സലര്‍ നിയമിക്കുകയെന്ന വ്യവസ്ഥ ഒഴിവാക്കി. ഹൈക്കോടതിയുമായി ആലോചിക്കേണ്ടെന്നു വരുന്നതോടെ സര്‍ക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: