ന്യൂദല്‍ഹി : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ദല്‍ഹി സര്‍ക്കാര്‍. കോവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു. സംസ്ഥാനത്തെ ഉന്നതതല പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് ഈ തീരുമാനം.
കോവിഡ് നിയന്ത്രണമായി സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വ്വീസുകളൊഴികെയുള്ള സേവനങ്ങള്‍ക്കാകും ലെവല്‍ വണ്ണില്‍ നിയന്ത്രണം ബാധകമാവുക. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടയ്ക്കും. സിനിമാ തിയേറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തും. രണ്ടുദിവസത്തിലധികമായി ദല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തില്‍ കൂടുതലാണ്. ഒമിക്രോണ്‍ വ്യാപനവും കൂടി കണക്കിലെടുത്താണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി കുറയ്ക്കും. ബസുകളിലും, മെട്രോകളിലും 50 ശതമാനം യാത്രക്കാരെ മാത്രമാകും അനുവദിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അരവിന്ദ് കേജ്രിവാള് അറിയിച്ചു.
അതേസമയം രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്നതിനെ നേരിടാന്‍ മുമ്പത്തെക്കാള്‍ പത്തിരട്ടി കൂടുതല്‍ സജ്ജമാണ് ദല്ഹിയിപ്പോഴെന്ന് കേജ്രിവാള് പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഓക്സിജന്‍ ഉപഭോഗം, വെന്റിലേറ്റര്‍ ഉപയോഗം എന്നിവയില്‍ വര്‍ധനയില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കലും മാസ്ക് ഉപയോഗവും ഉറപ്പാക്കാനും ദല്‍ഹിയിലെ ജനങ്ങളോട് കെജ്രിവാള് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: