പാലക്കാട്: ചിറ്റിലഞ്ചേരി കടമ്പിടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേട്. ഓഡിറ്റ് പൂര്‍ത്തിയാവാത്ത നാലു വര്‍ഷത്തില്‍ 13.33 ലക്ഷം രൂപയുടെ ക്രമക്കേടാണ് ജില്ലാതല പരിശോധന സമിതി കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നടപടി സ്വീകരിക്കാന്‍ ഭരണസിമിതിയ്ക്ക് ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി.
കാലിത്തീറ്റ വില്‍പ്പനയിലും, സംഘത്തിന്റെ പണം തിരിമറി നടത്തിയും, അനധികൃതമായി ചിലവുകള്‍ രേഖപ്പെടുത്തിയുമാണ് ഇത്രയും തുക ക്രമക്കേടിലൂടെ സംഘം സെക്രട്ടറി കെ. സന്തോഷ് കുമാര്‍ അപഹരിച്ചതാണ് കണ്ടെത്തിയത്. 28 വര്‍ഷമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘത്തിലെ ഭരണം നടത്തുന്നത്.
അവസാനം ഓഡിറ്റ് നടന്ന 2016-2017 സാമ്പത്തിക വര്‍ഷത്തിലും സെക്രട്ടറി എട്ടു ലക്ഷം രൂപയിലധികം ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഭരണസമിതി തുടര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാതല സമിതി പരിശോധന നടത്തിയത്.
സംഘത്തില്‍ കാലിത്തീറ്റ വില്‍പ്പന നടത്തിയതിന്റെ തുക തിരിമറി നടത്തിയും, പാ
ല്‍ വില്‍പ്പന തുക വരവിനത്തില്‍ കാണിക്കാതെയുമാണ് തട്ടിപ്പ്. കൂടാതെ, കര്‍ഷകരുടെ പക്കല്‍നിന്ന് കാലിത്തീറ്റ വില ഈടാക്കിയിട്ടും അവര്‍ തരാനുണ്ടെന്ന് കാണിച്ചും തട്ടിപ്പ് നടത്തി. മാത്രമല്ല, ഭരണസമിതി തീരുമാനമില്ലാതെ താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ചതായി കാണിക്കുകയും, പാല് വില ലഭിച്ചത് സംഘത്തില്‍ വരവു വെയ്ക്കാതെയും, വ്യാജ ബില്ലുകളും വൗച്ചറുകളും ഉപയോഗിച്ചുമാണ് പണാപഹരണം നടത്തിയത്.
സെക്രട്ടറിയില്‍ നിന്ന് 15 ദിവസത്തിനകം പണം തിരിച്ചുപിടിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഭരണസമിതിയെ നീക്കുമെന്നും കാണിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ കത്ത് നല്കി. കത്ത് ലഭിച്ചിട്ടുണ്ടെന്നും സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സംഘം പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: