കൊല്ലം: പരിസ്ഥിതിസ്നേഹികളുടെ നിലയ്ക്കാത്ത പോരാട്ടത്തിനൊടുവില്‍ ആശ്രാമത്തെ അഞ്ചേക്കര്‍ പ്രദേശം ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇവയുടെ തുടര്‍നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. നഗരസഭയും റവന്യൂവകുപ്പും തട്ടിക്കളിച്ച് കേന്ദ്രത്തിലെ മിയാവാക്കി വനം, ശലഭോദ്യാന പദ്ധതികള്‍ കടലാസില്‍ ഒതുക്കി.
അഷ്ടമുടിക്കായല്‍ തീരത്തെ കണ്ടല്‍കാടുകളും അതിനെ ചുറ്റിപറ്റി വ്യാപിച്ചു കിടക്കുന്ന ആവാസ വ്യവസ്ഥയുമാണ് സംരക്ഷിത പ്രദേശമായി 2019 ജൂണ്‍ അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊല്ലം നഗരത്തിന്റെ ശ്വാസകോശം എന്നു വിശേഷിപ്പിക്കുന്ന കണ്ടല്‍ കാടുകള്‍ തീരസംരക്ഷണത്തിനു പ്രധാന പങ്കു വഹിക്കുന്നു.
സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് പദ്ധതിക്ക് അംഗീകാരം നല്കി 15 ലക്ഷം രൂപ കോര്പ്പറേഷന് കൈമാറിയിട്ട് മാസങ്ങളായിട്ടും ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന മട്ടിലാണ് റവന്യൂവകുപ്പും കോര്‍പ്പറേഷനും. ജോലികള്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന് കരാര്‍ നല്‍കിയെങ്കിലും ഭൂമിയുടെ ഉടമസ്ഥതാവകാശം റവന്യൂവകുപ്പിന് ആയതിനാല്‍ അവരുടെ അനുമതി ഇല്ലാതെ ജോലികള്‍ ആരംഭിക്കാന്‍ കഴിയില്ല.
ജൈവവൈവിധ്യ ബോര്‍ഡ് പൈത്യക കേന്ദ്രമായി പ്രഖ്യാപിച്ച ആശ്രാമത്തെ ഭൂമിയില്‍ 10 സെന്റ് സ്ഥലത്ത് ശലഭോദ്യാനം സ്ഥാപിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് റവന്യു വകുപ്പിന് കത്തു നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കോര്‍പ്പറേഷന്റെ അപേക്ഷയില്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ അഭിപ്രായത്തിനായി കത്തെഴുതി കാത്തിരിക്കുകയാണ് റവന്യൂ വകുപ്പ്. പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങളുടെയും മരങ്ങളുടെയും ശേഖരമാണ് മിയാവാക്കി വനം.
ശലഭങ്ങളെ ആകര്‍ഷിക്കുന്ന ചെടികള്‍ വെച്ചുപിടിപ്പിക്കുക. തദ്ദേശിയമായ കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുക. നിലവിലുളള അപൂര്‍വ്വ മരങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പഠന സൗകര്യങ്ങള്‍ ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: