ഹൈദരാബാദില്‍ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ദേശീയ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സുപ്രീംകോടതിയിലെ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ പറഞ്ഞ കാര്യങ്ങളില്‍ നമ്മുടെ നീതിന്യായ സംവിധാനം സ്വതന്ത്രവും സുതാര്യവും കാര്യക്ഷമവുമാകണമെന്ന് ചിന്തിക്കുന്നവരുടെയൊക്കെ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ നിയമസംവിധാനം ഭാരതവല്‍ക്കരിക്കേണ്ട സമയമായി. ഇന്നാട്ടില് നിയമസംവിധാനം ഇല്ലായിരുന്നുവെന്നും, ബ്രിട്ടീഷുകാരുടെ വരവാണ് നിയമനിര്‍മാണങ്ങള്‍ക്ക് ഇടയാക്കിയതെന്നുമുള്ള വാദം ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടി പറഞ്ഞുണ്ടാക്കിയതാണ്. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ ഈ അഭിപ്രായം നീതിന്യായ സംവിധാനത്തില്‍ വരേണ്ടതും വരുത്തേണ്ടതുമായ മൗലിക മാറ്റത്തിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭാരതീയ നീതിന്യായ സംവിധാനം ലോകത്തിനു തന്നെ മാതൃകയായിരുന്നുവെന്ന് സമുന്നതനായ ഈ ന്യായാധിപന് പറയുമ്പോള്‍ അഭ്യസ്തവിദ്യരായ പലരും നെറ്റിചുളിച്ചേക്കാം. ആരും നിയമത്തിന് അതീതരല്ല എന്ന സങ്കല്പം ഭാരതത്തില്‍നിന്ന് ഉണ്ടായതാണെന്നും, സാധാരണക്കാരന് നീതി ലഭ്യമാക്കുകയെന്നത് ഇതിന്റെ അടിസ്ഥാനമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നസീര്‍, ഈ സംവിധാനം എങ്ങനെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നതെന്നും വിവരിക്കുകയുണ്ടായി. ജനങ്ങളുടെ ക്ഷേമത്തിനാണ് പൗരാണിക ഭാരതത്തിലെ നിയമങ്ങള്‍ ഊന്നല്‍ നല്‍കിയത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ രാജാധികാരം വരെ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. വിദ്യാഭ്യാസ സമ്പ്രദായം കൂടി ഭാരതവല്‍ക്കരിക്കേണ്ട ആവശ്യകതയിലേക്കും ജസ്റ്റിസ് നസീര്‍ വിരല്‍ചൂണ്ടുകയുണ്ടായി.
സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് കഴിഞ്ഞിട്ടും ബ്രിട്ടീഷുകാര്‍ അവരുടെ സാമ്രാജ്യത്വ ഭരണതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം നല്കിയ രീതികളാണ് നാം പല മേഖലകളിലും പിന്തുടരുന്നത്. ‘കൊളോണിയല്‍ കോംപ്ലക്സ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അടിമത്തമനോഭാവത്തിന് നമ്മുടെ നീതിന്യായ സംവിധാനത്തിനു മേലുള്ള പിടി ഇപ്പോഴും ബലിഷ്ഠമാണ്. കോടതി മുറികളില്‍ കടന്നുചെല്ലുന്ന ആര്‍ക്കും ഇതു ബോധ്യമാകും. ഭാഷയിലും വേഷത്തിലും അന്തരീക്ഷത്തിലുമൊക്കെ സായിപ്പിന്റെ കാലത്തെ രീതികളില്‍നിന്ന് നാം ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ല. കറുത്തകോട്ടില്‍ മറഞ്ഞിരിക്കുന്ന ന്യായാധിപന്മാരുടെ വേഷഭൂഷകള്‍ മാറേണ്ടതിനെക്കുറിച്ച് പലരും ഉത്തരവാദിത്വബോധത്തോടെ ശബ്ദമുയര്‍ത്തിയിട്ടുണ്ടെങ്കിലും ഒരു ചെറിയ മാറ്റം പോലും സംഭവിക്കുന്നില്ല. കോടതികളില്‍ ഉപയോഗിക്കുന്ന തീര്‍ത്തും വൈദേശികമായ ആചാര ഭാഷയില്‍ നാം ഇപ്പോഴും അഭിമാനം കൊള്ളുകയാണ്! ന്യായാധിപന്മാരെ ലോഡ്ഷിപ്സ്, ലേഡി ഷിപ്സ് എന്നൊക്കെ അഭിസംബോധന ചെയ്ത് നീതിക്കുവേണ്ടി യാചിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് ജസ്റ്റിസ് നസീര്‍ പറയുന്നത് ചെവിക്കൊള്ളാന്‍ നമ്മുടെ നിയമസംവിധാനം തയ്യാറാവണം. നീതി ‘ആവശ്യപ്പെടുന്നതാണ്’ ഭാരതീയ നീതി സങ്കല്പമെന്നും, ഇതിന് കടകവിരുദ്ധമാണ് നീതി ‘അഭ്യര്‍ത്ഥിക്കുന്നത്’ എന്നു കൂടി ജസ്റ്റിസ് നസീര്‍ പറയുന്നതിലെ ഔചിത്യബോധം നാം ഉള്‍ക്കൊള്ളണം. തന്നെ ‘മൈ ലോഡ്’ എന്ന സംബോധന ചെയ്യേണ്ട, സര് എന്നു വിളിച്ചാല്‍ മതിയെന്ന് ഈയിടെ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞത് ഇവിടെ ഓര്‍ക്കാം. നമ്മുടെ നീതിന്യായ സംവിധാനം ഭാരതീയവല്ക്കരിക്കേണ്ടതിനെക്കുറിച്ച് ഉറക്കെ ചിന്തിക്കുകയും, ധീരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള നിയമജ്ഞനാണ് കെ. രാംകുമാര്‍ എന്നതും ഇതിനൊപ്പം പറയേണ്ടതുണ്ട്.
നീതിന്യായ സംവിധാനം കരുത്തുറ്റതായാല്‍ മാത്രം പോര, സുതാര്യവുമാകണം. നീതിനിര്‍വഹണം ഉറപ്പുവരുത്താന്‍ ഇത് ആവശ്യമാണ്. ഇവിടെയും കൊളോണിയല്‍ സംവിധാനം മാറേണ്ടതുണ്ട്. ഭാരതത്തിലെ ജനങ്ങള്‍ക്ക് യോജിച്ചതല്ല ബ്രിട്ടീഷ് നിയമസംവിധാനമെന്നും, നിയമസംവിധാനം ഭാരതവല്‍ക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് നസീര്‍ തീര്‍ത്തു പറയുന്നു. നിയമസംവിധാനത്തിലെ കൊളോണിയല്‍ മനഃസ്ഥിതി തുടച്ചുനീക്കാന്‍ സമയമെടുക്കുമെന്നും, എന്നാല്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച് ചില ചുവടുകള്‍ വയ്ക്കാന്‍ തന്റെ വാക്കുകള്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുമെന്നുമാണ് ഈ ന്യായാധിപന് പ്രതീക്ഷിക്കുന്നത്. ഭാരതത്തിലെ നിയമവാഴ്ചയുടേയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും ഭാവി ഇനി വരുന്ന നിയമജ്ഞരുടെയും ന്യായാധിപന്മാരുടെയും അറിവിനെയും കഴിവിനെയും ദേശസ്നേഹത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഇത്തരം നിയമജ്ഞരും ന്യായാധിപന്മാരും ഭാരതീയമായ അന്തരീക്ഷത്തില്‍ മാത്രമേ വളര്‍ന്നുവരികയുള്ളൂ. ഇവര്‍ ജനിക്കുകയല്ല, പൗരാണിക ഭാരതത്തിലെ കൗടില്യനെയും കാത്യായനനെയും ബൃഹസ്പതിയെയും നാരദനെയും പരാശരനെയും യാജ്ഞവല്ക്യനെയും പോലെ ശരിയായ വിദ്യാഭ്യാസത്തിലൂടെയും, മഹത്തായ പാരമ്പര്യത്തിലൂടെയും സൃഷ്ടിക്കപ്പെടുകയാണെന്നും പറയുമ്പോള്‍ ജസ്റ്റിസ് നസീര്‍ ആത്മാഭിമാനത്തിന്റെ ഒരു പ്രഭാവലയം തീര്‍ക്കുകയാണ്. ആദരണീയനായ ഈ ന്യായാധിപന്റെ വാക്കുകള്‍ മുന്‍നിര്‍ത്തി അര്‍ത്ഥപൂര്‍ണമായ സംവാദങ്ങള്‍ ഉയര്‍ന്നുവരുമെന്നും, രാജ്യത്തിന്റെ നീതിന്യായ സംവിധാനം പരിഷ്കരണത്തിലൂടെ മൂല്യാധിഷ്ഠിതമാവുമെന്നും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: