പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് പോലീസിനു പിന്നാലെ സിബിഐയും. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്ന പോലീസ് നിഗമനം ശരിവച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 24 നാണ് പാലക്കാട് പോക്‌സോ കോടതിയില്‍ തിരുവനന്തപുരം സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന രക്ഷിതാക്കളുടെയും വാളയാര്‍ സമരസമിതിയുടെയും ആരോപണത്തിന് വിരുദ്ധമായാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യയെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞദിവസം പെണ്‍കുട്ടികളുടെ വാളയാര്‍ അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടിലെത്തി സിബിഐ സംഘം ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടത്തിയിരുന്നു. മുഴുവന്‍ സാക്ഷികളുടെയും പ്രതികളുടെയും മൊഴികളും രേഖപ്പെടുത്തി. ജനുവരി ആറിന് കേസ് കോടതി പരിഗണിക്കും.
അതേസമയം സിബിഐയെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ അന്വേഷണത്തിലും കുറ്റപത്രത്തിലും തൃപ്തരല്ല. തങ്ങള്‍ പറഞ്ഞ കാര്യങ്ങളൊന്നും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ഡിവൈഎസ്പി സോജന്റെ നേതൃത്വത്തില്‍ പോലീസ് ചെയ്ത തെറ്റുതന്നെയാണ് സിബിഐയും ചെയ്തിരിക്കുന്നതെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു. മക്കളെ കൊന്നതാരാണെന്ന് കണ്ടെത്തുന്നത് വരെ പോരാട്ടം തുടരും. ഇതുസംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും അമ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: