ബാഴ്സലോണ: മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് സ്പാനിഷ് യുവതാരം ഫെറാന്‍ ടോറസിനെ സ്വന്തമാക്കി ബാഴ്സലോണ. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ പലപ്പോഴും ടോറസ് സൈഡ് ബെഞ്ചിലായിരുന്നു. ശാരീരിക പരിശോധനയ്ക്ക് ശേഷം ടോറസ് ടീമിനൊപ്പം ചേരുമെന്ന് ബാഴ്സലോണ ഔദ്യോഗികമായി വാര്‍ത്ത പുറത്ത് വിട്ടു.
സ്പാനിഷ് ക്ലബ് വലന്‍സിയയില്‍ നിന്നാണ് ടോറസ് സിറ്റിയിലെത്തിയത്. 65 മില്ല്യണ്‍ യൂറൊയ്ക്ക് നാല് വര്‍ഷത്തെ കരാറിലാണ് ഫെറാന്‍ ടോറസ് ബാഴ്സയില്‍ എത്തുന്നത്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന ഏറ്റവും വലിയ ട്രാന്‍സ്ഫറുകളില്‍ ഒന്നാണിത്. സിറ്റിയ്ക്ക് വേണ്ടി 28 മത്സരങ്ങള്‍ കളിച്ച താരം ഒന്‍പത് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കണങ്കാലിന് പരിക്കേറ്റതിനേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ടോറസ് വിശ്രമത്തിലാണ്. അടുത്തയാഴ്ച കളിക്കളത്തിലേക്ക് മടങ്ങിവരാനാകുമെന്ന് താരം പ്രതീക്ഷിക്കുന്നത്. സ്പെയിന്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളില്‍ കളിച്ച ടോറസ് സീനിയര്‍ ടീമില്‍ 22 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: