തിരുവനന്തപുരം: ജില്ലയില്‍ ഗുണ്ടാ ആക്രണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഗുണ്ടകളെ പിടികൂടാന്‍ പോലീസ് റെയിഡ് നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് കഴിഞ്ഞ ദിവസം പോത്തന്‍കോട് അച്ഛനും മകളും ആക്രമണത്തിന് ഇരായകുന്നത്. അതേസമയം തലസ്ഥാനത്തെ ഗുണ്ടകള്‍ക്ക് പൂട്ടിടാനായി 1200 റെയ്ഡ് നടത്തിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളില്‍ 1200 പരിശോധന നടത്തിയെന്നും 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് 21 ഗുണ്ടാ ആക്രമങ്ങളാണ് ഉണ്ടായത്.
ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കള്‍ വാഹനങ്ങള്‍ വെട്ടി തകര്‍ത്തത് ഡിസംബര്‍ 20 ന് ആണ്. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ഒന്‍പത് ലോറിയും, മൂന്നു കാറും, നാല് ബൈക്കുമാണ് തകര്‍ത്തത്. ഡിസംബര്‍ 13 ന് നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ വീട് കയറി ഗുണ്ടാ അക്രമണം. ആറാലുംമൂട് സ്വദേശി സുനിലിന് തലയ്ക്ക് വെട്ടേറ്റു. നാലംഗം സംഘമാണ് മുളക് പൊടി വിതറിയ ശേഷം ആക്രമണം നടത്തിയത്.
ബാലരാമപുരം മുക്കംപാലമൂട് ജ്വല്ലറി ഉടമയുടെ വീട് ആക്രമിച്ച സംഘം അന്ന് തന്നെ നെയ്യാറ്റിന്‍കര ആലുമൂട്ടില്‍ നാലംഗ സംഘം വീട് കയറി ഓട്ടോറിക്ഷാ തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ഡിസംബര്‍ 12നാണ്. ഇതെല്ലാം നടക്കുന്നതിനിടെയാണ് ഗുണ്ടാപ്പകയില്‍ പോത്തന്‍കോട് കൊലപാതകം ഉണ്ടാകുന്നത്. ഡിസംബര്‍ 11 ന് ഓട്ടോ റിക്ഷയിലും ബൈക്കുകളിലുമെത്തിയ 11 അംഗ ഗുണ്ടാ സംഘം പോത്തന്‍കോട് സ്വദശി സുധീഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. കാലുവെട്ടിയെടുത്ത് റോഡിലെറിഞ്ഞു. അതിനുമുന്നേ ആറ്റിങ്ങല്‍ മങ്കാട്ട്മൂലയില്‍ ഗുണ്ടാസംഘം 2 പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പോത്തന്‍കോട് കൊല്ലപ്പെട്ട സുധീഷാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് മറു ചേരി സുധീഷിനെ വെട്ടിക്കൊന്നത്. തിരുവനന്തപുരം പുത്തന്‍ തോപ്പില്‍ പിരിവ് നല്കാത്തതിനാല് കോഴിക്കട ഉടമയെ ഗുണ്ടാ സംഘം മര്‍ദ്ദിച്ച് അവശനാക്കിയത് ഡിസംബര്‍ ഏഴിനാണ്.
നെടുമങ്ങാട് അടിപിടി കേസില്‍ സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചത് നവംബര്‍ 29നാണ്. തിരുവനന്തപുരം പോത്തന്‍കോട്ട് കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത് നവംബര്‍ 29ന്. കണിയാപുരത്ത് വച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഗുണ്ടാ നേതാവായ കണിയാപുരം മസ്താന്‍മുക്ക് സ്വദേശി ഫൈസല്‍ അനസെന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത് നവംബര്‍ 29 നും. നെടുമങ്ങാട് വലിയമലയില്‍ പണയസ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എന്ന വ്യാജേന 5 ലക്ഷം രുപ തട്ടിയെടുത്ത ശേഷം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് തന്നെ വലിയമലയില്‍ കോടതിയില്‍ സാക്ഷി പറഞ്ഞതിന്റെ പേരില്‍ ഗുണ്ടകള്‍ വീട് കയറി ആക്രമിച്ചു. അങ്ങനെ നീളുന്നു ഗുണ്ടാ ആക്രമണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: