ടി. ജയചന്ദ്രന്
ഹിമാലയ സാനുക്കളിലേക്ക് യാത്രകള്‍ പലതവണ നടത്തിയിട്ടുണ്ട്. തീര്‍ത്ഥയാത്രകളായിരുന്നു ഏറെയും. അതിര്‍ത്തിയിലേക്ക് ഒരു പഠനയാത്ര ആദ്യം. സീമാ ജാഗരന്‍ മഞ്ചിന്റെ അതിഥികളായി. അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ എത്തിയ സംഘത്തോടൊപ്പം വടക്ക് കിഴക്കന്‍ ഹിമാലയ യാത്ര. വിദ്യാനികേതന്‍ ഭാരതീയ വിദ്യാപീഠം ഭാരവാഹികള്‍ എന്നനിലയില്‍ എനിക്ക് പുറമെ എ. ഹര്‍ഷകുമാര്‍, വി. വിജയചന്ദ്രന്‍, എസ്.കെ. അനില്‍, എസ്.എല്‍. സുലേഖ, ബിഎംഎസ് പശ്ചിമേന്ത്യാ സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, സീമാ ജാഗരന്‍ മഞ്ച് സഹസംഘടനാ കാര്യദര്‍ശി പി. പ്രദീപന് എന്നിവരായിരുന്നു മലയാളികളായി സംഘത്തിലുണ്ടായിരുന്നത്.
കൊല്ക്കാത്ത കാളി ക്ഷേത്ര ദര്‍ശനത്തോടെയായിരുന്നു യാത്രയുടെ തുടക്കം. ബേലൂര്‍ ശ്രീരാമകൃഷ്ണ മഠവും കണ്ടു, ഭാരതത്തിനു മഹാ പ്രതിഭകളെ സംഭാവന ചെയ്ത ശാന്തിനികേതന്‍ വിശ്വഭാരതി സന്ദര്‍ശിച്ചു ധന്യരായി. കൊല്‍ക്കത്തയില്‍ നിന്ന് സിലിഗുഡിയില്‍. പ്ലസ് ടു വരെയുള്ള സംസ്കൃതം റസിഡന്‍ഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചു. വിദ്യാഭ്യാസം, താമസം, ഭക്ഷണം എല്ലാം സൗജന്യം. സിലിഗുഡിയില്‍നിന്ന് സിക്കിം തലസ്ഥാനമായ ഗാങ്ടോക്കില്‍ എത്തി. സിക്കിമിലെ ചാര്ധാമങ്ങളും ദര്‍ശിച്ച് നാഥുലാ പാസിലേക്ക്.
‘നാഥു’ എന്നാല്‍ തിബറ്റന്‍ ഭാഷയില്‍ ‘കേള്‍ക്കുന്ന ചെവികള്‍’. ‘ലാ’ എന്നാല്‍ വഴി. ചെവി കേള്‍ക്കുന്ന വഴി. നാഥു ലാ ചുരം. ഗാങ്ടോക്കില്‍നിന്ന് 54 കിലോമീറ്റര്‍ ദൂരത്ത്. ഇന്ത്യാചൈനാ അതിര്‍ത്തിയില്‍. സമുദ്രനിരപ്പില്‍നിന്ന് 14,140 അടി ഉയരത്തില്‍. സില്‍ക്ക് റോഡ് അഥവാ പട്ടുപാത എന്നും വിളിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ ദീര്ഘസഞ്ചാരപഥം.
വായിച്ച് ഏറെ അറിഞ്ഞിട്ടുള്ള നാഥുലാ ചുരം നേരിട്ടു കാണുന്നു. ഭാരത സൈന്യം വീരചരിത്രം കുറിച്ച സ്ഥലം. ചൈന നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന പ്രദേശം. യഥാര്‍ത്ഥത്തില്‍ സന്ദര്‍ശകര്‍ക്ക് അവിടെ ഇപ്പോള്‍ പ്രവേശന നിയന്ത്രണമാണ്. സീമാ ജാഗരണ്‍ മഞ്ചിന്റെ അതിഥികളായെത്തിയതിനാല് പ്രത്യേക പരിഗണന. സൈന്യത്തിന്റെ നിര്‍ലോഭമായ സഹായസഹകരണം. നാഥുലായില്‍ അതിശൈത്യം. മൈനസ് രണ്ടു മുതല്‍ ആറു വരെ ആയിരുന്നു താപനില.
- മരിച്ചിട്ടും കാവലാളായ ബാബ ഹര്ഭജന് സിങ്
നാഥുലായെ അവിസ്മരണീയം ആക്കുന്നത് മരിച്ചിട്ടും മരിക്കാത്ത വീര സൈനികന് ബാബ ഹര്ഭജന് സിങ്ങിന്റെ സാന്നിധ്യമാണ്. ചൈനീസ് സൈന്യം ഇന്നും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പേടിയോടെ മാത്രം നോക്കി കാണുന്ന ഇന്ത്യന്‍ സൈനികനാണ് ബാബ ഹര്ഭജന് സിങ്. 1967ല്‍ നടന്ന ഏറ്റുമുട്ടലില്‍ ചൈനീസ് സൈന്യത്തിന് വന്പിച്ച നാശനഷ്ടം വരുത്തി നിരവധി ചൈനീസ് സൈനികരെ വധിച്ചു. ഒടുവില്‍ വീരമൃത്യുവരിച്ച ധീരനായ ബാബ ഹര്ഭജന് സിങ്.
മഞ്ഞുറഞ്ഞ അരുവിയില്‍ മുങ്ങിപ്പോയ അദ്ദേഹത്തിന്റെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ലഭിച്ചത്. തന്റെ മൃതദേഹമെവിടെയെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അദ്ദേഹം ഉറക്കത്തില്‍ വന്ന് സൂചന നല്കി. മൃതദേഹം കണ്ടിടത്ത് ഇപ്പോള്‍ ചെറിയൊരു ക്ഷേത്രം. സൈനികര്‍ അവിടെ മുടങ്ങാതെ ആരാധന നടത്തുന്നു.
ചുമരില്‍ ഹര്ബജന് സിങ്ങിന്റെ വലിയൊരു ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നു. താഴെ അര്‍ധകായപ്രതിമ. മുന്നില്‍ കൊളുത്തിവച്ച പല വലുപ്പത്തിലുള്ള വിളക്കുകള്‍. അദ്ദേഹത്തിന്റ ഓഫീസ് മുറിയും അപ്പുറത്ത് കിടപ്പുമുറിയും. അവയില്‍ അദ്ദേഹത്തിന്റെ വസ്തുക്കളും യൂണിഫോമും കേടു കൂടാതെ സംരക്ഷിച്ചിരിക്കുന്നു. ആയുധ ശക്തിക്കപ്പുറം ഇന്ത്യന്‍ സൈന്യത്തിന് മനോബലം നല്‍കുന്നതാണ് വീരമൃത്യു വരിച്ച ധീര സൈനികന് മൂര്‍ത്തിയായുള്ള ചെറിയ അമ്പലം. നാഥു ലായിലെ സൈനികപോസ്റ്റില്‍ നിയുക്തരാവുന്നവരെ ബാബാ ഹര്ബജന് സിങ് സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസം.
ചൈന തിബത്ത് പിടിച്ചെടുത്തപ്പോള്‍ ഈ ചുരം വഴിയാണ് തിബത്തന്‍ അഭയാര്‍ഥികള്‍ സിക്കിമിലേക്ക് പലായനം ചെയ്തത്. 1962 ലെ ചൈനീസ് ആക്രമണത്തിനു ശേഷം നാഥുലാ ചുരം ഇന്ത്യന്‍ സൈന്യം അടച്ചു. 1975 ല്‍ സിക്കിം ഇന്ത്യയില്‍ ലയിച്ചതോടെ പൂര്‍ണനിയന്ത്രണം നമുക്കായി. 2003 ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയിയാണ് ചുരം തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 2006 ല്‍ നിരവധി ഉഭയകക്ഷി കരാറുകള്‍ക്ക് ശേഷം ചുരം വീണ്ടും തുറന്നു.
- അന്ന് മുതുകാടിനെ ഓടിച്ചു; ഇന്ന് അതിര്‍ത്തി സംരക്ഷകര്‍
ബംഗ്ലാദേശ് അതിര്‍ത്തിയായ ദുബ്രിയിലെ ഛത്രസാല്‍ എന്ന ഗ്രാമമാണ് പിന്നീടു കണ്ടത്. ഗ്രാമവാസികളും സീമാജാഗരണ്‍ മഞ്ച് നേതാക്കളും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇവിടെ ഇപ്പോള്‍ സൈനിക ഓഫീസര്‍ മലയാളിയാണ്. വളരെ സന്തോഷത്തോടെ സ്വീകരിച്ചു, ചായ സല്‍ക്കാര സമയത്ത് അതിര്‍ത്തിയിലെ ഇപ്പോഴുള്ള അവസ്ഥ വിവരിച്ചു.
ദേശീയോദ്ഗ്രഥന സന്ദേശവുമായി മാജിക് നടത്താന്‍ എത്തിയ ഗോപിനാഥ് മുതുകാടിന് വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താന്‍ കഴിയാതെ ഇരുന്നതിനെക്കുറിച്ച് അദ്ദേഹം എഴുതിയത് വായിച്ചിട്ടുണ്ട്. ‘ഇന്ത്യന്‍ ഡോഗ്സ്’ എന്ന് ഭാരത സൈനികരെ വിളിക്കുന്ന നാഗലാന്റുകാരെക്കുറിച്ചും കേട്ടിട്ടുണ്ട്. ദല്‍ഹിക്കു പോകുന്നതിനെ ഇന്ത്യയിലേക്ക് പോകുന്നു എന്നു പറയുന്നവരും ഇവിടെയുണ്ടായിരുന്നു. ചൈനയ്ക്കുവേണ്ടി കങ്കാണിപ്പണി ചെയ്യുന്നവര്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉണ്ടെന്നത് വാര്‍ത്തകളിലൂടെയും മനസ്സിലാക്കിയിരുന്നു. വിഘടനവാദത്തിന്റേയും തീവ്രവാദത്തിന്റേയും ഹബ്ബായിരുന്നു വടക്കു കിഴക്കന്‍ അതിര്‍ത്തികള്‍ എന്നത് യാഥാര്‍ത്ഥ്യവുമായിരുന്നു.
ഇന്ന് സ്ഥിതി മാറി എന്ന് നേരിട്ടുള്ള കാഴ്ചകളും കൂടിക്കാഴ്ചകളില്‍ പകര്‍ന്നു കിട്ടിയ അറിവും ഉറപ്പിക്കുന്നു. സീമ ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തനമാണ് ഇതിന് ചാലകം എന്ന് സൈനിക മേധാവികള്‍ അടിവരയിടുന്നു. മഞ്ച് നേതാക്കള്‍ക്ക് ഔദ്യോഗിക ചടങ്ങുകളില്‍ വിശിഷ്ട സാന്നിധ്യമാകാന്‍ ക്ഷണം കിട്ടുന്നു. അതിര്‍ത്തിയില്‍ താമസിക്കുന്നവരില്‍ ദേശീയ ബോധം സൃഷ്ടിച്ച് രാഷ്ടോന്മുഖമായി ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പരിവാര്‍ സംഘടനയാണ് സീമ ജാഗരണ്‍ മഞ്ച്. അതിര്‍ത്തി സുരക്ഷിതമാക്കാനുള്ള പ്രാഥമിക കടമ പൊതുസമൂഹത്തിനാണെന്ന ബോധ്യം ജനിപ്പിക്കാന്‍ മഞ്ചിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു. ഗ്രാമതലംവരെ സീമ ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തനം ഉണ്ട്. സൈനിക രഹസ്യാന്വേഷണ സംവിധാനങ്ങള്‍ അറിയുന്നതിനേക്കാള്‍ വേഗത്തിലും സമഗ്രതയിലും വിവരങ്ങള്‍ അറിയാനും കൈമാറാനും മഞ്ചിന് കഴിയുന്നു.
- രക്തസാക്ഷികളുടെ പുണ്യഭൂമി
അതിര്‍ത്തിയില്‍ നടക്കുന്ന മാറ്റത്തിന്റെ സാക്ഷ്യമായിരുന്നു അതിര്‍ത്തി പട്ടണമായ കരിംഗഞ്ചില്‍ നടന്ന ശ്രേഷ്ട ചടങ്ങ്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള സുവര്‍ണ ജൂബിലി വര്‍ഷത്തെ അനുസ്മരണപരിപാടിയിരുന്നു അത്. ബംഗ്ലാദേശികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനായി ജീവന് ബലിയര്‍പ്പിച്ച ചമന്‍ ലാലിനും മറ്റുള്ളവര്‍ക്കും അഗാധമായ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്ന പരിപാടിയില്‍ മലയാളിയും ആര്‍എസ്എസ് മുന്‍ പ്രാന്ത പ്രചാരകനുമായ എ. ഗോപാലകൃഷ്ണന് ആയിരുന്നു മുഖ്യാതിഥി. ഇപ്പോള്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകനായ അദ്ദേഹത്തിന് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കിട്ടിയ പ്രാധാന്യം ശ്രദ്ധേയം.
1971 ലെ ഇന്ത്യ-പാക് യുദ്ധം ഇന്ത്യയുടെ മഹത്തായ ചരിത്രത്തിലും പൈതൃകത്തിലും ഒരു ജലരേഖയാണ്. സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശിന്റെ സൃഷ്ടിയും ശക്തരായ ഇന്ത്യന്‍ സൈന്യത്തിന്റെ പരമമായ ത്യാഗത്തിന്റെയും വീര്യബോധത്തിന്റെയും ഫലമായിരുന്നു.
പാകിസ്ഥാന് സൈന്യത്തെയും രാജാക്കന്മാരെയും കീഴടക്കിയ ശേഷം ഇന്ത്യന്‍ സൈന്യം ബംഗ്ലാദേശിന്റെ ഭരണം അവാമി ലീഗിലെ ഷെയ്ഖ് മുജീബ് റഹിമാനെ ഏല്‍പ്പിച്ചു; അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. 93,000 പാകിസ്ഥാന് ഉദ്യോഗസ്ഥരും സൈനികരും ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. മാപ്പ് നല്കി ബഹുമാനത്തോടെ നാട്ടിലേക്ക് തിരിച്ചയച്ചു. 13 ദിവസം മാത്രം നീണ്ടു നിന്ന യുദ്ധത്തില്‍ വീരമൃത്യു വരിച്ച മേജര്‍ ചമന്‍ലാലിന്റെ സ്മാരകത്തിലായിരുന്നു അര നൂറ്റാണ്ടിനു ശേഷമുള്ള അനുസ്മരണ ചടങ്ങ്. രക്തസാക്ഷി സ്തൂപത്തില്‍ ആദ്യം പുഷ്പചക്രം അര്‍പ്പിച്ചത് എ ഗോപാലകൃഷ്ന് ആയിരുന്നു. സൈനിക മേധാവികള്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍, രക്തസാക്ഷി കുടുംബാംഗങ്ങള്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മേജര്‍ ചമന്‍ ലാല്‍ ശര്‍മയുടെ വിധവയെ ആദരിച്ചു.
രക്തസാക്ഷികളുടെ പുണ്യഭൂമിയായിട്ടാണ് കരിംഗഞ്ച് അറിയപ്പെടുന്നത്. കാരണം ബംഗ്ലാദേശ് യുദ്ധമല്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷിത്വമാണ്. ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന ഇന്ത്യക്കാരായ 200 സൈനികര്‍ ചിറ്റഗോങ്ങിലെ ആയുധശേഖരം തകര്‍ത്ത് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചതായിരുന്നു ആദ്യ സ്വാതന്ത്ര്യ സമരം. ശിപായി ലഹള എന്ന പേരിട്ട് ബ്രിട്ടീഷുകാര്‍ നിസ്സാരവല്ക്കരിക്കാന് ശ്രമിച്ച പോരാട്ടം. ബ്രിട്ടീഷ് സൈന്യം പരാജയപ്പെടുത്തിയ സമരത്തില്‍ മേജര്‍ ബിംഗും അദ്ദേഹത്തിന്റെ 26 സൈനികരും കൊല്ലപ്പെട്ട ആദ്യത്തെ ഏറ്റുമുട്ടല്‍ കരിംഗഞ്ചിനടുത്തുള്ള ലാതുവിലാണ് നടന്നത്. 18 ഇന്ത്യന്‍ സൈനികരെ ഇവിടെ സ്മാരകത്തില്‍ സംസ്കരിച്ചിട്ടുണ്ട്.
- ചൈനയുടെ കണ്ണ് പതിഞ്ഞ സൂര്യോദയത്തിന്റെ നാട്
ചൈന തങ്ങളുടേതാക്കാന്‍ ആഗ്രഹിച്ച പ്രദേശമാണ് അരുണാചല്‍ പ്രദേശ്. ചൈനയുടെ പക്ഷത്തോ ഇന്ത്യയുടെ പക്ഷത്തോ എന്ന് സംശയമുള്ള ജനത സമാസമം ഉണ്ടായിരുന്നു ഇവിടെ. ജനങ്ങളെ തങ്ങളുടെ പക്ഷത്താക്കാന്‍ ചൈന പല വഴികളും നോക്കി. ഇവിടെ തവാങ് അതിര്‍ത്തിയില്‍ തര്‍ക്ക പ്രദേശത്തിനുള്ളില്‍ ചൈന 100 വീടുകളുള്ള ഒരു വലിയ സിവിലിയന്‍ ഗ്രാമം നിര്‍മ്മിച്ചതായി അടുത്തയിടെയും വാര്‍ത്തവന്നിരുന്നു. മേഖലയില്‍ ചൈന നടത്തുന്ന വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനവും സൈനിക ശേഖരണവും ആശങ്കയൊടെയാണ് എക്കാലത്തും ഇന്ത്യ കണ്ടിരുന്നത്. സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തില്‍ സൈന്യത്തിന് ഉപയോഗിക്കാവുന്ന തരത്തിലാണ് ചൈന ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ കഥ മാറി. ചൈനീസ് നീക്കത്തിന് ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായി. തവാങ് സെക്ടറില്‍ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തുകയും, സൈനിക കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ആക്രമണ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതിര്‍ത്തി വരെ മികച്ച റോഡ് നിര്‍മ്മിച്ചിരിക്കുന്നു. ഇപ്പോഴത്തെ ദലൈലാമയുടെ കുടുംബവീട് തവാങ്ങിലാണ്. ബുദ്ധമതക്കാരാണ് ഭൂരിപക്ഷവും. അതാണ് ചൈനയുടെ എതിര്‍പ്പിന് കാരണം.
തവാങ്ങിലെ ബുംലാ പാസാണ് ടിബറ്റിനേയും ഇന്ത്യയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി വഴി. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധാശ്രമമായ തവാങ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. മൊണാസ്ട്രിയില്‍ ബുദ്ധസന്യാസിമാരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ജീവിതത്തില്‍ ആദ്യമായി ഒരു ബുദ്ധ മത കേന്ദ്രത്തില്‍ താമസിക്കാനും, ബുദ്ധ ഭിക്ഷുകളെ പരിചയപ്പെടാനും കഴിഞ്ഞത് അസുലഭ അനുഭവമായി. സമുദ്രനിരപ്പില്‍ നിന്നും 9250 അടി ഉയരത്തിലാണ് ആശ്രമം. ഇവിടെ നിന്നുമുള്ള തവാങ് താഴ്വരയുടെ ദൃശ്യം അതിമനോഹരം.
ചൈനയുമായുള്ള യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കായി ഇവിടെ മനോഹരമായ സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്. യുദ്ധത്തില്‍ ചൈനീസ് പട്ടാളത്തോട് ഒന്നര ദിവസം ഒറ്റയക്ക് പോരാടി വീരചരമം പ്രാപിച്ച ജസ്വന്ത് സിങ്ങിന്റെ സ്മരണ ദിവസമാണ് ഞങ്ങള്‍ അവിടെ എത്തിയത്. ഇവിടെയും ഭാരത് മാതാ പൂജ നടത്തി ധന്യരായി.സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
യാത്രയുടെ അവസാന ദിവസമാണ് ബുംല പാസില്‍ എത്തിയത്. ടിബറ്റിനേയും അരുണാചല്‍ പ്രദേശിനേയും ബന്ധിപ്പിക്കുന്ന പാത. ഇവിടേക്കുള്ള യാത്രയ്ക്ക് പ്രത്യേക അനുമതികള്‍ വേണം. അത് വാങ്ങിത്തരാന്‍ ഒരു സൈനികന് കൂടെ ഞങ്ങളോടൊപ്പം യാത്ര ചെയ്തു. ഉച്ചയോടെ അതിര്‍ത്തി ക്യാമ്പില്‍ എത്തി. സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വീകരണവും ചായ സല്‍ക്കാരവും. തുടര്‍ന്ന് അതിര്‍ത്തിയിലെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ചു. യഥാര്‍ത്ഥ അതിര്‍ത്തി കാണിച്ചു തരാനും, ഇതുവരെയുള്ള ചരിത്രം പറഞ്ഞു തരാനുമായി ഒരു സൈനിക ഓഫീസറെ നിയോഗിച്ചിരുന്നു. വളരെ ആവേശപൂര്‍വ്വമാണ് അദ്ദേഹം ചരിത്രം വിവരിച്ചത്. ഇനി ഒരിഞ്ചു ഭൂമി പോലും ചൈനയ്ക്ക് കയ്യേറാന്‍ വിട്ടുകൊടുക്കില്ലന്ന് അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞപ്പോള്‍, ഞങ്ങളും ദേശാഭിമാനത്തിന്റെ നിറുകയില്‍ എത്തി. ഭാരത് മാതാ കീ ജയ് ഉച്ചത്തില്‍ വിളിച്ചു. അസമിലെ കാമാഖ്യ ക്ഷേത്ര ദര്‍ശനത്തോടെയാണ് രണ്ടാഴ്ച നീണ്ട യാത്ര സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: