തെയ്യത്തിന് ഒരു ആവാസവ്യവസ്ഥയുണ്ട്. മനുഷ്യനും മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമടങ്ങുന്ന സകലചരാചരങ്ങളുടെയും നിലനില്പിനും പാരസ്പര്യത്തിനും ആധാരമായ ആ ആവാസവ്യവസ്ഥയോട് തെയ്യം ഇഴചേര്‍ന്നു നില്ക്കുന്നു. തെയ്യാട്ടത്തട്ടകത്തില് (വടക്കേ മലബാറില്‍ ഇന്നും തെയ്യങ്ങളുറഞ്ഞാടുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും) ജീവിക്കുന്നവരെ സംബന്ധിച്ച് അബോധമനസ്സിലോ ഉപബോധമനസ്സിലോ ഉറഞ്ഞിരിക്കുന്ന ഒരു ബോധ്യമാണ് ഈ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ധാരണകള്‍. തെയ്യത്തിന്റേതായ ആവാസവ്യവസ്ഥ ഇല്ലാതാവുകയും അവ വികസനത്തിന്റെയോ നഗരവല്കരണത്തിന്റെയോ ഭാഗമായി ഹൈജാക് ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ തെയ്യത്തെ നെഞ്ചേറ്റുന്ന ഒരുവന്റെ ഉള്ളം നടുങ്ങുന്നത് അതുകൊണ്ടത്രേ. അതേ നടുക്കമാണ് തെയ്യത്തട്ടകത്തില്‍ വേരൂന്നി നിന്ന് ചിത്രങ്ങള്‍ വരയ്ക്കുന്ന രാജേന്ദ്രന് പുല്ലൂരിനുമുണ്ടാകുന്നത്.
ആവാസവ്യവസ്ഥയും ചവുട്ടിനിന്ന മണ്ണും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആകുലത ഈ ചിത്രകാരന് വരച്ച തെയ്യരൂപങ്ങളിലെ മിഴികളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നു. ഒരു ക്യാമറാ ഷോട്ടില്‍ പ്രേക്ഷകന് ദര്‍ശിക്കുന്ന ഭാവം ആ ഷോട്ടിനോട് ചേര്‍ത്തുവയ്ക്കപ്പെടുന്ന മറ്റൊരു ഷോട്ടിനെ അവലംബിച്ചതായിരിക്കും എന്ന, സിനിമയില്‍ മൊണ്ടേഷ് (എഡിറ്റിങ്) എന്ന സങ്കേതത്തിലേക്കുള്ള വഴിതുറന്ന കുളേഷോവ് എഫക്റ്റിലേതു പോലെ സ്വാഭാവികമാണ് അത്. നിര്‍വികാരമായ ഭാവത്തോടെയുള്ള തെയ്യമുഖം വരച്ച്, അതിന്റെ പശ്ചാത്തലം തരിശുനിലങ്ങളോ ഇടിച്ചുനിരത്തപ്പെട്ട മലയോ ഒഴുക്കുനിലച്ച പുഴയോ ആകുമ്പോള്‍ ആ തെയ്യമുഖത്തെ ഭാവം തീര്‍ച്ചയായും ആകുലതയും നിരാശയും നിരാശ്രയത്വവുമൊക്കെ നിറഞ്ഞതാവുന്നു.
കുളിയന് (ഗുളികന്) സ്ഥാനമില്ലാത്ത തെയ്യാട്ടക്കാവുകള്‍ കുറവാണ്. കുളിയനുണ്ടെങ്കില് അവിടെ ചെമ്പകവുമുണ്ടാകും. ചെമ്പകമരത്തിലാണല്ലോ കുളിയന് ഒളിവളരുന്നത്. രാജേന്ദ്രന്റെ ചിത്രങ്ങളില്‍ ചെമ്പകം പൂത്തുലഞ്ഞുനില്‍ക്കുന്നു. പൂത്തുനില്ക്കുന്ന ചെമ്പകമരത്തിന്റെ പശ്ചാത്തലത്തില്‍ ദൂരെയായി കാരഗുളികന്, ചെമ്പകത്തിനും മുന്നില്‍ മുകള്ഭാഗം മാത്രം കാണുന്ന ഒരു കോണ്‍ക്രീറ്റ് പില്ലര്‍. മോപ്പാള (മുഖപ്പാള-മാസ്ക്) ധരിച്ചതിനാല്‍ കാരഗുളികന്റെ മുഖഭാവം അറിയാനാവില്ലെങ്കിലും, കാലിനടിയിലെ മണ്ണ് ചോര്‍ന്നുപോകുന്നത് അറിയുന്നതിന്റെ നടുക്കം കാഴ്ചക്കാരന്റെ മനസ്സിലുണ്ടാക്കുന്നുണ്ട് ഫോട്ടോഗ്രാഫിക് ദൃഷ്ടികോണുള്ള ഈ ചിത്രം. മറ്റൊരു ചിത്രത്തില്‍ മേലേരിക്ക് മുന്നില്‍ പീഠമേറി നില്ക്കുന്ന കതിവന്നൂര്വീരന് കുത്തുവിളക്ക് പിടിക്കുന്ന കനലാടിയുടെ തോളില്‍ ഇറുക്കിപ്പിടിച്ച പ്ലാസ്റ്റിക് വെള്ളക്കുപ്പിയുണ്ട്. മണ്ണ് നികത്തി നിരപ്പാക്കപ്പെട്ട വിശാലസ്ഥലി ‘കാവ്’ എന്ന പരിസരസങ്കല്പത്തിന് ബദലായി ഈ ചിത്രത്തിലടക്കം രാജേന്ദ്രന്റെ നിരവധി ചിത്രങ്ങളില്‍ നാം കാണുന്നു.
ഭീതിദമായ സമകാലീന പാരിസ്ഥിതികാവസ്ഥയെ നമുക്കുമുന്നിലേക്ക് ഇട്ടുതരുന്നതോടൊപ്പം തന്നെ പ്രകൃതിയോട് ചേര്‍ന്നുമാത്രം നിലനില്ക്കാന് സാധിക്കുന്ന തെയ്യം ഉയര്‍ത്തുന്ന പ്രതീക്ഷയും നല്‍കുന്നുണ്ട് ഈ ചിത്രങ്ങള്‍. ചിലയിടങ്ങളില്‍ ഉപ്പനെന്നും മറ്റു ചില സ്ഥലങ്ങളില്‍ ചെമ്പോത്ത് എന്നും വിളിക്കുന്ന ചകോരപ്പക്ഷിയും ചെമ്പകം എന്നപോലെ ഒരു ഒബ്സഷനാണ് ഈ ചിത്രകാരന്. തവിട്ടുകലര്‍ന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള ഈ പക്ഷിയുടെ രൂപം രാജേന്ദ്രന്റെ ക്യാന്‍വാസില്‍ പലപ്പോഴും വെളിച്ചപ്പാടിന്റെ രൂപവുമായി സാദൃശ്യപ്പെടുന്നു.
സമകാലീന പ്രസക്തിയുള്ള ഒരു ആഖ്യാനത്തിന് തെയ്യമെന്ന അനുഷ്ഠാനത്തെ തന്റെ വര്‍ണവിന്യാസങ്ങളിലൂടെ പ്രയോജനപ്പെടുത്തി എന്നതാണ് രാജേന്ദ്രന് പുല്ലൂരിന്റെ ‘രൂപാന്തരം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപരമ്പരയുടെ സാംഗത്യം. തെയ്യത്തിലും അതിനെയുള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന രൂപാന്തരത്തെ അടയാളപ്പെടുത്തുകയാണ് ചിത്രകാരന് ചെയ്യുന്നത്. പാരമ്പര്യത്തിനും പ്രകൃതിക്കും വിരുദ്ധമായ സമീപനങ്ങളുടെ ദുരന്തഫലമാണ് ഈ രൂപാന്തരങ്ങള്‍. അവയെ രേഖപ്പെടുത്തുക എന്നത് ഒരു കലാകാരന്റെ കര്‍ത്തവ്യവുമാണ്. ഉറഞ്ഞാടി വെളിച്ചപ്പെട്ട നര്‍ത്തകരില്‍ നിന്ന് കാവുമുറ്റങ്ങളില്‍ മുഴങ്ങിയ പ്രവചനം പോലെ വേരറുക്കപ്പെടുന്ന ഒരു സംസ്കാരത്തെയും കുത്തിനോവിക്കപ്പെട്ട പ്രകൃതിയെയും കുറിച്ചുള്ള അപായമണിയാണ് ഈ ചിത്രങ്ങള്‍ മുഴക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: