യുവരാജ് മാലിക്
ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ
പലപ്പോഴും വളരെ ഒതുങ്ങിയ രീതിയിലാണ് പുതിയ ആശയങ്ങളും ചിന്തകളും ഇടമുണ്ടാക്കുന്നത്. എന്നിട്ട് അവ ഒരു നിശബ്ദ വിപ്ലവത്തിനുള്ള പ്രേരകമായിത്തീരുന്നു. പക്ഷേ, അവ നമ്മുടെ നിത്യജീവിതത്തെ സ്പര്‍ശിക്കുമ്പോഴാണ് നാമവയെ ശ്രദ്ധിക്കുന്നത്. ഒരു പുതിയ തലമുറ എഴുത്തുകാരെ കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പിഎം യുവ മെന്റര്‍ഷിപ്പ് പദ്ധതി യഥാര്‍ത്ഥത്തില്‍ ചെയ്തത് ഇതാണ്.
ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കുള്ള വിശദമായ ആശയങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള ഒരു അഖിലേന്ത്യാ മത്സരവുമായാണ് ഈ പദ്ധതി ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിനുവേണ്ടി നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ നടത്തിയ ഈ മത്സരത്തിന് അഭൂതപൂര്‍വമായ പ്രതികരണമാണുണ്ടായത്. പതിനാറായിരത്തിലേറെ പുസ്തകനിര്‍ദേശങ്ങളാണ് ലഭിച്ചത്. ഇന്ത്യയുടെ ദേശീയപ്രസ്ഥാനം, അറിയപ്പെടാത്ത നായകര്‍, ചില സ്ഥലങ്ങളുടെ അറിയപ്പെടാത്ത പങ്ക്, സ്ത്രീ നേതാക്കള്‍ എന്നീ വിഷയങ്ങളില്‍ നമ്മുടെ ഇരുപത്തിരണ്ട് ഔദ്യോഗികഭാഷകളിലും ഇംഗ്ലീഷിലുമായി കഥ, കഥേതര വിഭാഗങ്ങളിലാണ് ഇവ ലഭിച്ചത്. എഴുപത്തഞ്ച് എഴുത്തുകാരെ തിരഞ്ഞെടുക്കുകയും അവരുടെ പുസ്തകങ്ങള്‍ പൂര്‍ണരൂപത്തിലെത്തിക്കാനുള്ള മെന്റര്‍ഷിപ്പ് പരിപാടി ആരംഭിക്കുകയും ചെയ്തിരിക്കുന്നു.
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം എന്‍ട്രികള്‍ വന്നത് മലയാളത്തില്‍ നിന്നാണ്. മുന്നൂറ്റി അമ്പതെണ്ണം. കേരളീയരായ യുവാക്കള്‍ ഇംഗ്ലീഷില്‍ അയച്ച എന്‍ട്രികള്‍ കൂടാതെയാണിത്. മലയാളത്തില്‍ നിന്ന് എ.വി.കുട്ടിമാളു അമ്മയുടെ ജീവിതചരിത്രം എഴുതാന്‍ അനുരാജ് മനോഹറും (കോഴിക്കോട്), 1721 എന്ന പേരില്‍ അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് നോവല്‍ എഴുതാന്‍ അനുഷ്ക ടി.എസും (തിരുവനന്തപുരം), സംഗീതവും ദേശീയപ്രസ്ഥാനവും എന്ന വിഷയത്തെക്കുറിച്ചെഴുതാന്‍ ജെ.എസ്.അനന്തകൃഷ്ണനുമാണ് (പത്തനംതിട്ട) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എ.വി.കുട്ടിമാളു അമ്മ സ്ഥാപിച്ച അനാഥാലയത്തില്‍ വളര്‍ന്ന മുതിര്‍ന്ന തലമുറയിലെ ബന്ധുക്കളില്‍ നിന്ന് ഈ മഹദ്നേതാവിനെക്കുറിച്ച് കേട്ടറിഞ്ഞു വളര്‍ന്ന അനുരാജ് മനോഹറിന് ഈ വിഷയത്തോട് വൈകാരികമായ അടുപ്പം ഉണ്ട്. പത്രപ്രവര്‍ത്തകനായ ഈ യുവാവിന് കുട്ടിമാളു അമ്മയെക്കുറിച്ചുള്ള രേഖകളുമായി നല്ല പരിചയവുമുണ്ട്. കുട്ടിക്കാലം മുതല്‍ അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് മുതിര്‍ന്ന തലമുറയില്‍ നിന്ന് കേട്ടു വളര്‍ന്ന ഗവേഷകയായ അനുഷ്കയുടെ ആഗ്രഹം ഈ വിഷയത്തെക്കുറിച്ച് ഒരു നോവലെഴുതാനാണ്. ശാസ്ത്രീയ സംഗീതത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന അനന്തകൃഷ്ണന് സുബ്രഹ്മണ്യഭാരതിയുടെ കവിതകളും സംഗീതവുമാണ് താല്പര്യവിഷയം. കൊടുങ്ങല്ലൂരിലെ കുഞ്ഞിക്കുട്ടി തമ്പുരാട്ടിയെക്കുറിച്ച് പുസ്തകം എഴുതുന്നതിന് എം.എസ്.മീനാക്ഷി അടക്കമുള്ള പലര്‍ക്കും ഇംഗ്ലീഷിലും യുവ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
അടുത്ത ആറു മാസം കൊണ്ട് ഇവര്‍ക്ക് ദേശീയ തലത്തില്‍ പരിശീലനവും മെന്റര്‍ഷിപ്പും നല്‍കും. ഇക്കാലത്ത് പ്രതിമാസം അമ്പതിനായിരം രൂപ സ്റ്റൈപ്പന്റ് ആയും നല്‍കും. ഇവരുടെ പുസ്തകങ്ങള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ ആദ്യം മാതൃഭാഷയിലും പിന്നീട് മറ്റ് ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കും.
ഇന്ത്യയെങ്ങും നിന്നുള്ള ഇത്രയും യുവാക്കള്‍ നമ്മുടെ ദേശീയ നായകരെയും അവരുടെ സംഭാവനകളെയും കുറിച്ച് ചിന്തിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും വായിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്യുന്നതു തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നിട്ട് ഇത്തരത്തിലുള്ള വീറുറ്റ ഒരു അഖിലേന്ത്യാ മത്സരത്തിന് അയ്യായിരം വാക്കുകളിലുള്ള പദ്ധതിയും കരടും അധ്യായവിഭജനവും ഒക്കെ തയ്യാറാക്കുന്നതും വളരെ ശ്രദ്ധാര്‍ഹമായ ഒരു പ്രവൃത്തിയാണ്. യുവാക്കളായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു മാത്രമുള്ള ഒരു പദ്ധതിയല്ല ഇത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ നുകത്തില്‍ നിന്നു പുറത്തു വരാനുള്ള ശ്രമത്തില്‍ രാഷ്ട്രം ഒന്നടങ്കം അനുഭവിച്ച വെല്ലുവിളികളും പരീക്ഷണങ്ങളും പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്ന ആശയത്തെക്കൂടി ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം കണ്ടുപിടിത്തങ്ങളുടെ അംബാസിഡര്‍മാര്‍ യുവാക്കളായ എഴുത്തുകാരാണെന്നതു തന്നെ, അതില്‍ ചിലര്‍ക്കെങ്കിലും പതിനഞ്ചു വയസ്സേ ആയിട്ടുള്ളൂ എന്നതും, ഇതുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ സ്വാധീനത്തിന്റെ വലിപ്പം കാണിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട എഴുപത്തഞ്ച് എഴുത്തുകാരുടെ അവസാന പട്ടികയില്‍ മുപ്പത്തിയെട്ട് യുവാക്കന്മാരും മുപ്പത്തിയേഴ് യുവതികളുമാണുള്ളത്. വളരെ സ്വാഭാവികമായി തന്നെ ഉണ്ടായി വന്ന ഈ ലിംഗസമത്വം യുവ പദ്ധതിയുടെ പ്രധാനപ്പെട്ട തലങ്ങളിലൊന്നാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി വര്‍ഷങ്ങളായി വന്‍തോതില്‍ നടന്നുവരുന്ന പദ്ധതികളുടെ സ്വാധീനമായി ഇതിനെ കണക്കാക്കാം. യുവ പദ്ധതി വെളിപ്പെടുത്തിയ ഏറ്റവും സന്തോഷകരമായ വാര്‍ത്തകളിലൊന്നാണ് ഈ ലിംഗസമത്വം.
രാജ്യത്ത് സാംസ്കാരിക സാഹിത്യ അവബോധം രൂപപ്പെടുത്തുന്നതിനും ദേശീയ ഉദ്ഗ്രഥനത്തിനുമുള്ള ഒരു ചരടായി സാഹിത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് വിവിധ ഭാഷാപശ്ചാത്തലങ്ങളും പാരമ്പര്യങ്ങളുമുള്ള യുവാക്കളായ എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങളിലൂടെ ദേശീയപ്രസ്ഥാനത്തിന്റെ അറിയുന്നതും അറിയാത്തതുമായ വിവിധ തലങ്ങളെക്കുറിച്ച് അന്വേഷിക്കാനും പഠിക്കാനും എഴുതാനും ഒരുമിച്ചു ചേരുന്നതോടെ വ്യക്തമാക്കപ്പെടാന്‍ പോവുകയാണ്.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാര്‍ക്ക് അവസരം നല്‍കുന്നതിലൂന്നുന്ന ഒരു ദേശീയ മെന്റര്‍ഷിപ്പ് പദ്ധതി, അതിലേക്കു വരുന്ന എഴുത്തുകാര്‍ക്ക് ഇന്ത്യയുടെ ബഹുഭാഷാ ഘടനയെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ച നല്‍കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരു ഭാഷയില്‍ മാത്രം വ്യാപരിക്കുന്ന എഴുത്തുകാര്‍ക്ക് ഈ ഉള്‍ക്കാഴ്ച നേടാനുള്ള യാത്ര അതിദീര്‍ഘമായിരിക്കും.
രാജ്യത്തിന്റെ ബഹുഭാഷാ ഘടനയെക്കുറിച്ച് ശരിയായ ധാരണയും വീക്ഷണവും നമ്മുടെ യുവ എഴുത്തുകാരില്‍ ഉണ്ടാക്കുന്നത് ഇന്ത്യയുടെ സങ്കീര്‍ണയാഥാര്‍ത്ഥ്യത്തെക്കുറിച്ചും ഇന്ത്യയുടെ സാഹിത്യസാംസ്കാരിക പാരമ്പര്യത്തെ രൂപപ്പെടുത്തുന്ന വിവിധമാനതലങ്ങളെക്കുറിച്ചും മെച്ചപ്പെട്ട ധാരണ നല്‍കും. അത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടൊത്തു പോകുന്ന, ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ആശയത്തെ മുന്നോട്ടു കൊണ്ടുപോവും. പിഎം യുവ പദ്ധതിയില്‍ ഈ പുസ്തകങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുന്നതോടെ ഇത് നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യയുടെ ഏക സുതേ സകലം എന്ന അടയാളവാക്യത്തോടും ഒത്തുപോകും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ പറഞ്ഞപോലെ, ‘ഇരുപത്തൊന്നാം നൂറ്റാണ്ട് വിജ്ഞാനത്തിന്റെയും വിജ്ഞാനമുള്ള മനുഷ്യശേഷിയുടെയും കാലമാകണമെങ്കില്‍ ആ ശേഷിയെ വളര്‍ത്തുന്നതിന് പുസ്തകങ്ങളുമായി ശക്തമായ ബന്ധം ഉണ്ടാക്കേണ്ടതുണ്ട്.’ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമാണ് ചിന്തക നേതൃത്വത്തിന്റെ യുവതലമുറ വളര്‍ത്തിയെടുക്കുന്ന ഈ പദ്ധതി. ദേശീയപ്രാധാന്യമുള്ള ഈ പദ്ധതിയുടെ നടത്തിപ്പ് നാഷണല്‍ ബുക്ക് ട്രസ്റ്റിനെ ഏല്പിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരില്‍ പലരും മഹാകവി ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിന്റെ വരികള്‍ സാധൂകരിക്കും വിധം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായിത്തീരും എന്ന് ഞങ്ങള്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: