‘സംഘസംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാകണം; സംഘമാവണമെന്റെ ജീവിതമെന്തു ധന്യമിതില്‍പ്പരം.’ ലക്ഷാവധി സംഘ സ്വയംസേവകരുടെ ഹൃദയത്തില്‍ അനുരണനം ചെയ്യുന്ന സംഘമന്ത്രം. ബാല്യകൗമാരങ്ങള്‍ കടന്ന് യൗവ്വനത്തിലൂടെ വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുമ്പോഴും സംഘപഥത്തിലൂടെ അനുയാത്ര ചെയ്തവരുടെ ഹൃദയങ്ങളില്‍ ഇപ്പോഴും ഗതകാല സ്മൃതികള്‍ അലയടിച്ചു കൊണ്ടേയിരിക്കുന്നു. കഠിന കണ്ഠകാകീര്‍ണ്ണമായ ആ വഴിത്താരകള്‍ അവര്‍ക്കെങ്ങനെ മറക്കാനാവും. നവതിയില്‍ എത്തിനില്‍ക്കുന്ന തളിപ്പറമ്പ് തൃച്ഛംബരത്തെ പുത്തന്‍ തേര്‍മഠത്തില്‍ പി.ടി. അച്യുത വാര്യരും ഈ നീണ്ട യാത്രയിലെ പഥികരില്‍ ഒരാള്‍. സാധാരണക്കാരില്‍ സാധാരണക്കാരനായ, സംഘപഥത്തിലൂടെ തന്റെ ജീവിത യാത്ര സഫലമായെന്നു കരുതുന്ന ഒരാള്‍. എല്ലാവരും സ്നേഹത്തോടെ തളിപ്പറമ്പിലെ അച്ചുവേട്ടന് എന്നു വിളിക്കുന്ന അച്യുതവാര്യര്‍.
കണ്ണൂര്‍ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വേറിട്ട വ്യക്തിത്വങ്ങള്‍ക്ക് വര്‍ഷാവര്‍ഷം നല്‍കിവരുന്ന പ്രൊഫ. ടി. ലക്ഷ്മണന് സ്മാരക സര്‍വ്വമംഗള പുരസ്ക്കാരം ഈ വര്‍ഷം സമര്‍പ്പിക്കാന്‍ പുരസ്ക്കാര നിര്‍ണ്ണയ സമിതി ഏകകണ്ഠമായി തീരുമാനിച്ചത് അച്യുതവാര്യര്‍ക്കാണ്. 1932 ജനുവരി ഒന്നിന് പരേതരായ ഗോവിന്ദന് നമ്പൂതിരി-കല്യാണി വാരസ്യാര് ദമ്പതിമാരുടെ മകനായി ജനനം. തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെയും അനുബന്ധ ക്ഷേത്രങ്ങളിലേയും കഴകമായിരുന്നു ജീവിതമാര്‍ഗ്ഗം. അതുകൊണ്ട് തന്നെ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. ജീവിക്കാന്‍ കഴകം മാത്രം പോരെന്ന തിരിച്ചറിവില്‍ സ്വയം തൊഴില്‍ കണ്ടത്താനുളള പരിശ്രമമായി. അങ്ങനെ തയ്യല്‍ വേല പഠിക്കാന്‍ തീരുമാനിച്ചു. അത് ജീവിതത്തിലെ വഴിത്തിരിവായി.
1950 കളില്‍ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ മഹാലക്ഷ്മി സ്റ്റോറിലെ ടെയ്ലറായി. കടയുടമ പില്ക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ ജില്ലാ സംഘടനാ കാര്യദര്‍ശിയായിരുന്ന കടച്ചികണ്ണന്‍ എന്ന കെ.സി. കണ്ണന്. ഈ നാളുകളിലാണ് തൡപ്പറമ്പ് മേഖലയിലും ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് തുടക്കമായത്. തളിപ്പറമ്പില്‍ എത്തുന്ന സംഘ പ്രചാരകരുടെയും മറ്റു അധികാരികളുടെയുമൊക്കെ ആദ്യ സന്ദര്‍ശനകേന്ദ്രം മഹാലക്ഷ്മി സ്റ്റോറായി. ഈ സമ്പര്‍ക്കം അച്ച്യുത വാര്യരെയും ആര്‍എസ്എസ് ലേക്ക് അടുപ്പിച്ചു. 1953 മുതല്‍ സജീവ പ്രവര്‍ത്തകനായി. കെ. ഭാസ്കരറാവു, പി. പരമേശ്വരന്, ആര്. ഹരി, വി.പി. ജനാര്ദ്ദനന്, പി. മാധവന്, കെ.ജി. മാരാര്‍, പി.പി. മുകുന്ദന്, പി. രാമചന്ദ്രന്, പി. നാരായണന് തുടങ്ങിയവരുമായുളള നിരന്തര സമ്പര്‍ക്കം അദ്ദേഹത്തിലെ സ്വയംസേവകനെ കര്‍മ്മനിരതനാക്കി. പരിമിതികളിലും മിക്കയാളുകളും അദ്ദേഹത്തിന്റെ ആതിഥേയരായി. തുടര്‍ന്നും ഒന്നാം വര്‍ഷ, രണ്ടാംവര്‍ഷ, സംഘശിക്ഷാ വര്‍ഗുകളില്‍ (ഒടിസി) പരിശീലനം നേടി. ഇത് തളിപ്പറമ്പ് താലൂക്ക് കാര്യവാഹ്, പിന്നീട് പതിറ്റാണ്ടുകളോളം ജില്ലാ വ്യവസ്ഥാ പ്രമുഖ് എന്നീ ചുമതലകള്‍ വഹിക്കാന്‍ പ്രാപ്തനാക്കി.
സംഘ ചുമതലയിലിരിക്കുമ്പോള്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ എല്ലാ വെളളിയാഴ്ച്ചകളിലും നടക്കുന്ന വിദ്യാര്‍ത്ഥി ശാഖ നടത്തുകയെന്ന ചുമതല അച്യുതവാര്യര്‍ക്കായിരുന്നു. പ്രസ്തുത കൂട്ടായ്മയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളിലൊരാളാണ് ആര്‍എസ്എസിന്റെ ഇപ്പോഴത്തെ പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം എന്ന് അച്യുതവാര്യര്‍ ഓര്‍ക്കുന്നു.
സംഘ ചുമതലകളില്‍ വന്നതോടെ പ്രവര്‍ത്തന വ്യാപനത്തിനായി യാത്രകള്‍ അനിവാര്യമായി വന്നു. തളിപ്പറമ്പിലെ മലയോര മേഖലകളായ നടുവില്‍, പയ്യാവൂര്‍, കാഞ്ഞിലേരി, കോട്ടൂര്‍, ശ്രീകണ്ഠാപുരം, ആലക്കോട്, കാര്‍ത്തികപുരം, ചീക്കാട്, മണക്കടവ്, പരിപ്പായി, മഴൂര്‍ തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ സംഘശാഖകള്‍ തുടങ്ങാന്‍ നിരന്തരമായ യാത്രകള്‍ നടത്തി. നിഷ്കളങ്കമായ പെരുമാറ്റം, വാചാലമല്ലെങ്കിലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംഘ ആശയങ്ങള്‍ പങ്കുവയ്ക്കുവാനുളള മിടുക്ക് ഇതൊക്കെ ഒട്ടേറെപേരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. ആദ്യ നാളുകളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി തളിപ്പറമ്പ് മാറാന്‍ അച്യുത വാര്യരും ഒരു കാരണക്കാരനാണ്. ജനസംഘം ജില്ലാ അദ്ധ്യക്ഷനായിരുന്ന അഡ്വ. എ.കെ. ബാലഗോപാല്‍, സംഘചാലകായിരുന്ന അഡ്വ. വി.എം. ബാലകൃഷ്ണന് നമ്പീശന്, കെ.സി. കണ്ണന്, എ.പി. കുഞ്ഞമ്പു, കുരുപ്പന്‍ ദാമോദരന്‍, പട്ടന്മാര് കൃഷ്ണന് നായര്‍, കമ്പോണ്ടര്‍ കുഞ്ഞിക്കണ്ണന്, എം. കുമാരന്, കണ്ടങ്കര ഗോവിന്ദന് തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ പ്രതിസന്ധികളിലും പ്രസ്ഥാനത്തോടൊപ്പം നിന്ന നിരവധി പേര് ഈ മേഖലയില്‍ പ്രസ്ഥാനത്തിന് കരുത്തു പകര്‍ന്നതായി അച്യുത വാര്യര്‍ ഓര്‍ക്കുന്നു.
തളിപ്പറമ്പ് താലൂക്കിലെ മലയോര മേഖലകളില്‍ സംഘ ശാഖകള്‍ തുടങ്ങുവാനും അവയിലൂടെ പുതിയ പുതിയ പ്രവര്‍ത്തകരെ സൃഷ്ടിക്കുവാനും അച്ചുവേട്ടന് യാത്രകള്‍ ചെയ്തു. ഇന്നത്തെപ്പോലെ യാത്രാസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ശാഖകളില്‍പോയാല്‍ അവിടെ വീടുകളില്‍ താമസിച്ചുകൊണ്ട് ബൈഠക്കും ശാരീരിക ക്ലാസുകളുമായി സംഘ പ്രവര്‍ത്തനം നിരന്തരം നടത്തി. സംഘപ്രവര്‍ത്തനം സ്വന്തം ജീവിതത്തിന്റെ അഭേദ്യ ഭാഗമാക്കിയ അച്ചുവേട്ടന് സദാ ചിന്തിച്ചതും ചിന്തിക്കുന്നതും സംഘ ഗംഗാ പ്രവാഹത്തെക്കുറിച്ചു തന്നെയാണല്ലോ.
കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ആര്‍എസ്എസ് കാര്യാലയങ്ങളിലൊന്ന് തൃച്ഛംബരത്ത് സ്ഥാപിക്കുന്നതില്‍ പങ്കാളിയാവാനും അച്യുത വാര്യര്‍ക്ക് സാധിച്ചു. സ്വര്‍ഗ്ഗീയ പരമേശ്വര്‍ജി ആയിരുന്നു ഉദ്ഘാടകന്‍. പിന്നീട് എ.പി. കുഞ്ഞമ്പു എന്ന സ്വയംസേവകന് സൗജന്യമായി നല്കിയ സ്ഥലം കൂടി ഉപയോഗിച്ചാണ് ഇന്നുളള മനോഹരമായ കാര്യാലയം വിപുലീകൃതമായത്. കാര്യാലയത്തിന് തൊട്ടടുത്ത് ഭാരതീയ വിദ്യാനികേതന്റെ ഉടമസ്ഥതയിലുളള വിവേകാനന്ദ വിദ്യാലയവും സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലും അച്ചുവേട്ടന്റെ പ്രയത്നം എടുത്തു പറയേണ്ടതാണ്.
1973 ല്‍ അന്നത്തെ സര്‍സംഘചാലക് പരംപൂജനീയ ഗുരുജി ഗോള്‍വല്‍ക്കറുടെ തളിപ്പറമ്പ് സന്ദര്‍ശനം അദ്ദേഹത്തിന്റെ മനസ്സിലെ ദീപ്ത സ്മരണകളാണ്. തലശ്ശേരി, കാഞ്ഞങ്ങാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരിപാടിക്ക് അനുവാദം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ പരിപാടി നടത്താനിടയായത്. പൊതുസ്ഥലമൊന്നും കിട്ടാതിരുന്ന സാഹചര്യത്തില്‍ തൃച്ഛംബരത്തെ ഒരു സ്വകാര്യ വ്യക്തിയുടെ കാടുമൂടിക്കിടന്ന സ്ഥലം നിരവധി സ്വയംസേവകര്‍ ദിവസങ്ങളോളം നീണ്ട അദ്ധ്വാനത്തിലൂടെ വൃത്തിയാക്കിയാണ് ഗുരുജിയുടെ സാംഘിക്ക് അനുസ്മരണീയമാക്കിയതെന്ന് അച്യുതവാര്യര്‍ 89-ാം വയസ്സിലും ഓര്‍ത്തെടുക്കുന്നു.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ജൂണ്‍ 25ന് അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്യപ്പെട്ട അച്യുത വാര്യര്‍ മൂന്ന് മാസം തലശ്ശേരി സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. അന്ന് തളിപ്പറമ്പ് എസ്ഐ ആയിരുന്ന അബൂബക്കറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തിയായിരുന്നു അറസ്റ്റ്. പോലീസുകാര്‍ക്കൊക്കെ ചിരപരിചിതനായിരുന്നതിനാലാണ് അദ്ദേഹത്തിന് വലിയ മര്‍ദ്ദനമൊന്നും ഏല്‍ക്കാതിരുന്നത്.
ഏഴ് പതിറ്റാണ്ടുകള്‍ നീണ്ട സംഘ പ്രവര്‍ത്തനത്തോടൊപ്പം അദ്ദേഹം തയ്യല്‍ക്കാരനെന്ന നിലയില്‍ മികവ് പുലര്‍ത്തിയ മേഖല സംഘ ഗണവേഷണം തയ്ക്കുന്നതിലെ മിടുക്കിലായിരുന്നു. ഗണവേഷമായി കാക്കി ട്രൗസറും മുഴുക്കയ്യന്‍ വെളള ഷര്‍ട്ടും തുന്നാനറിയുന്നവര്‍ അന്ന് ജില്ലയില്‍ വിരളമായിരുന്നു. വി.പി. ജനാര്‍ദ്ദനനെപ്പോലുളള ആദ്യകാല പ്രചാരകര്‍ മഹാലക്ഷ്മി സ്റ്റോറിലിരുന്ന് നല്കിയ പ്രത്യേക മാര്‍ഗ്ഗദര്‍ശനമാണ് നല്ലൊരു ഗണവഷ തയ്യല്‍ക്കാരനാകാന്‍ അച്ചുവേട്ടനെ പ്രാപ്തനാക്കിയത്. സ്വയം ഗണവേഷം തുന്നിക്കുന്നതോടൊപ്പം തങ്ങളുടെ പ്രവര്‍ത്തന മേഖലയിലുള്ള സ്വയംസേവകരോട് അച്യുതവാര്യരുടെ ഈ രംഗത്തുളള മികവിനെക്കുറിച്ച് പറഞ്ഞറിയിക്കുകയും, അങ്ങനെ നിരവധി പേര് ഗണവേഷം തയ്യാറാക്കുന്നതിനായി തന്നെ തേടിയെത്തിയിരുന്നതായും അച്യുത വാര്യര്‍ ഓര്‍ക്കുന്നു. അര നൂറ്റാണ്ടിലേറെകാലം പതിനായിരത്തിലേറെ ഗണവേഷങ്ങള്‍ തന്റെ കൈകളാല്‍ തയ്ക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിക്കുന്നു. കൂടാതെ ക്ഷേത്ര ഉത്സവങ്ങള്‍ക്കാവശ്യമായ കൊടിക്കൂറ തയ്ക്കുന്നതില്‍ ഉത്തര മലബാറില്‍ അറിവുളളയാള്‍ അച്ചുവേട്ടനാണ്.
പ്രായാധിക്യത്തിന്റെ ഓര്‍മ്മക്കുറവും, ശാരീരിക അവശതകളും ഉണ്ടെങ്കിലും തൃച്ഛംബരത്തപ്പന്റെ ചാരെ ‘പുത്തന്‍ തേര് മഠത്തില്‍’ ക്ഷാത്രവീര്യം തുടിക്കുന്ന സംഘസ്മൃതികളുമായി കഴിയുകയാണ് 89 കാരനായ അച്യുത വാര്യര്‍. സി.വി. രേവതിയാണ് ഭാര്യ. സി.വി. ഹേമലത, സനല്‍ കുമാര്‍ (തൃച്ഛബരം ഗണപതി ക്ഷേത്രം കഴകം), പ്രസന്നകുമാര്‍ (ബിസിനസ്സ്) എന്നിവര്‍ മക്കളും. മക്കളും അവരുടെ കുടുംബവുമൊക്കെ സംഘത്തിന്റെ പ്രവര്‍ത്തകരായതും അച്ചുവേട്ടനെ സന്തുഷ്ടനാക്കുന്നു.
ഈ നവതിയിലും സംഘപഥത്തിലൂടെയുളള അച്യുത വാര്യരുടെ യാത്ര സംഘവും ജീവിതവും വേറെയല്ല എന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചു കൊണ്ട് അനുസ്യൂതം തുടരുക തന്നെയാണ്. ഇനിയങ്ങോട്ടുളള ജീവിതവും സന്തുഷ്ടി നിറഞ്ഞതാവട്ടെ എന്ന കുടുംബാംഗങ്ങളുടെയും സഹയാത്രികരുടേയും പ്രാര്‍ത്ഥനകളും അച്യുതവാര്യരെ കൂടുതല്‍ വിനയാന്വിതനാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: