ബെംഗളൂരു: കര്‍ണാടകത്തില്‍ ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവത്സരാഘോഷങ്ങള്‍ക്കായി എല്ലാ പൊതുയോഗങ്ങളും നിരോധിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു.
ഹോട്ടലുകളിലും പബ്ബുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രാത്രി 10ന് ശേഷമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പൊതുഗതാഗത സേവനങ്ങളുടെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
അടുത്ത 10 ദിവസത്തെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കി, അധിക നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന് സര്‍ക്കാര്‍ അവലോകനം ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന്റെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഡിസംബര്‍ 28 മുതല്‍ വിവാഹങ്ങള്‍, മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍ തുടങ്ങി എല്ലാ ഒത്തുചേരലുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 300 ആയി പരിമിതപ്പെടുത്തണം. മഹാരാഷ്ട്രയോടും കേരള സംസ്ഥാനത്തോടും ചേര്‍ന്നുള്ള എല്ലാ അതിര്‍ത്തി ജില്ലകളിലും പോലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും. രാത്രി പത്ത് മണിക്ക് ശേഷമുള്ള വ്യക്തികളുടെ സഞ്ചാരം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത യാത്രകള്‍ക്ക് വിലക്ക് ബാധകമാകില്ല. ആശുപത്രി ജീവനക്കാര്‍, രോഗികള്‍, മാധ്യമപ്രവര്‍ത്തകര്‍ മറ്റ് അടിയന്തര സേവനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കില്ല. ഒപ്പം രാത്രിയില്‍ പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്കും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തില്ല.
ടെലികോം, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും, ഐടി, ഐടിഇഎസ് കമ്പനികളിലെ ജീവനക്കാര്‍ എന്നിവരുടെ നീക്കത്തിന് വിലക്കില്ല. എല്ലാത്തരം ചരക്കുകളുടെയും നീക്കം, സാധനങ്ങളുടെ ഹോം ഡെലിവറി, ഇകൊമേഴ്സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദനീയമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ബസുകള്‍, ട്രെയിനുകള്‍, മെട്രോ, വിമാന യാത്രകള്‍ എന്നിവയും അനുവദനീയമാണ്.
ഇതിനിടെ സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിന് കവറേജ് 97 ശതമാനവും രണ്ടാം ഡോസ് കവറേജ് 75 ശതമാനവുമാണെമന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. 45 ലക്ഷത്തോളം ആളുകള്‍ക്ക് രണ്ടാം ഡോസ് ഇനിയും ലഭിക്കാനുണ്ട്. ഒമിക്രോണ്‍ വ്യാപനത്തിന് തീവ്രത അധികമായതിനാല്‍ എത്രയും വേഗം ആളുകളുടെ രണ്ടാം ഡോസ് വാക്സിന് കവറേജ് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൂര്‍ണമായും വാക്സിന് എടുക്കാത്തവര്‍ക്ക് ഇതിനകം പല സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേരിയന്റ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തതായി ഡോ. സുധാകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: