കണ്ണൂര്‍ : അതിഥി തൊഴിലാളികളില്‍ ചിലര്‍ അക്രമം അഴിച്ചുവിടുന്നത് സാമാന്യവല്ക്കരിക്കേണ്ടതില്ല. ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി കിറ്റക്സിന്റെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ സംഘര്‍ഷമുണ്ടായിരുന്നു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ അക്രമം അഴിച്ചുവിടുന്നത് സാമാന്യവല്ക്കരിക്കേണ്ടതില്ല. കേരളത്തില്‍ 40 ലക്ഷത്തിലേറെ അതിഥി തൊഴിലാളികളുണ്ട്. ഇവര്‍ മുഴുവന്‍ അക്രമകാരികളാണെന്ന് പറയാന്‍ കഴിയില്ല. ഇവരുടെ വിവരശേഖരണം നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും സ്പീക്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് കിഴക്കമ്പത്തെ തൊഴിലാളികളുടെ ക്യാമ്പില്‍ അക്രമം ഉണ്ടായത് 5 മണിക്കൂറിലേറെ കലാപ സമാനമായ അന്തരീക്ഷത്തിനാണ് കിഴക്കമ്പലം സാക്ഷ്യം വഹിച്ചത്. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസിനും നാട്ടുകാര്‍ക്കും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തെത്തിയ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിനശിക്കുകയും നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നൂറിലധികം തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവായിരത്തോളം തൊഴിലാളികളാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. അതേസമയം ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളാണെന്നും സ്പീക്കര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: