ഫറ്റോര്‍ഡ: ഉദ്ഘാടന മത്സരത്തിലെ തോല്‍വിക്കുശേഷം പരാജയമറിയാതെ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയത്തുടര്‍ച്ചക്കായി കളത്തിലിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ എട്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നാളെ ജംഷഡ്പൂര്‍ എഫ്സിയെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
അവസാന രണ്ട് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയേയും ചെന്നൈയിന് എഫ്സിയേയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന ഫോമിലാണ്. മുംബൈയേയും ചെന്നൈയിനെയും മടക്കമില്ലാത്ത മൂന്ന്് ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, ആഡ്രിയാന്‍ ലൂണ, വാസ്കെസ്, ജോര്‍ഗെ പരേര തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രങ്ങള്‍.
ഏഴു മത്സരങ്ങളില്‍ മൂന്ന് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് 12 പോയിന്റുമായി നാലാം സ്ഥാനത്താണ്. ജംഷഡ്പൂരിനും ഏഴു മത്സരങ്ങളില്‍ 12 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് അവര്‍ മൂന്നാം സ്ഥാനത്താണ്. ജംഷഡ്പൂരും ഏഴു മത്സരങ്ങളില്‍ മൂന്ന് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങി. അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ ബെംഗളൂരു എഫ്സിയുമായി ഗോള്‍ രഹിത സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: