ലഖ്നൗ: യുപിയില്‍, സമാജ്വാദി പാര്‍ട്ടിയുടെ മുഖ്യ ഫണ്ട് ദാതാവും അത്തര്‍ വ്യാപാരിയുമായ പീയൂഷ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ വമ്പന്‍ റെയ്ഡ്. അലമാരയിലും പെട്ടികളിലുമായി കോടികളുടെ കറന്‍സിയാണ് കെട്ടിവച്ചിരുന്നത്. ഇവ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്. ഇതുവരെ 150 കോടിയിലേറെ രൂപ എണ്ണിക്കഴിഞ്ഞു. വ്യാഴാഴ്ച തുടങ്ങിയ നോട്ടെണ്ണല്‍ തുടരുകയാണ്.
കാണ്‍പൂര്‍ സ്വദേശിയാണ് പീയൂഷ് ജെയിന്. ഇയാള്‍ക്ക് അവിടെയും കനൗജ്, മുംബൈ, ഗുജറാത്ത് തുടങ്ങിയ പലയിടങ്ങളിലായി സുഗന്ധ വ്യാപാരശാലകളും പെട്രോള്‍ പമ്പുകളും ഇതര വ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഇയാളുടെ വീടുകളിലും പെട്രോള്‍ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും കോള്‍ഡ് സ്റ്റോറേജുകളിലും എല്ലാം റെയ്ഡ് നടക്കുകയാണ്. ആദായ നികുതി വകുപ്പിനൊപ്പം ചരക്ക് സേവന നികുതി ഇന്റലിജന്‍സും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വ്യാജ ഇന്‍വോയ്സുകള്‍ ഉണ്ടാക്കി വലിയ തോതില്‍ നികുതി വെട്ടിച്ച് ചരക്ക് കടത്തുന്നതായി ജിഎസ്ടി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇവരുടെ റെയ്ഡ്.
വ്യാജ കമ്പനികള്‍ വഴിയാണ് ഇയാള്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതെന്നാണ് സൂചന. കനൗജില ചിപ്പട്ടിയാണ് ഇയാളുടെ ജന്മനാട്. അവിടെയും വീടും പെര്‍ഫ്യൂം ഫാക്ടറിയും കോള്‍ഡ് സ്റ്റോറേജും പെട്രോള്‍ പമ്പും ഇയാള്‍ക്കുണ്ട്. മുംബൈയിലാണ് ഓഫീസിന്റെ ആസ്ഥാനവും പ്രധാ ന ഷോറൂമുകളും. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം നാല്‍പ്പതിലേറെ കമ്പനികള്‍ ഇയാള്‍ക്കുണ്ടെന്നാണ് സൂചന.
വായ്പ്പാത്തട്ടിപ്പും ഇയാള്‍ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് അവയുടെ പേരില്‍ വലിയ തുകകള്‍ ബാങ്കുകളില്‍ നിന്ന് വായ്പ്പ എടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ വിദേശ സാമ്പത്തിക ഇടപാടുകളും ഇയാള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ഇയാള്‍ സമാജ്വാദി പാര്‍ട്ടിക്കു വേണ്ടി അത്തര്‍ പുറത്തിറക്കി സൗജന്യമായി വിതരണം ചെയ്തിരുന്നു. സമാജ്വാദി അത്തര്‍ എന്നായിരുന്നു പേര്.
കുത്തി നിറച്ച് നോട്ടുകെട്ടുകള്‍ കള്ളപ്പണക്കാര്‍ പലപ്പോഴും ബിനാമിയായും ലോക്കറുകളിലും മറ്റുമാണ് പണം സൂക്ഷിക്കുക. എന്നാല്‍ പീയൂഷ് ജെയിനിന്റെ വീടുകളിലും ഓഫീസുകളിലും മറ്റുമുള്ള വലിയ അലമാരകളിലും പെട്ടികളിലും നോട്ടുകെട്ടുകള്‍ അടുക്കി കുത്തിനിറച്ചിരിക്കുകയായിരുന്നു. റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ ഇത് കണ്ട് അമ്പരന്നു. നോട്ടുകെട്ടുകള്‍ തരം തിരിച്ച് പുറത്തെത്തിച്ച് നോട്ടെണ്ണല്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് അവ എണ്ണുന്നത്. വ്യാഴാഴ്ച തുടങ്ങിയ എണ്ണല്‍ ഇന്നലെ വൈകിയും പൂര്‍ത്തീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: