ലുധിയാന: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്ഭജന് പ്രഖ്യാപിച്ചു. ഇതോടെ ഐപിഎല്ലിലും ഇനി ഭാജിയുടെ സ്പിന്‍ മാജിക് കാണാനാകില്ല. 23 വര്‍ഷത്തെ തിളക്കമാര്‍ന്ന കരിയറിനാണ് തിരശീല വീണത്.
എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടാകും. ജീവിതത്തില്‍ എനിക്ക് എല്ലാം സമ്മാനിച്ച ക്രിക്കറ്റിനോട് ഞാന്‍ വിടപറയുകയാണ്. ഇരുപത്തിമൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് യാത്രയില്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദിയെന്ന് ഹര്ഭജന് ട്വീറ്ററില്‍ കുറിച്ചു.
നാല്‍പ്പത്തിയൊന്നുകാരനായ ഹര്ഭജന് 103 ടെസ്റ്റുകളില്‍ 417 വിക്കറ്റുകള്‍ നേടി. 236 ഏകദിനങ്ങളില്‍ 269 വിക്കറ്റുകളും 28 ടി 20 മത്സരങ്ങളില്‍ 25 വിക്കറ്റുകളും പോക്കറ്റിലാക്കി. ഐപിഎല്ലില്‍ പതിമൂന്ന് സീസണുകളില്‍ കളിച്ചു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്കായി പന്തെറിഞ്ഞു. 163 ഐപിഎല്‍ മത്സരങ്ങളില്‍ 150 വിക്കറ്റുകള്‍ വീഴ്ത്തി.
1998 ല്‍ ഷാര്‍ജയില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തിലാണ് ഭാജി എന്ന് അറിയപ്പെടുന്ന ഹര്ഭജന് സിങ് അരങ്ങേറ്റം കുറിച്ചത്. 2016 മാര്‍ച്ചില്‍ ധാക്കയില്‍ യുഎഇക്കെതിരായ ടി 20 യിലാണ് അവസാനമായി രാജ്യത്തെ പ്രതിനിധാനം ചെയ്തത്. 2007 ല്‍ ടി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.
2001 ല്‍ ഓസ്ട്രേലയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹര്ഭജന് മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഈ പരമ്പരയില്‍ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഹാട്രിക്കും നേടി. ഇതോടെ ടെസ്റ്റില്‍ ഹാട്രിക്ക് കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: