കൊല്ലം: സംസ്ഥാനത്ത് ക്രിമിനല്‍സംഘങ്ങള്‍ ശക്തമായ ജില്ല തിരിച്ചുള്ള പട്ടികയില്‍ മുന്നില്‍ കൊല്ലം ജില്ലയും. സംസ്ഥാന പോലീസ് മേധാവി പുറത്തുവിട്ട പട്ടികയിലാണ് ക്രിമിനലുകള്‍ പിടിമുറുക്കിയ പട്ടികയില്‍ കൊല്ലവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ വിരുദ്ധരെ അമര്‍ച്ച ചെയ്യാന്‍ ആരംഭിച്ച ഓപ്പറേഷന് കാവല്‍ പദ്ധതിയില്‍ ശക്തമായ നടപടിയുമായി മുന്നോട് പോകാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കും റൂറല്‍ എസ്പിക്കും ഡിജിപി നിര്‍ദേശം നല്കി.
സാമൂഹ്യ വിരുദ്ധരെ ലക്ഷ്യമിട്ട് വരുന്ന രണ്ടാഴ്ചക്കാലയളവിലേക്കാണ് പദ്ധതി നടപ്പിലാക്കേണ്ടത്. പൊതു സമാധാനം ഉറപ്പ് വരുത്തുന്നതിലേക്ക് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതിനകം 75 ഓളം ക്രിമിനലുകളെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നും പിടികൂടി. മയക്കു മരുന്ന് വിതരണം ചെയ്യുന്ന സാമൂഹ്യ വിരുദ്ധരായ നാല് പേരും പിടികൂടിയതില്‍ പെടും. ഇവരില്‍ നിന്നും കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൂന്നു വാഹനങ്ങളും രണ്ട് ആയുധങ്ങളും പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 895 പേരുടെ വിവരങ്ങള്‍ തയ്യാറാക്കി വരും ദിവസങ്ങളില്‍ ഇവരെ സൂക്ഷ്മ നിരീക്ഷണം നടത്തുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികളുടെ ഭാഗമായി ജില്ലയില്‍ 582 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമം സ്വീകരിച്ചിട്ടുണ്ടെന്നും കാപ്പ പ്രകാരം ഈ വര്‍ഷം ഒന്‍പതു പേരെ വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും പ്രത്യേകിച്ച് മയക്ക് മരുന്ന് വിപണനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പരിശോധനയ്ക്ക് പോലീസ് സ്നിഫര്‍ ഡോഗുകളുടെ സേവനം ഉപയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
കൊല്ലം റൂറല്‍ എസ്പിയും ഓപ്പറേഷന് കാവല്‍ പദ്ധതിയുടെ ഭാഗമായി നടപടിക്ക് സബ്ഡിവിഷനുകള്ക്കു നിര്‍ദേശം നല്കി കഴിഞ്ഞു. എന്നാല്‍ സബ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള പോലീസ് സ്റ്റേനുകള്‍ എസ്പിയുടെ ഉത്തരവിന് അനുസരിച്ച് നടപടി ശക്തമാക്കുന്നില്ലന്ന് ആക്ഷേപമുണ്ട്. എല്‍പി കേസുകളില്‍ വാറന്റായ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ കൂടുതലും നടക്കുന്നത്. ഇതില്‍ അധികവും രാഷ്ട്രീയ കേസുകളിലെ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: