തിരുവല്ല: രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷച്ച പകുതിയിലേറെ പേര് അന്തിമപട്ടികയില്‍ നിന്ന് പുറത്താകും.തദ്ദേശ സ്വയംഭരണ വകുപ്പും കൃഷിവകുപ്പും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതാണ് കാരണം.
അപേക്ഷകളുടെ പരിശോധനയ്ക്ക് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവില്ലാതെ സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍. കൃഷി അസിസ്റ്റന്റുമാരെയാണ് ഇതിലേയ്ക്കായി പ്രധാനമായും നിയോഗിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് വകുപ്പിലെ ഉന്നതരും പിന്തുണ നല്‍കിയതോടെ ലൈഫ് ഭവന പദ്ധതി അപേക്ഷകളുടെ പരിശോധന അവതാളത്തിലായി. ജില്ലയില്‍ 26,000 ത്തോളം അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ തന്നെ പകുതിയോളം അപേക്ഷകളുടെ പരിശോധന നടന്നിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തിലാണ് അപേക്ഷകളുടെ പരിശോധനയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ട് നല്കിയ കൃഷിവകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇതുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കൃഷിവകുപ്പ് ജീവനക്കാര്‍. ജീവനക്കാരുടെ വിവിധ യൂണിയനുകളും ഇതിന് പിന്തുണ നല്കി. ഇതോടെ വെട്ടിലായത് പാവപ്പെട്ട ഗുണഭോക്താക്കളാണ്.
സംസ്ഥാനത്ത് ലഭിച്ച 9.17 ലക്ഷം അപേക്ഷകളില്‍ 2.75 ലക്ഷം പേര് ഭൂരഹിത,ഭവന രഹിതരാണ്.ഇവരില്‍ നല്ലൊരു പങ്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.ഉദ്യോഗസ്ഥ ചക്കളത്തി പോരാട്ടം മൂലം ലൈഫില്‍ വീട് പ്രതീക്ഷിച്ചവര്‍ അങ്കലാപ്പിലായി.പല പഞ്ചായത്തുകളിലും പരിശോധന പാതി വഴിയിലാണ്.കവിയൂര്‍ പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളില്‍ അപേക്ഷകളുടെ പരിശോധന നടന്നിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: