തിരുവനന്തപുരം: സര്‍ക്കാരിന്റെ വിഹിതം നല്‍കാതെ നടപ്പിലാക്കുന്ന മെഡിസെപ്പിനെ സര്‍ക്കാര്‍ പദ്ധതിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫെറോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍. മെഡിസെപ്പിന്റെ പേരില്‍ അവകാശവാദമുന്നയിക്കാന്‍ സര്‍ക്കാരിന് ധാര്‍മ്മിക അവകാശം ഇല്ല. മെഡിസെപ്പില്‍ സര്‍ക്കാര്‍ കാണിച്ച വഞ്ചനയ്ക്കെതിരെ ഫെറ്റോ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെല്ലാം അതാത് സര്‍ക്കാരുകളുടെ വിഹിതം കൂടി നല്‍കിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കേരളത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ ഏകപക്ഷീയമായി പദ്ധതി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ വിഹിതം കൂടി നല്കി 5 ലക്ഷം രൂപയുടെ വാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിയായി മെഡിസെപ്പ് നടപ്പിലാക്കണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് അദ്ധ്യക്ഷത വഹിച്ചു. പിഎസ്സി എംപ്ലോയീസ് സംഘം ജനറല്‍ സെക്രട്ടറി ആര്.ഹരികൃഷ്ണന്, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.മനു സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് വൈസ് പ്രസിഡന്റ് ടി.ഐ.അജയകുമാര്‍, ഗവ.പ്രസ് ജനറല്‍ സെക്രട്ടറി ജയപ്രസാദ്, എസ്.വിനോദ് കുമാര്‍, രതീഷ് ആര്.നായര്‍, പാക്കോട് ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: